Sunni Afkaar Weekly

Pages

Search

Search Previous Issue

പരന്നതോ ഉരുണ്ടതോ ഖുര്‍ആനിലെ ഭൂമി?

ടി.എച്ച്. ദാരിമി
പരന്നതോ ഉരുണ്ടതോ ഖുര്‍ആനിലെ ഭൂമി?

വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലം അറിവും ശാസ്ത്രവും ഒട്ടും വികാസംപ്രാപിച്ച കാലമല്ലായിരുന്നു. അതിനാല്‍, ഖുര്‍ആനിന് നേരിടേണ്ടിവന്നത് പ്രധാനമായും പരിഹാസം, അന്ധമായ നിരാകരണം തുടങ്ങിയവയായിരുന്നു. അതിനുതന്നെ അന്നത്തെ മക്കക്കാര്‍ കാര്യമായി മുതിര്‍ന്നിരുന്നില്ല എന്നാണ് ചരിത്രാനുഭവം. പരിഹസിക്കുവാനും വിയോജിക്കുവാനും എല്ലാം അല്പമെങ്കിലും ഉള്ളടക്കത്തെ കുറിച്ചുള്ള അറിവോ ധാരണയോ വേണ്ടതുണ്ടല്ലോ. അതൊന്നുമില്ലാത്തതിനാല്‍ അവര്‍ ജനങ്ങള്‍ ഖുര്‍ആന്‍ കേള്‍ക്കുവാന്‍ ഇടവരുന്നത് തടയുകയായിരുന്നു പ്രധാനമായും ചെയ്തിരുന്നത് എന്നാണ് ചരിത്രം. വിദേശികളായ ആരെങ്കിലും മക്കയില്‍ വന്നാല്‍ അവര്‍ മുഹമ്മദിന്റെ വചനങ്ങള്‍ കേള്‍ക്കുന്നത് സൂക്ഷിക്കണമെന്ന് താക്കീത് ചെയ്യുമായിരുന്നു. എന്നാല്‍, ഇന്നത്തെ കാലം ശാസ്ത്രവും അറിവും മറ്റു സാംസ്‌കാരിക അംശങ്ങളും എല്ലാം വളരുകയും വികാസംപ്രാപിക്കുകയും ചെയ്ത കാലമാണ്. അതിനാല്‍, ഇപ്പോഴുള്ള എതിര്‍പ്പുകളും വെല്ലുവിളികളുമെല്ലാം അറിവിനെയും ശാസ്ത്രത്തെയും മുന്നില്‍വെച്ചുകൊണ്ടാണ്. ഇത് ഇങ്ങനെ പറയുന്നത്, പുതിയ കാലഘട്ടത്തില്‍ ഇസ്‌ലാമിനും അതിന്റെ മൂലപ്രമാണമായ വിശുദ്ധ ഖുര്‍ആനിനുമെതിരേ യുക്തിയെയും ശാസ്ത്രത്തെയും കൂട്ടുപിടിച്ചുകൊണ്ട് ചില വിരോധികള്‍ നടത്തുന്ന നീക്കങ്ങളെ പുതിയ ഒന്നായി നാം കാണുകയോ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ആശ്വസിപ്പിക്കുവാനാണ്. ഓരോ കാലഘട്ടവും ആ കാലഘട്ടത്തിന്റെ വികാസങ്ങള്‍ ഉപയോഗപ്പെടുത്തി ഇങ്ങനെ എന്നും ചെയ്തിട്ടുണ്ട്. അന്നൊന്നും അന്നത്തെ വികാസത്തിനു മുന്‍പില്‍ പതറിയില്ലാത്ത ഖുര്‍ആന്‍ ഇന്നും ഇപ്പോള്‍ നേരിടുന്ന അപവാദങ്ങളെ കുറിച്ചും അവയുടെ മുമ്പിലും പതറുകയില്ല. കാരണം, ഇതു സത്യമായും അല്ലാഹുവിന്റെ കലാം തന്നെയാണ്. അതു പ്രപഞ്ചത്തെയും മനുഷ്യനെയും ഇതിനെയെല്ലാം നിയന്ത്രിക്കുന്നുവെന്ന് അഹങ്കരിക്കുന്ന മനുഷ്യന്റെ ബുദ്ധിയെ തന്നെയും പടച്ച റബ്ബിന്റെ സൃഷ്ടിപ്പും ആവിഷ്‌കാരവുമാണ്. ആധുനിക കാലത്ത് ചിലര്‍ വിശുദ്ധ ഖുര്‍ആനിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭൂമിയെ കുറിച്ചുള്ള ഖുര്‍ആന്റെ സമീപനം. നിലവില്‍ ഭൗതികശാസ്ത്രം പറയുന്നതും പഠിപ്പിക്കുന്നതും ഭൂമി ഉരുണ്ടതാണ് എന്നാണ്. എന്നാല്‍, വിശുദ്ധ ഖുര്‍ആന്‍ അതിനു വിരുദ്ധമായി ഭൂമി പരന്നതാണ് എന്നാണ് പറയുന്നത് എന്ന് തുള്ളിച്ചാടിക്കൊണ്ട് പലരും അവതരിപ്പിക്കുന്നതു കാണാം. ഇത് ഒന്നാമതായി അറിവില്ലായ്മ കൊണ്ട് ഉണ്ടാകുന്നതാണ്. മറ്റൊന്ന് അന്ധമായ വിരോധം കാരണത്താല്‍ ചിന്താശക്തി മുരടിച്ചുപോയതിന്റെ ഫലവുമാണ്. ആ ചര്‍ച്ചയിലേക്ക് കടക്കുന്നതിനു മുമ്പ് ഭൂമിയുടെ ഘടനയെ കുറിച്ച് ഈ പ്രപഞ്ചത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള കാഴ്ചപ്പാടുകളിലൂടെ ഒന്ന് കയറിയിറങ്ങി വരാം. പ്രാചീന ഗ്രീക്കുകാരാണ് 2,500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമി ഉരുണ്ടതാണ് തിരിച്ചറിഞ്ഞത്. ഭൂമി എന്തുകൊണ്ട് ഉരുണ്ടതാണെന്ന് പൈതഗോറസ് 500 B.C.യില്‍ സൂചന നല്‍കിയിട്ടുണ്ട്. ചന്ദ്രന്‍ ഉരുണ്ടതാണെന്ന് ആദ്യം അദ്ദേഹം നിരീക്ഷിച്ചു. ഭൂമിയും അതുപോലെ ഉരുണ്ടതായിരിക്കണമെന്ന് അദ്ദേഹം തുടര്‍ന്ന് അനുമാനിക്കുകയായിരുന്നു. ഭൂമി ഉരുണ്ടതാണെന്നതിന്റെ ഭൗതികമായ തെളിവുകള്‍ നൂറ്റമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം അരിസ്റ്റോട്ടില്‍ മുന്നോട്ടുവെച്ചു. അതിനും അനുമാനങ്ങളായിരുന്നു ആശ്രയം. ഭൂമിയുടെ ഗോളാകൃതിയെ കുറിച്ച് അദ്ദേഹം മൂന്ന് ശാസ്ത്രീയ തെളിവുകള്‍ നല്‍കി. ഒന്നാമതായി, ചന്ദ്രഗ്രഹണ സമയത്ത്, ചന്ദ്രനില്‍ ഭൂമി പതിക്കുന്ന നിഴലിന്റെ അറ്റം എല്ലായ്‌പ്പോഴും ഒരു വൃത്തത്തിന്റെ ഒരു കമാനമാണ്. കൂടാതെ, പ്രകാശ സ്രോതസ്സിന്റെ ഏത് സ്ഥാനത്തും ദിശയിലും അത്തരമൊരു നിഴല്‍ നല്‍കാന്‍ കഴിവുള്ള ഒരേയൊരു ശരീരം ഒരു പന്താണ്. രണ്ടാമതായി, നിരീക്ഷകനില്‍നിന്ന് കടലിലേക്ക് നീങ്ങുന്ന കപ്പലുകള്‍ ക്രമേണ കാഴ്ചയില്‍നിന്ന് നഷ്ടപ്പെടുന്നില്ല. വളരെ ദൂരം, എന്നാല്‍ ഏതാണ്ട് തല്‍ക്ഷണം, അതുപോലെ, സിങ്ക്, ചക്രവാള രേഖയ്ക്കപ്പുറം അപ്രത്യക്ഷമാകുന്നു. മൂന്നാമതായി, ചില നക്ഷത്രങ്ങളെ ഭൂമിയുടെ ചില ഭാഗങ്ങളില്‍നിന്നു മാത്രമേ കാണാന്‍ കഴിയൂ. മറ്റു നിരീക്ഷകര്‍ക്ക് അവ ഒരിക്കലും ദൃശ്യമാകില്ല. അരിസ്റ്റോട്ടിലിന് നൂറ് വര്‍ഷങ്ങള്‍ക്കു ശേഷം പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ ഇറാതോസ്തനീസ് ആദ്യമായി ഭൂമിയുടെ ചുറ്റളവിനെ കുറിച്ചുള്ള ശാസ്ത്രീയമായ കണക്കുകള്‍ നല്‍കി. അതും ഭൂമിയുടെ വൃത്താകൃതി തെളിയിക്കുന്നു. ലളിതമായ നിരീക്ഷണങ്ങളില്‍ നിന്നു തന്നെ ഭൂമിയുടെ ആകൃതി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയതാണ് എന്നു ചുരുക്കം. അതിനെ പിന്തുണക്കുന്ന ധാരാളം തെളിവുകള്‍ പിന്നീട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഭൂഗുരുത്വം, സമയമേഖലകള്‍, ജിപി എസ്, ആകാശയാത്ര, സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളുടെ ടെലസ്‌കോപ്പ് ചിത്രങ്ങള്‍, ഇതെല്ലാം ഭൂമി ഉരുണ്ടതാണെന്നു വ്യക്തമാക്കുന്നു. മറുവശത്ത് ഭൂമി പരന്നതാെണന്ന വാദം മുമ്പ് ശക്തമോ വ്യവസ്ഥാപിതമോ ഒന്നുമായിരുന്നില്ല. പക്ഷേ, ഇപ്പോഴത്തെ അവസ്ഥ മാറിയിരിക്കുന്നു. ഇപ്പോള്‍ ഭൂമി പരന്നതാെണന്ന വാദത്തിനു വേണ്ടി മാത്രം നിലനില്‍ക്കുന്ന ഒരു വലിയ സൊസൈറ്റി തന്നെയുണ്ട്. ഫ്‌ലാറ്റ് എര്‍ത്ത് സൊസൈറ്റി എന്നാണ് അതറിയപ്പെടുന്നത്. 1956ല്‍ ആരംഭിച്ച ഫ്‌ലാറ്റ് എര്‍ത്ത് സൊസൈറ്റിക്ക് സാമുവല്‍ ഷെന്റണ്‍ എന്നയാളാണ് തുടക്കമിട്ടത്. സോവിയറ്റ് യൂനിയനും നാസയുമൊക്കെ ബഹിരാകാശ ഗവേഷണത്തില്‍ നിര്‍ണായക ചുവടുകള്‍ വയ്ക്കുന്ന കാലത്ത് ആ നേട്ടങ്ങളൊക്കെയും ഭൂമി പരന്നതാണെന്ന വാദത്തിനു ബലം കൂട്ടാനായി ഉപയോഗിച്ചാണ് സൊസൈറ്റി ആളെപ്പിടിച്ചത്. അത് അനുകൂലവും പ്രതികൂലവുമായ വാദങ്ങളും പ്രതിവാദങ്ങളുമായി നില്‍ക്കുകയാണ്. അതവിടെ നില്‍ക്കട്ടെ, ഇവിടെ നമ്മുടെ ചര്‍ച്ച അതല്ല. ഖുര്‍ആനില്‍ അബദ്ധങ്ങളുണ്ടെന്നും അതിനാല്‍ അതു ദൈവികമല്ലെന്നും വരുത്തിതീര്‍ക്കുന്നതിനായി വിമര്‍ശകര്‍ ഉന്നയിക്കുന്ന ഖുര്‍ആനിലെ ഭൂമി പരന്നതാണ് എന്ന വാദമാണ് ഇവിടെ ചര്‍ച്ച. ഇതിനായി വിമര്‍ശകര്‍ തെളിവുകളായി ഉദ്ധരിക്കുന്നത് വിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകളെയാണ്. അവ ആദ്യം പരിശോധിക്കാം. അല്ലാഹു പറയുന്നു: നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അതു മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചുതരികയും ചെയ്ത (നാഥനെ). അതിനാല്‍, (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്. (സൂറത്തുല്‍ അല്‍ബഖറ:22). മറ്റൊരിടത്ത് അവര്‍ ചൂണ്ടിക്കാണിക്കുന്നത് ഈ സൂക്തമാണ്: ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അതു വിതാനിച്ചവന്‍ എത്ര നല്ലവന്‍! (സൂറത്തുദ്ദാരിയാത്ത്:48). മറ്റൊരു ആയത്ത് ഇതാണ്: അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. (സൂറത്തുനൂഹ്:19). മറ്റൊരു ആയത്ത് ഇതാണ്: ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്. (സൂറത്തുല്‍ ഗാശിയ:20). ഈ വചനങ്ങളും സമാനമായ മറ്റുചില വചനങ്ങളുമുദ്ധരിച്ചാണ് ഖുര്‍ആനിലെ ഭൂമി പരന്നതാെണന്ന് ഇത്തരക്കാര്‍ വാദിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ ആശയവും സമര്‍ത്ഥനരീതിയും പരിചയമില്ലാത്തതു കാരണമാണ് ഈ അബദ്ധവാദങ്ങള്‍ ഉണ്ടാവുന്നതെന്നു പറയാതെവയ്യ. ശാസ്ത്ര പുസ്തകങ്ങളില്‍ പറയുന്നതുപോലെ ഭൂമി ഉരുണ്ടതാെണന്ന് നേരെ ചൊവ്വേ ഖുര്‍ആന്‍ പറയുന്നില്ല എന്നതാണ് സത്യത്തില്‍ ഇവരുടെ പരിഭവം. അങ്ങനെ പറയുക എന്നത് വിശുദ്ധ ഖുര്‍ആന്റെ ശൈലിയും രീതിയുമല്ല എന്നത് ഇത്തരക്കാര്‍ ശ്രദ്ധിക്കാതെപോയതുകൊണ്ടാണ് ഇത്തരം അബദ്ധങ്ങള്‍ പറയേണ്ടിവരുന്നത്. ഖുര്‍ആന്‍ ഒരു ശാസ്ത്രഗ്രന്ഥമല്ല എന്നാണ് അതിനുള്ള ഉത്തരം. ശാസ്ത്രകാര്യങ്ങള്‍ വിശദീകരിക്കുക അതിന്റെ ലക്ഷ്യവുമല്ല. മതപരമായ കര്‍മ്മകാര്യങ്ങള്‍പോലും ഖുര്‍ആനില്‍ വിശദീകരിച്ചിട്ടില്ല. അഞ്ചു നേരത്തെ നിസ്‌കാരങ്ങളുടെ രൂപം, റക്അത്തുകളുടെ എണ്ണം, നിബന്ധനകള്‍ തുടങ്ങിയവയൊന്നുംതന്നെ ഖുര്‍ആനില്‍ വിശദീകരിച്ചിട്ടില്ല. അത്തരം വിശദീകരണങ്ങള്‍ക്ക് ഹദീസുകളെയും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളെയും ആശ്രയിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്യാറുള്ളത്. അതുകൊണ്ടു തന്നെ ശാസ്ത്രകാര്യങ്ങളോ ചരിത്രങ്ങളോ ഒന്നും വിശദീകരിക്കുക എന്നത് ഖുര്‍ആന്റെ രീതിയല്ല. എന്നാല്‍, വൈജ്ഞാനികമായ ഏതു മാനദണ്ഡമുപയോഗിച്ച് പരിശോധിച്ചാലും പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് അഥവാ, ശാസ്ത്രസാങ്കേതിക രംഗത്ത് ലോകം ഒന്നുമല്ലാതിരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ട ആ ഗ്രന്ഥത്തില്‍ അതിസൂക്ഷ്മമായ ഒരബദ്ധംപോലുമുള്ളതായി വസ്തുനിഷ്ഠമായി തെളിയിക്കാന്‍ ആര്‍ക്കും സാധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതാണ് വിശുദ്ധ ഖുര്‍ആന്റെ കരുത്ത്. അതിനാല്‍, നമ്മള്‍ ഇച്ഛിക്കുന്നതുപോലെ പ്രപഞ്ചത്തിന്റെ ഓരോ ഘടകത്തിന്റെയും പരിപൂര്‍ണ്ണമായ വ്യാഖ്യാനം വിശദീകരണം എന്നിവ നല്‍കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, ഖുര്‍ആന്‍ ചിലതു ചില കാര്യങ്ങളെ കുറിച്ചു പറഞ്ഞുവെച്ചിട്ടുണ്ട്. അത് ഏതെങ്കിലുമൊരു കാലത്ത് മനുഷ്യകുലത്തെ ഞെട്ടിക്കുന്ന വിധത്തില്‍ ഒരത്ഭുതമായി അവതരിക്കുകതന്നെ ചെയ്യും. അതിനാല്‍, ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍ ശരിയായി മനസ്സിലാക്കുവാനും വ്യാഖ്യാനിക്കുവാനും ആഴമുള്ള ഖുര്‍ആനിക അറിവുതന്നെ വേണം. ആ അറിവുള്ളവര്‍ക്ക് മാത്രമേ ഖുര്‍ആന്റെ ആശയത്തെ കടഞ്ഞെടുക്കാന്‍ കഴിയൂ. ഇവിടെ എതിരാളികള്‍ ഉന്നയിക്കുന്ന ഒന്നാമത്തെ ആയത്ത് നമുക്ക് ഉദാഹരണമായി എടുക്കാം. അല്‍ബഖറ സൂറത്തിലെ 22ാമത്തെ ആയത്താണിത്. ഈ ആയത്തില്‍ അല്ലാഹു ഭൂമിയെ മനുഷ്യര്‍ക്കു വേണ്ടി മെത്തയാക്കി എന്നാണു പറഞ്ഞിരിക്കുന്നത്. മെത്ത എന്ന് പറയുമ്പോള്‍ പരന്നതാണ് ഭൂമി എന്നാണല്ലോ അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ഇവരുടെ വാദം. ഈ വാദത്തിലേക്ക് കടക്കുന്നതിനു മുമ്പ് നേരത്തെ പറഞ്ഞതുപോലെയുള്ള ഒരടിസ്ഥാനത്തെ കുറിച്ചു നാം ചിന്തിക്കേണ്ടതുണ്ട്. അത് ഈ ആയത്തിന്റെ മൊത്തത്തിലുള്ള താല്പര്യം എന്താണ് എന്നതിനെ കുറിച്ചാണ്. അതു തീര്‍ച്ചയായും അല്ലാഹു മനുഷ്യനു വേണ്ടി ഒരുക്കികൊടുത്ത ഭൂമിയെയും ആകാശത്തെയും അവയ്ക്കിടയിലുള്ളവയെയും കുറിച്ചാണ്. അതായത്, അല്ലാഹു മനുഷ്യനു നല്‍കുന്ന അനുഗ്രഹങ്ങളെ കുറിച്ച്. ഭൂമിയെ അല്ലാഹു ഒരു അനുഗ്രഹമാക്കി എന്ന് പറയുമ്പോള്‍ ആ ഭൂമി മനുഷ്യന് അധിവസിക്കുവാന്‍ പാകപ്പെടുന്ന, സൗകര്യപ്പെടുന്ന വിധത്തില്‍ ഒരു മെത്തപോലെ ആക്കിത്തന്നു എന്നതാണ് അവിടെ ഉദ്ദേശം. അഥവാ, ഭൂമി പരന്നതാെണന്നു പറയാന്‍വേണ്ടി കൊണ്ടുവന്നതല്ല മെത്ത എന്ന പ്രയോഗം. മറിച്ച്, അതു മനുഷ്യന്റെ സന്തോഷകരവും സൗകര്യപ്രദവുമായ ആവാസത്തിന് സൗകര്യമൊരുക്കിയിരിക്കുന്നുവെന്ന ആശയമാണ് പറയുന്നത്. അതിനിടയില്‍ ഭൂമിയുടെ രൂപശാസ്ത്രം പറഞ്ഞതാണെന്ന് മനസ്സിലാക്കിയിടത്താണ് തെറ്റ് പറ്റുന്നത്. ഉരുണ്ട ഒരു സാധനത്തെ മനുഷ്യജീവിതത്തിന്റെ സൗകര്യത്തിനു വേണ്ടി അല്ലാഹു പരന്നതാക്കി അവര്‍ക്ക് അനുഭവിപ്പിക്കുവാന്‍ ഒരുക്കിക്കൊടുത്തുവെന്ന് മാത്രമാണ് ഈ ആയത്തുകളില്‍നിന്ന് മനസ്സിലാവുക. അല്ലാതെ, പ്രകൃത്യാ ഭൂമി പരന്നതാണ് എന്നല്ല. പരന്ന ഒരു സാധനത്തെ വീണ്ടും പരത്തി എന്നു പറയേണ്ട ആവശ്യമില്ലല്ലോ. ഈ പരപ്പിന്റെ ആശയം എന്താണെന്നതിന് മറ്റു സൂചനകള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ഭൂമിയെ നാം നീട്ടിയിരിക്കുന്നു. (15:19). അതിന്റെ ഉദ്ദേശ്യം എവിടെച്ചെന്നാലും ഭൂമി പിന്നെയും നീണ്ടുകിടക്കുമെന്നാണ്. എവിടെച്ചെന്നാലും നീണ്ടുകിടക്കണമെങ്കില്‍ അതു പരന്നതായിരിക്കുവാന്‍ ന്യായമില്ല. ഗോളാകൃതിയിലുള്ള ഒന്നിന്റെ മാത്രം സവിശേഷതയാണ് അത്. കാരണം, പരന്നതാണെങ്കില്‍ അതിന്റെ അറ്റെത്തത്തിയാല്‍ അവിടെ ഒരു സഡന്‍ എന്റില്‍ അവസാനിക്കുകയാണ് ചെയ്യുക. പിന്നെയും അങ്ങനെ നീണ്ടുകിടക്കുകയില്ല. ഭൂമിയില്‍ താമസിക്കുന്ന ഒരു ജീവിക്കും അതൊരു ഗോളാകൃതിയിലുള്ള വസ്തുവാണെന്ന് അനുഭവപ്പെടാത്ത വിധമുള്ള ഗോളാകൃതിയാണ് അല്ലാഹു നല്‍കിയിരിക്കുന്നത്. കണ്ണെത്താത്ത ദൂരത്ത് നീണ്ടോ പരന്നോ കിടക്കുന്ന ഭൂമിയാണ് നാം കാണുന്നത്. കൃത്യം ഒരു പന്ത് പോലെ ഉരുട്ടിത്തന്നു എന്നാണ് പറയേണ്ടത് എന്നാണ് വാദമെങ്കില്‍ അത് രണ്ട് നിരഥകങ്ങളില്‍ പെടും. ഒന്നാമതായി, കൃത്യം ഉരുണ്ടതാണ് എങ്കില്‍ അതിലെ എല്ലായിടത്തും കമാനാകൃതിയാണ് ഉണ്ടാവുക. പരന്നതും നിരന്നതുമായ പ്രതലം വേണ്ട ഒരു കാര്യത്തിനും അപ്പോള്‍ ആ ഭൂമി അനുയോജ്യമാവില്ല. രണ്ടാമതായി, ഭൂമിയുടെ ആകൃതി അങ്ങനെയാണ് എന്നത് ഇന്നുവരെ ആരും എത്തിച്ചേര്‍ന്നിട്ടില്ലാത്ത നിഗമനമാണ്. അതിന് ഉരുണ്ടതെങ്കിലും പരന്നതാണ് എന്നനുഭവപ്പെടുന്ന ഒരു രൂപമാണുള്ളത്. ഗോളാകൃതിയിലുള്ള ഭൂമി ഇങ്ങനെ വാസയോഗ്യമാക്കി പരത്തിത്തന്നത് അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് സൂചിപ്പിക്കുകയാണിവിടെ. പിന്നെ മറ്റൊരു കാര്യമുണ്ട്. ഭൂമിയെ നിങ്ങള്‍ക്കു നാം മെത്ത പോലെ പരത്തിത്തന്നിരിക്കുന്നുവെന്ന് പറയുന്നത് ആരോടാണെന്നതുകൂടി ഈ ആലോചനയില്‍ പ്രധാനമാണ്. ഭൂമിയില്‍ നിവസിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരോടാണ് ഇതു പറയുന്നത്. ഭൂമിയില്‍ നിവസിക്കുന്ന മനുഷ്യര്‍ക്കു ഭൂമി അനുഭവപ്പെടുന്നത് എങ്ങനെയാണോ അങ്ങനെയാണ് അതു പറയേണ്ടത് എന്നത് കേവല യുക്തിയാണ്. അതേസമയം, ബഹിരാകാശത്തുള്ള അല്ലെങ്കില്‍ ഭൂമിയേതര ഗ്രഹങ്ങളില്‍ ഉള്ളവരോ ആയ ഏതെങ്കിലും ജീവികളോടാണ് ഇത് പറയുന്നെതങ്കില്‍ ഭൂമി ഉരുണ്ടതാണെന്ന് പറയാമായിരുന്നു. കാരണം, അവര്‍ക്ക് അനുഭവപ്പെടുന്ന ഭൂമി ഉരുണ്ടതായിരിക്കും. ഈ സൂചനയും ഖുര്‍ആന്‍ നല്‍കുന്നുണ്ട്. വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ള സൂറത്ത് ഗാശിയയിലെ 20ാം വചനംതന്നെ അതിനു തെളിവാണ്. അല്ലാഹു പറയുന്നത് ഭൂമിയിലേക്ക് അവര്‍ നോക്കുന്നില്ലേ എന്നാണ്. തങ്ങളുടെ കണ്‍മുമ്പില്‍ നീണ്ടു പരന്നു കിടക്കുന്ന ഭൂമിയിലേക്ക് അവര്‍ നോക്കുന്നില്ലേ എന്നാണ് ചോദിക്കുന്നത്. അല്ലാതെ, ബഹിരാകാശത്തു ചെന്ന് ഭൂമിയെ നോക്കുന്നില്ലേ എന്നല്ല ഇവിടെ ഖുര്‍ആന്‍ ചോദിക്കുന്നത്. ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന് ഭൂമിയുടെ പരപ്പാണ് അനുഭവപ്പെടുന്നത്. ഈ സവിശേഷതയാണ് ഖുര്‍ആന്‍ എടുത്തുപറയുന്നത്. ഭൂമിക്ക് പുറത്തുനിന്ന് നിരീക്ഷിക്കുമ്പോഴാണ് ഭൂമിയുടെ ഗോളാകൃതി അനുഭവപ്പെടുക എന്ന് ശാസ്ത്രവും വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍, പ്രകൃതിയെയും അതിലെ പ്രതിഭാസങ്ങളെയും മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളുടെ ഭാഗമായാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. സൂറത്തുല്‍ ബഖറയിലെ 22ാം വചനത്തില്‍ പറയുന്ന കാര്യങ്ങള്‍തന്നെ നോക്കിയാല്‍ അതു മനസ്സിലാക്കാം. ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു തന്നവന്‍, അതുമുഖേന നിങ്ങള്‍ക്കു ഭക്ഷിക്കാനാവശ്യമായ കായ്കനികള്‍ ഉല്‍പാദിപ്പിച്ചുതന്നവന്‍ തുടങ്ങി അല്ലാഹു മനുഷ്യനു നല്‍കിയ അനുഗ്രഹങ്ങളുടെ ഭാഗമായി പ്രകൃതി പ്രതിഭാസങ്ങളെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. അതുപോലെ ഭൂമിയെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ വിരിപ്പാക്കി (സൂറത്തുനൂഹ്:19), നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ തൊട്ടിലാക്കി (സൂറത്തുസുഖ്‌റുഫ്:10) തുടങ്ങിയ അനുഗ്രഹങ്ങളും പറയുന്നു എന്നുമാത്രം. ഒരു വിരിപ്പു പോലെ മനുഷ്യന് സുഖകരമായ ജീവിതത്തിന് സൗകര്യമൊരുക്കുന്ന ഭൂമി ഒരു തൊട്ടില്‍ ശിശുവിനു നല്‍കുന്ന സുരക്ഷപോലെ മനുഷ്യര്‍ക്ക് സുരക്ഷയേകുകയും ചെയ്യുന്നു എന്നു പറയാന്‍ വേണ്ടി പറഞ്ഞതാണ് അവര്‍ തെറ്റിദ്ധരിച്ച പ്രമേയങ്ങള്‍. ഈ പറഞ്ഞതിന്റെ സംഗത്വവും സത്യവും വ്യക്തമാക്കുന്ന പ്രസ്താവനകള്‍ ഖുര്‍ആന്‍ പറയുന്നുണ്ട്. അഥവാ, ഭൂമി ആപേക്ഷികമായി ഉരുണ്ടതാണ് എന്നത് സൂചിപ്പിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ മറ്റൊരു ഗോളത്തിന് ആപേക്ഷികമായി അഥവാ, സൂര്യന് ആപേക്ഷികമായി പറയുമ്പോള്‍ ഭൂമിയുടെ ഗോളാകൃതിയെ കുറിച്ച് സൂചിപ്പിക്കുന്നു എന്നതാണത്. അല്ലാഹു പറയുന്നു: ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിന്മേല്‍ ചുറ്റുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക, അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും. (സൂറത്തുസ്സുമര്‍:5). ഭൂമിയുടെ ഗോളാകൃതിയുമായി ബന്ധപ്പെട്ട പ്രകൃതി പ്രതിഭാസമാണല്ലോ രാപ്പകലുകളുടെ മാറ്റം. ഇതിനു നിമിത്തം സൂര്യനാണ്. രാത്രിയെക്കൊണ്ട് പകലിന്മേലും പകലിനെക്കൊണ്ട് രാത്രിമേലും ചുറ്റുന്നു എന്ന പ്രസ്താവനയിലൂടെ ഭൂമിയുടെ ആകൃതിയെ കുറിച്ച് ഖുര്‍ആന്‍ കൃത്യമായ സൂചന നല്‍കുന്നു. ഭൂമി ഒരു ഗോളമാണെന്ന് ആദ്യകാല മുസ്‌ലിം പണ്ഡിതന്മാര്‍ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അവര്‍ ഗോളീയ ത്രികോണമിതി രൂപീകരിക്കുകയും ചെയ്തതായും അതുപയോഗിച്ചാണ് ലോകത്തിലെ വ്യത്യസ്ത കോണുകളില്‍നിന്നു മക്കയിലെ ഖിബ്‌ലയിലേക്കുള്ള ദിശ നിര്‍ണയിച്ചതെന്നും ചരിത്രകാരനായ ഡേവിഡ് എ. കിംഗ് തന്റെ അസ്‌ട്രോണമി ഇന്‍ ദ സര്‍വീസ് ഓഫ് ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഭൂഗോളത്തിന്റെ ചുറ്റളവ് കണ്ടുപിടിക്കാനായി ഒരുപറ്റം മുസ്‌ലിം ഗോളശാസ്ത്രജ്ഞരെയും ഭൂമിശാസ്ത്രജ്ഞരെയും അഞ്ചുസീ ഖലീഫ മഅ്മൂന്‍ ഉത്തരവാദിത്തപ്പെടുത്തിയതായി അഡ്വേര്‍ഡ് എസ്. കെന്നഡി തന്റെ മാത്തമാറ്റിക്കല്‍ ജിയോഗ്രഫി എന്ന ഗ്രന്ഥത്തില്‍ (പേജ്: 185-201) നിരീക്ഷിക്കുന്നുണ്ട്. ഖുര്‍ആനെ പൂര്‍ണമായി ഉള്‍ക്കൊണ്ട വ്യക്തികളായിരുന്നു ഈ പരീക്ഷണങ്ങളിലേര്‍പ്പെട്ടിരുന്നത്. അതിനാലാണ് അവര്‍ക്ക് ഈ നിഗമനത്തിലെത്തുവാന്‍ കഴിഞ്ഞത്. ഖുര്‍ആനല്ല പ്രശ്‌നം അതു വായിക്കുന്നതിന്റെ രീതിയാണ് പ്രശ്‌നമെന്നും ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. ഇതോടെ ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങളുണ്ട് എന്ന് വരുത്തിത്തീര്‍ക്കുവാനുള്ള മറ്റൊരു ശ്രമംകൂടി നിഷ്ഫലമാവുകയാണ്. അല്ലാഹു പറയുന്നു: അവര്‍ ഖുര്‍ആനെ പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു.(സൂറത്തുന്നിസാഅ്/82)