ടൈറ്റന്‍ ഏറ്റുപറഞ്ഞത്...

ഒരു മാസത്തോളമായി ലോകശ്രദ്ധയുടെ ഒരു ഭാഗം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലായിരുന്നു. അവിടെ 110 വര്‍ഷങ്ങള്‍ക്കു മുമ്പ് തകര്‍ന്നാണ്ടുപോയ ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണുവാന്‍ വേണ്ടി ഒരു ജലപേടകത്തില്‍ യാത്ര തിരിച്ച അഞ്ചു സാഹസിക സഞ്ചാരികളുടെ സഞ്ചാരവും തിരോധാനവുമായിരുന്നു ശ്രദ്ധാകേന്ദ്രം. ലോക ചലനങ്ങള്‍ ശ്രദ്ധിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരുടെ ശ്വാസങ്ങളെ പിടിച്ചുനിര്‍ത്തിയ സംഭവങ്ങളായിരുന്നു ഉണ്ടായതെല്ലാം. കഴിഞ്ഞ ജൂണ്‍ 16നാണ് അഞ്ച് പേരുമായി പോയ അന്തര്‍വാഹിനി കാണാതായത്. ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ ടൂറിസ്റ്റ് അന്തര്‍വാഹിനിയായ ടൈറ്റന്‍ സബ്‌മെര്‍സിബിളിലായിരുന്നു അവര്‍ അറ്റ്‌ലാന്റിക്കിലേക്ക് ഊൡിട്ടത്. ഒരു കനേഡിയന്‍ കപ്പലിലായിരുന്നു മുങ്ങേണ്ട പോയിന്റ് വരെ സഞ്ചാരം. അവിടെയെത്തി മുങ്ങി ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോള്‍ സപ്പോര്‍ട്ട് കപ്പലായ കനേഡിയന്‍ റിസര്‍ച്ച് ഐസ് ബ്രേക്കര്‍ പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കാനഡയിലെ ന്യൂഫൗണ്ട് ലാന്‍ഡില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ വെച്ചാണ് മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായത്. ബ്രിട്ടിഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ഫ്രഞ്ച് സ്‌കൂബാ ഡൈവര്‍ പോള്‍ ഹെന്റി, പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകന്‍ സുലേമാന്‍, പേടകത്തിന്റെ ഉടമസ്ഥനായ സ്‌റ്റോക് ടണ്‍റഷ് എന്നിവരായിരുന്നു സാഹസികര്‍. 12,500 അടി വെള്ളത്തിനടിയിലുള്ള ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണുവാനായിരുന്നു സാഹസികമായ ഈ യാത്ര. ഇന്നും ഒരു പഠനമാണ് ടൈറ്റാനിക്. ടൈറ്റാനിക് എന്ന ഭീമന്‍ കപ്പല്‍ തകര്‍ന്നത് എങ്ങനെയാണെന്നത് പരിപൂര്‍ണ്ണമായ ഒരു ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യമാണ്. ഒരിക്കലും തകരുകയോ മുങ്ങുകയോ ചെയ്യില്ല എന്ന പ്രഖ്യാപനത്തോടെ ആയിരുന്നു ടൈറ്റാനിക് നീറ്റിലിറക്കിയത്. 1909 മാര്‍ച്ച് 31ന് ആരംഭിച്ച ടൈറ്റാനിക്കിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ നാല് വര്‍ഷമെടുത്തതാണ്. വടക്കേ അയര്‍ലന്‍ഡിലെ ഹര്‍ലാന്‍ഡ് ആന്‍ഡ് വോള്‍ഫ് എന്ന കപ്പല്‍ശാലയിലാണ് അതു നിര്‍മ്മിക്കപ്പെട്ടത്. ഏതാണ്ട് 7.5 ദശലക്ഷം യു.എസ് ഡോളറാണ് നിര്‍മ്മാണച്ചെലവ്. എല്ലാ അത്യന്താധുനിക സൗകര്യങ്ങളും കപ്പലിലുണ്ടായിരുന്നു. വെള്ളം കടക്കാത്ത പതിനാറ് അറകള്‍, കൂടാതെ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുള്ള ഒരു ജലകൊട്ടാരമായിരുന്നു അത്. 1912 ഏപ്രില്‍ 10നായിരുന്നു ടൈറ്റാനിക്കിന്റെ യാത്രയുടെ തുടക്കം. മൂന്നു ക്ലാസ്സുകളിലായി 2500 യാത്രക്കാരെയും ആയിരത്തോളം ജോലിക്കാരെയും വഹിച്ച് തുടങ്ങിയ ആ യാത്ര ലോകത്തെ നടുക്കിയ എക്കാലത്തെയും വലിയ ദുരന്തത്തിലേക്കായിരുന്നു. ആ ഭീമന്‍ കപ്പല്‍ 1912 ഏപ്രില്‍ 14ന് രാത്രി ഒരു മഞ്ഞു മലയില്‍ ചെന്നിടിക്കുകയും ഏപ്രില്‍ 15ന് കപ്പല്‍ മുങ്ങുകയും ആ മഹാദുരന്തത്തില്‍ 1,500ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള ടൈറ്റന്‍ പേടകത്തിന്റെ യാത്രയും ടൈറ്റാനിക്കിന്റേതുപോലെ കണ്ണീരിലേക്കായി. ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ പേടകം തകര്‍ന്നുവെന്നും സഞ്ചാരികള്‍ അഞ്ചു പേരും മരണപ്പെട്ടുവെന്നും തെളിഞ്ഞു. പേടകത്തില്‍ ഇവര്‍ ഇരുന്ന പ്രഷര്‍ ചേംബറിലുണ്ടായ തകരാറിനെ തുടര്‍ന്ന് ഉണ്ടായ ഉള്‍സ്‌ഫോടനമാണ് കാരണമായതെന്നാണ് നിഗമനം. സമുദ്രോപരിതലത്തില്‍നിന്ന് 3.8 കിലോമീറ്റര്‍ ആഴത്തില്‍ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടത്തിനു സമീപമായിരുന്നു സ്‌ഫോടനം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സംഭവം ഉണ്ടാക്കിയ നടുക്കംഅവിടെ നില്‍ക്കട്ടെ, എന്നാല്‍ ഈ സംഭവം ഉണര്‍ത്തുന്ന ചില ചിന്തകളുണ്ട്. അത് സമുദ്രം, അതിന്റെ അടിത്തട്ടിന്റെ വിസ്മയങ്ങള്‍ തുടങ്ങിയവയിലേക്കുള്ള ഖുര്‍ആനിക സൂചനകളാണ്. ഈ ചിന്തകള്‍ തുടങ്ങുന്നത് സമുദ്രം ഒരു ചിന്താവിഷയമാണ് എന്നതില്‍നിന്നാണ്. അല്ലാഹു അവന്റെ കിതാബില്‍ പലയിടത്തും സമുദ്രത്തെ ഒരു ചിന്താവിഷയമായി അവതരിപ്പിക്കുന്നുണ്ട്. പരസ്പരം ചേരാതെ വേറിട്ട സാന്ദ്രതയും ഗുണങ്ങളും കാത്തുസൂക്ഷിക്കുന്ന കടലുകള്‍, സമുദ്രോപരിതലത്തിലെ കപ്പലുകള്‍, തിരമാലകള്‍, മത്സ്യങ്ങള്‍, രത്‌നങ്ങള്‍ തുടങ്ങി കടലുമായി ബന്ധപ്പെട്ട പലതും ഖുര്‍ആനില്‍ പല രൂപത്തിലായി വരുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സമുദ്രാന്തര്‍ഭാഗത്തെ ഇരുട്ട്. ഇത് സാധാരണ ജനങ്ങളുടെ മാത്രമല്ല, ശാസ്ത്രത്തിന്റെ കണ്ണില്‍പോലും കുറേ കാലം മറഞ്ഞു കിടക്കുകയായിരുന്ന വസ്തുതയാണ്. പക്ഷേ, ഈ അടുത്ത കാലത്ത് ഓഷ്യനോളജി ശാസ്ത്രജ്ഞര്‍ ഇതു ശരിയാണെന്ന് സ്ഥിരീകരിക്കുകയുണ്ടായി. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി പ്രൊഫസറും സമുദ്ര ശാസ്ത്ര രംഗത്തെ അതികായനുമായ പ്രൊഫ. ദുര്‍ഗ റാവുവിനോട് ഒരിക്കല്‍ അദ്ദേഹം വിശുദ്ധ ഖുര്‍ആനിലെ ഈ കാര്യം പറയുന്ന ആയത്തിനെ കുറിച്ച് ചോദിക്കപ്പെട്ടു. ആ ആയത്ത് ഇതാണ്: 'അല്ലെങ്കില്‍, ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ). തിരമാല അതിനെ പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനുമീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുന്നില്ല. അല്ലാഹു ആരെത്തൊട്ട് പ്രകാശം തടഞ്ഞുവോ അവര്‍ക്ക് വെളിച്ചം ലഭിക്കുന്നതല്ല.' (സൂറത്തുന്നൂര്‍:40). പ്രൊഫ. റാവു ഉത്തരം പറഞ്ഞത് ഇങ്ങനെയാണ്: 'വികസിച്ച ഉപകരണങ്ങളുടെ സഹായത്തോടെ ആധുനിക ശാസ്ത്രത്തിനു മാത്രമേ സമുദ്രഗര്‍ഭത്തിലെ ഇരുട്ടിനെ മനസ്സിലാക്കാനാവുകയുള്ളൂ. കാരണം, പരസഹായമില്ലാതെ ഒരു മനുഷ്യന് 2030 മീറ്ററുകളെക്കാള്‍ കൂടുതല്‍ ആഴത്തില്‍ ഊളിയിടുക സാധ്യമല്ല. 200 മീറ്ററിലധികം സമുദ്രാഴിയില്‍ ചുറ്റിക്കറങ്ങാനും കഴിയില്ല. ഇക്കാര്യത്തില്‍ പറയുവാനുള്ള ഒരു പ്രധാന കാര്യം, ലോകത്തുള്ള എല്ലാ സമുദ്രങ്ങളും ഇരുളടഞ്ഞതല്ല എന്നതാണ്. ഖുര്‍ആന്‍ പറഞ്ഞപോലെ, ആഴമേറിയ കടലുകള്‍ മാത്രമേ ഇവിടെ പ്രതിപാദിക്കപ്പെടുന്നുള്ളൂ. ഇങ്ങനെ ഒന്നിനു മുകളില്‍ ഒന്നായി കട്ടപിടിച്ചു കിടക്കുന്ന സമുദ്രാന്ധകാരത്തിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തേത്, പ്രകാശരശ്മി ഏഴു നിറങ്ങളാല്‍ നിര്‍മിതമാണ്. വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുകപ്പ് (VIBGYOR) എന്നിവയാണവ. പ്രകാശ രശ്മി ജലോപരിതലത്തില്‍ പതിക്കുമ്പോള്‍ അതു വ്യതിയാനത്തിന് വിധേയമാകുന്നു. ജലോപരിതലത്തില്‍നിന്നും പത്തുമുതല്‍ പതിനഞ്ചു വരെ മീറ്റര്‍ മാത്രമേ ചുകപ്പ് നിറം കടന്നുചെല്ലുന്നുള്ളൂ. അതുകൊണ്ടുതന്നെ, ഒരു നീന്തല്‍ക്കാരന് 25 മീറ്റര്‍ അടിയില്‍നിന്നും മുറിവ് പറ്റിയാല്‍ ചുവന്ന രക്തം കാണുക അവന് സാധ്യമല്ല. കാരണം, ഇത്രമാത്രം താഴ്ച്ചയിലേക്ക് ചുവന്ന പ്രകാശരശ്മി കടന്നുവരുന്നില്ല. അതേസമയം, ഓറഞ്ചു നിറത്തിലുള്ള പ്രകാശരശ്മി 30 മുതല്‍ 50 മീറ്റര്‍ വരെയും മഞ്ഞ 50 മുതല്‍ 100 മീറ്റര്‍ വരെയും പച്ച 100 മുതല്‍ 200 മീറ്റര്‍ വരെയും നീല 200 മീറ്ററുകള്‍ക്കപ്പുറവും വയലറ്റും ഇന്‍ഡിഗോയും അതിലപ്പുറവും കടന്നെത്തുന്നു. പാളികള്‍ക്കനുസരിച്ച് ഓരോന്നില്‍നിന്നും ഓരോ പ്രകാശം അപ്രത്യക്ഷമാകുമ്പോള്‍ അവിടെ ഇരുളടയുകയാണ്. അതനുസരിച്ച് ആയിരം മീറ്ററുകള്‍ക്കു താഴെ അതിശ്ശക്തമായ അന്ധകാരമായിരിക്കും. രണ്ടാമത്തെ കാരണം, മേഘ പാളികള്‍ സൂര്യരശ്മിയെ ആഗിരണം ചെയ്യുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്നു. അപ്പോള്‍ മേഘത്തിനു താഴെ ഒരു ഇരുട്ട് ദൃശ്യമാകുന്നു. ഇതാണ് അന്ധകാരത്തിന്റെ പ്രഥമ പാളി. പ്രകാശം സമുദ്രോപരിതലത്തിലെത്തുമ്പോള്‍ തിരമാലയില്‍ തട്ടി അതു പ്രതിഫലിക്കുന്നു. ഇവിടെയും ഒരുതരം ഇരുട്ട് വന്നുപെടുന്നുണ്ട്. പ്രതിഫിലിക്കപ്പെടാത്ത പ്രകാശരശ്മി ആഴിയുടെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്. അതുകൊണ്ടുതന്നെ സമുദ്രത്തിന് പ്രധാനമായും രണ്ടു ഭാഗമുള്ളതായി നമുക്ക് കണ്ടെത്താനാവും. ചൂടും വെളിച്ചവും ഇഴുകിച്ചേര്‍ന്ന ഉപരിതലം, അന്ധകാരം മുറ്റിയ അടിത്തട്ട് എന്നിവയാണവ. തിരമാലയുടെ അടിസ്ഥാനത്തില്‍ ആഴിയിലേക്കു ചേര്‍ത്തിനോക്കുമ്പോള്‍ ഉപരിതലം മറ്റൊന്നായിത്തന്നെ കാണാവുന്നതാണ്. ഉപരിതലത്തെക്കാള്‍ സാന്ദ്രതയുള്ളതിനാല്‍ തന്നെ സമുദ്രത്തിന്റെ ആന്തരികതല ജലം മറ്റു തലങ്ങളെ കവച്ചുവെക്കുന്നു. തിരമാലകള്‍ക്കിടയില്‍നിന്നുതന്നെ ഇരുട്ട് തുടങ്ങുന്നുണ്ട്. സമുദ്രാഴിയിലൂടെ നീന്തിത്തുടിക്കുന്ന മത്സ്യത്തിനു പോലും ഒന്നും കാണാനാവില്ല. അവയുടെ ശരീരം തന്നെ പ്രകാശസ്രോതസ്സുകളായി മാറുന്നതുകൊണ്ടാണ് അവയ്ക്ക് കാണാന്‍ സാധിക്കുന്നത്. ആഴക്കടലിലെ ഇരുട്ട്, അതിനു മീതെ തിരമാല, അതിനു മീതെ വീണ്ടും തിരമാല എന്ന് ഖുര്‍ആന്‍ വ്യക്തമായിത്തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. വ്യത്യസ്ത തലങ്ങളില്‍ വിവിധ വര്‍ണവെളിച്ചങ്ങള്‍ ആഗിരണംചെയ്യപ്പെടുമ്പോള്‍ അവിടെ ഇരുട്ടു മാത്രമേ ശേഷിക്കുന്നുള്ളൂ. ഡോ. ദുര്‍ഗ റാവു തന്റെ സംസാരം ഇങ്ങനെ അവസാനിപ്പിക്കുന്നു: 'ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പ്രതിഭാസം ഇത്രമാത്രം വിശദമായി പഠിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു അതീന്ദ്രിയ ശക്തി അത് അറിയിച്ചുനല്‍കി എന്നല്ലാതെ ഖുര്‍ആനിലെ ഈ പരാമര്‍ശത്തെ കുറിച്ച് പറയാന്‍ കഴിയില്ല. നമ്മുടെ ചര്‍ച്ച ഇങ്ങനെ കയറിയിറങ്ങിപ്പോയത് ഈ ദുരന്തത്തെ തുടര്‍ന്ന് ടൈറ്റാനിക് വിദഗ്ധന്‍ ടിം മാള്‍ട്ടിണ്‍ കഴിഞ്ഞ ദിവസം ഒരു പ്രമുഖ അന്തര്‍ദേശീയ മാധ്യമത്തിലൂടെ നടത്തിയ വിവരണത്തിലെ ഒരു വാചകം പറയുവാനാണ്. അദ്ദേഹം പറഞ്ഞു: 'അവിടെ കൂരിരുട്ടാണ്. സ്വന്തം കൈ മുഖത്തിനു നേരെ പിടിച്ചാല്‍ അതുപോലും കാണാന്‍ കഴിയാത്ത കൂരിരുട്ട്.' ഖുര്‍ആന്‍ പറഞ്ഞത് അതേപടി പറയുകയായിരുന്നു ടിം മാള്‍ട്ടിന്‍. ഖുര്‍ആന്‍ അതിന്റെ അമാനുഷിക അത്ഭുതങ്ങളെ ഇങ്ങനെ ഇടക്കിടക്ക് പുറത്തേക്ക് ഇട്ടുകൊണ്ടിരിക്കും. അതും വിശുദ്ധ ഖുര്‍ആന്റെ ഒരു സവിശേഷതയാണ്.