നിര്‍മിത ബുദ്ധി ആരെയും കീഴടക്കുമെന്നോ?

ഈലക്കം ഇഅ്ജാസ് തയ്യാറാ ക്കുവാന്‍ വേണ്ട വിഷയം കണ്ടെത്തുകയും പോയിന്റുകള്‍ അടുക്കിവെക്കുകയും കുറിപ്പ് കടലാസില്‍ ക്രമീകരിക്കുകയും ചെയ്തുകഴിഞ്ഞപ്പോഴേക്കും കരുതിയ സമയം വൈകി. ഇതെല്ലാം ടൈപ്പ് ചെയ്‌തെടുക്കുവാന്‍മാത്രം പിന്നെ സമയമില്ല. അപ്പോഴാണ് ടെക്കിയായ സുഹൃത്ത് ഒരിക്കല്‍ പറഞ്ഞത് ഓര്‍മവന്നത്. സമയമില്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാലും മതി. മൊബൈല്‍ ഫോണ്‍ അതു കേട്ട് സ്വയം ടൈപ്പ് ചെയ്തുതരുമെന്ന്. അതോര്‍മയില്‍ വന്നപ്പോള്‍ അതൊന്നു പരീക്ഷിക്കാമെന്നു വിചാരിച്ചു. മനസ്സിലും കുറിപ്പിലുമുള്ള ക്രമംവെച്ച് സൂക്ഷ്മതയോടെ മൊബൈല്‍ ഫോണിനോട് സംസാരിച്ചുതുടങ്ങി. അത്ഭുതം! മൊബൈല്‍ ഫോണ്‍ അത് വൃത്തിയായി ടൈപ്പ് ചെയ്യുന്നു. ഓരോ വാക്ക് പറയുമ്പോഴേക്കും ആ അക്ഷരങ്ങള്‍ സ്‌ക്രീനില്‍ പതിയുന്ന കാഴ്ച കണ്ടപ്പോള്‍ അത്ഭുതംതോന്നി. നമ്മുടെ ഭാഷ പല വിദേശികളും പറയാറുള്ളതു പോലെ ഏറ്റവും പ്രയാസകരമായ ഭാഷയാണല്ലോ. അതുകൊണ്ട് ഇടക്ക് ചില അക്ഷരങ്ങളുടെ സ്വരങ്ങള്‍ വേര്‍തിരിച്ചറിയുവാന്‍ മൊബൈല്‍ ഫോണിലെ ഈ സൗകര്യത്തിനുപോലും ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. അതിനാല്‍ ചില അക്ഷരങ്ങളും ചില കുത്തും കോമയുമൊക്കെ ഒന്നുകൂടി എഴുതിക്കൊടുക്കേണ്ടിവരും എന്നുമാത്രം. എങ്കിലും സംഗതി എളുപ്പത്തില്‍ അവസാനിച്ചുകിട്ടി. എന്റെ മൊബൈല്‍ ഫോണില്‍ മാത്രമല്ല, ലോകത്ത് നിങ്ങളടക്കം എല്ലാവരുടെയും മൊബൈല്‍ ഫോണിലുള്ള ഈ സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സാധാരണ ഭാഷയില്‍ പറയാം. അതിനുവേണ്ടി ഉണ്ടാക്കിയിരിക്കുന്ന ആപ്ലിക്കേഷന്‍ ഉള്ള മെമ്മറിയിലേക്ക് ഈ ഫോണ്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള എല്ലാ ഭാഷകളിലെയും എല്ലാ അക്ഷരങ്ങളെയും ഒരുപാട് പ്രാവശ്യം സന്നിവേശിപ്പിക്കുകയാണ് ആദ്യം. ഒരുപാട് പ്രാവശ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒരക്ഷരത്തെ സന്നിവേശിപ്പിക്കുമ്പോള്‍ അതേ രൂപത്തിലുള്ള, അല്ലെങ്കില്‍ അതിനു സമാനമായ ശബ്ദം കേള്‍ക്കുമ്പോള്‍ ആ ആപ്പിന്റെ സോഫ്റ്റ്‌വെയര്‍ ആ അക്ഷരത്തെ ഓര്‍മിച്ചെടുക്കുകയും രേഖപ്പെടുത്തുകയും ചെയ്യുകയാണ്. അതായത്, താന്‍ ഒരുപാട് പ്രാവശ്യം കേള്‍ക്കുകയും തന്നില്‍ പ്രോഗ്രാം ചെയ്യുകയും ചെയ്ത ആ സ്വരം പിന്നെ എപ്പോള്‍ ആരില്‍നിന്ന് കേട്ടാലും അത് ഇന്ന അക്ഷരത്തിന്റെ സ്വരമാണെന്ന് തിരിച്ചറിയുവാനും അക്ഷരം പതിപ്പിക്കുവാനുമുള്ള കഴിവ് ആ സോഫ്റ്റ്‌വെയറിന്റെ ഭാഗമായി അതില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ ടെക്‌നിക്ക് എ.ഐയുടെ ഭാഗമാണ്. നമ്മള്‍ ഇപ്പോള്‍ കൂടെക്കൂടെ എ ഐ എന്ന് കേട്ടുതുടങ്ങിയിട്ടുണ്ടല്ലോ. ഉദാഹരണമായി, നമ്മുടെ റോഡുകളില്‍ ഈ അടുത്ത് സ്ഥാപിച്ച പുതിയ ക്യാമറകള്‍ എ.ഐ ക്യാമറകള്‍ ആയിരുന്നു. അതിന്റെ പൂര്‍ണരൂപം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നാണ് അഥവാ നിര്‍മ്മിതബുദ്ധി എന്ന്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്യാന്‍ മാത്രമല്ല നമ്മുടെ ദൈനംദിന ജീവിതത്തില്‍ എ.ഐ കടന്നുവരുന്നത്. ഗൂഗിളിന്റെ തന്നെ വെര്‍ച്വല്‍ അസിസ്റ്റന്‍സ് എന്ന സംവിധാനമുണ്ട്. ആ സംവിധാനത്തിലാണു നാം ഒരു കാര്യം സേര്‍ച്ച് ചെയ്യുകയോ മറ്റോ ചെയ്താല്‍ പിന്നീട് നാം ആഗ്രഹിക്കാതെ തന്നെ അതേ ആഗ്രഹത്തിന്റെ മറുപടി വീണ്ടും വരുന്നത്. ഇത് യൂട്യൂബ് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ ഏറെ പ്രകടമാണ്. നാം ഒരു പ്രത്യേക തരത്തിലുള്ള പരിപാടിയോ വിനോദങ്ങളോ അതില്‍ ഒരിക്കല്‍ സേര്‍ച്ച് ചെയ്തു എന്നിരിക്കട്ടെ, പിന്നീട് എപ്പോഴുമെപ്പോഴും നമ്മള്‍ ആവശ്യപ്പെടാതെ തന്നെ അതേ ആശയത്തിലുള്ള വീഡിയോകള്‍ വന്നുകൊണ്ടേയിരിക്കും. ആമസോണിന്റെ അലക്‌സാ എന്ന ഒരു ചെറിയ ഉപകരണമുണ്ട്. വീട്ടിലെ സ്വിച്ചുകളെയും ഉപകരണങ്ങളെയും നിയന്ത്രിക്കാനുള്ളതാണ് അത്. വീട്ടിലെ ഒന്നോ രണ്ടോ മുതിര്‍ന്ന അംഗങ്ങളുടെ ശബ്ദം ആദ്യം അലക്‌സായില്‍ പ്രോഗ്രാം ചെയ്യുന്നു. തുടര്‍ന്ന് വീട്ടിലെ ഉപകരണങ്ങളെയും അതിന്റെ പ്രവര്‍ത്തന അളവുകളെയും അതില്‍ പ്രോഗ്രാം ചെയ്യുന്നു. പിന്നീട് അതേ സ്വരത്തിന്റെ ഉടമ എന്ത് കമാന്‍ഡ് നല്‍കിയാലും അലക്‌സാ വഴി ഓട്ടോമാറ്റിക്കായി അത് ചെയ്യാനാകും. ഉദാഹരണമായി ഫാന്‍ ഓണാക്കണമെങ്കില്‍ പ്രോഗ്രാംചെയ്യപ്പെട്ട സ്വരത്തിന്റെ ഉടമയായ വ്യക്തി അലക്‌സാ ഫാന്‍ ഓണ്‍ എന്ന് പറഞ്ഞാല്‍ മതി ഫാന്‍ ഓണ്‍ ആകും. ടെക്കികള്‍ ഉള്ള മിക്ക വീടുകളിലും ഇപ്പോള്‍ കാണുന്ന ഒരു സംവിധാനമാണ് ഇത്. ഈ ഉദാഹരണങ്ങളെല്ലാം പറയുന്നത്, ഇത്തരം ചെറിയ ചെറിയ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍തന്നെ എ.ഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നു പറയുവാനും ഈ സാങ്കേതികവിദ്യ അതിവേഗം വളരുകയും മനുഷ്യന്റെ ജീവിതതാളമായി മാറുകയും ചെയ്യുകയുമാണ് എന്നു പറയുവാന്‍ വേണ്ടിയാണ്. മനുഷ്യന്റെ നിരന്തരമായ അന്വേഷണങ്ങളുടെ പുരോഗതി കൂടിയാണ് ഇത്. ഒന്നാം വ്യാവസായിക വിപ്ലവം മനുഷ്യന്റെ കായികശക്തിയെ ലാഭിക്കുവാന്‍ വേണ്ടി യാന്ത്രികശക്തി കണ്ടുപിടിച്ചു. രണ്ടാം വ്യാവസായിക വിപ്ലവമാകട്ടെ, ആവി എന്‍ജിന്‍ മുതല്‍ വൈദ്യുതി വരെയുള്ള പുതിയ സൗകര്യങ്ങള്‍ മുന്നോട്ടുവച്ചു. പിന്നെയും വളര്‍ന്ന് മൂന്നാമത്തെ വ്യാവസായിക വിപ്ലവത്തില്‍ നാം എത്തിച്ചേര്‍ന്നപ്പോഴാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന സാങ്കേതികവിദ്യയിലേക്ക് എത്തിച്ചേര്‍ന്നത്. അതും കഴിഞ്ഞ് ഇപ്പോള്‍ നാം നാലാം വ്യാവസായിക വിപ്ലവത്തിലേക്കാണ് എത്തിയിരിക്കുന്നത്. അതിന്റെ ഉല്‍പ്പന്നമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ഇത് കൃത്യമായി പറഞ്ഞാല്‍ 1950കളില്‍ തുടങ്ങിയ ചിന്തയുടെയും അന്വേഷണത്തിന്റെയും ഫലമാണ്. ജോണ്‍ മക്കാര്‍ത്തിയാണ് ഈ ചിന്തയുടെ ഉപജ്ഞാതാവ്. ചിന്തിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ ഉണ്ടാക്കാമോ എന്ന ചിന്തയില്‍നിന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ചിന്ത ഉരുത്തിരിഞ്ഞത്. M-IT യിലെ ELIZA മറ്റ് ചാറ്റ് ബോട്ടുകള്‍ തുടങ്ങിയവ ആയിരുന്നു എ.ഐയുടെ ആദ്യരൂപങ്ങള്‍. ന്യൂറോ നെറ്റ്‌വര്‍ക്ക്, യന്ത്രമുപയോഗിച്ച പഠനം, ആഴത്തിലുള്ള പഠനങ്ങള്‍, ഓപ്പറേഷന്‍, ഡ്രൈവിംഗ് തുടങ്ങി വിവിധ മേഖലകളെ ഈ സാങ്കേതികവിദ്യകൊണ്ട് എങ്ങനെ നിയന്ത്രിക്കാമെന്ന ചിന്ത പുരോഗമിക്കുകയാണ്. 2030 ആകുമ്പോഴേക്കും ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിര്‍മ്മിതബുദ്ധിയുടെ സ്വാധീനവുമുണ്ടാകുമെന്നും നമ്മുടെ ജീവിതശൈലി പുതുതായിത്തീരുമെന്നും ശാസ്ത്രലോകത്ത് കരുതപ്പെടുന്നു. എ.ഐയുടെ പ്രമോഷന്‍ വേഗത്തിലാക്കിയതും അതിവേഗം സമൂഹത്തിന്റെ താഴേ തട്ടിലേക്കു പടര്‍ത്തിയതും ചാറ്റ് ജിപിടിയാണ്. ആവശ്യപ്പെടുന്ന ഏതു ഡാറ്റയും ഡാറ്റയധിഷ്ഠിത കാര്യവും നിമിഷങ്ങള്‍ക്കുള്ളില്‍ സാധ്യമാക്കിത്തരുന്ന അസാധാരണ ഈ ചാറ്റ്‌ബോട്ടുമായി ലോകത്തെ വിസ്മയിപ്പിക്കുന്നത് ഓപ്പണ്‍ എ.ഐ യുടെ സിഇഒ സാം ആള്‍ട്ട് മാന്‍ ആണ്. സൈബര്‍ ലോകത്തെ കീഴടക്കിയിരിക്കുന്ന വെബ്‌സൈറ്റ് ആയ ഗൂഗിളിനെ പിന്തള്ളി ഓപ്പണ്‍ എ.ഐ പുറത്തിറക്കിയ ചാറ്റ് ജിപിടി ആധുനിക ജീവിതത്തെ പൊളിച്ചുപണിയാന്‍ കരുത്തുള്ളതാണ്. ഗൂഗിളിനെ പോലെ ഏതു ചോദ്യത്തിനും ഉത്തരംതരുവാന്‍ വേണ്ടി സേര്‍ച്ചിംഗ് സേവനം നല്‍കി ഒരു വെറും സേര്‍ച്ച് എഞ്ചിനായി പ്രവര്‍ത്തിക്കാനോ ഉള്ളതല്ല ചാറ്റ് ജിപിടി. മനസ്സില്‍ ചിന്തിക്കുന്ന ഏതു കാര്യവും ഉടനടി സാധിച്ചുകൊടുക്കുവാനാണ് ഈ ചാറ്റ് ബോട്ടിന് ഇഷ്ടം. പുസ്തകം രചിക്കാനും വിവര്‍ത്തനം ചെയ്യാനും കഥയെഴുതാനും പ്രബന്ധങ്ങള്‍ തയ്യാറാക്കാനും തുടങ്ങി ഏതു കാര്യത്തിനും തയ്യാറായി നില്‍ക്കുകയാണ് ചാറ്റ് ജിപിടി. ടെക്‌നോളജി ലോകത്തെ അത്ഭുതപ്പെടുത്തി ഇതിനകം 100 പുസ്തകങ്ങളാണ് ചാറ്റ് ജിപിടി രചിച്ചത്. ഇവ ആമസോണ്‍ സ്റ്റോറില്‍ ലഭ്യമാണ്. കഥാപാത്രങ്ങളുടെ പേരു നല്‍കിയാല്‍ നോവല്‍ വരെ എഴുതിത്തരുമത്രെ. ഇങ്ങനെ പോയാല്‍ എഴുത്തുകാരുടെ പണി പോകുമെന്നത് വലിയ ആശങ്കയാണെന്നും ഇത്തരം പുസ്തകങ്ങള്‍ വിപണിയില്‍ നിറയുമെന്നാണ് എഴുത്തുകാരുടെ ഒരു ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മേരി റാസല്‍ബര്‍ഗര്‍ റോയട്ടേഴ്‌സിനോട് പറഞ്ഞത്. 2022 നവംബറിലാണ് ഈ ചാറ്റ് ബോട്ട് ലഭ്യമായിത്തുടങ്ങിയത്. നിര്‍മിത ബുദ്ധിയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പുറത്തിറങ്ങി ഒട്ടും താമസിയാതെ ഗൂഗിളിനെപ്പോലും പിന്തള്ളിയുള്ള വളര്‍ച്ചയായിരുന്നു ഈ ടെക് ഭീകരന്‍ നേടിയത്. 10 ലക്ഷം ഉപയോക്താക്കളെ കിട്ടാന്‍ നെറ്റ് ഫ്‌ലക്‌സിന് മൂന്നര വര്‍ഷം വേണ്ടിവന്നു. ട്വിറ്ററിന് രണ്ടു വര്‍ഷമാണ് വേണ്ടിവന്നത്. എന്നാല്‍, ചാറ്റ് ജിപിടി ഇതിനു വെറും അഞ്ചു ദിവസമാണ് എടുത്തത്. അതില്‍നിന്ന് ഇതിന്റെ പ്രചാരത്തിന്റെ തോത് ഗ്രഹിക്കാം. ചാറ്റ് ജിപിടി പ്രതീക്ഷകളുടെ അപ്പുറത്തെത്തുമെന്നതില്‍ കാര്യമായി ആരും ആശങ്കപ്പെടുന്നില്ല. കാരണം, അത്ര മികച്ച ടെക്കിയാണ് അതിന്റെ സിഇഒ. സാം അള്‍ട്ട്മാന്‍ സ്വന്തം മസ്തിഷ്‌കം ഡിജിറ്റല്‍ ആക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് കരാര്‍ എഴുതിക്കൊടുത്തുകഴിഞ്ഞു. ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായാണ് കരാര്‍. ഇത് അനുസരിച്ച് അദ്ദേഹത്തിന്റെ മസ്തിഷ്‌കം എംബാം ചെയ്തു വര്‍ഷങ്ങളോളം ജീര്‍ണിക്കാതെ സൂക്ഷിക്കുവാന്‍ കഴിയും. മസ്തിഷ്‌കത്തിലെ ചിന്ത മുഴുവനും കമ്പ്യൂട്ടറിലേക്ക് മാറ്റുവാനും സാധിക്കും. ആ ചിന്തകള്‍ പിന്നീട് റോബോട്ടിന്റെ രൂപത്തില്‍ പുനരവതരിപ്പിക്കുവാനും സാധിക്കും. മാത്രമല്ല, ലോകാവസാനത്തെ ഭയന്ന് ഒളിത്താവളം ഒരുക്കിവെച്ചിരിക്കുകയാണ് കക്ഷി. എന്തെങ്കിലും ദുരന്തങ്ങളിലൂടെ ജീവിതം കൈവിട്ടുപോയാല്‍ അതിജീവനത്തിനു വേണ്ട കാര്യങ്ങള്‍ അദ്ദേഹം സംഭരിച്ചുവെച്ചിട്ടുണ്ട്. അദ്ദേഹം പറയുന്ന കാരണം വൈറസുകളുടെ ലോകത്തെ പരീക്ഷണങ്ങള്‍ കാരണം അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ലോകമാകെ പടരുന്ന ഒരു മഹാമാരി ഉണ്ടാക്കാമെന്നാണ്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ സ്വന്തം ഒളിത്താവളത്തിലേക്ക് പറന്നുപോകാന്‍ വേണ്ടിയാണ് അദ്ദേഹം പദ്ധതിയിട്ടിരിക്കുന്നതത്രെ. എ ഐ സാങ്കേതിക വിദ്യയെ കുറിച്ച് നല്ല ഒരു പഠനമാണ് Michael Wooldridge രചിച്ച The Road to Conscious Machines: The Story of AI എന്ന പുസ്തകം. ഇതിന്റെ രണ്ടു വശങ്ങളും വിശദമായി ചര്‍ച്ചക്കെടുക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത. എ.ഐ ടെക്‌നോളജി കൊണ്ട് പ്രവര്‍ത്തിക്കുന്ന കുറേ ഉപകരണങ്ങള്‍ നമുക്കു വേണ്ടി ഉണ്ടാക്കിത്തരിക എന്നതാണ് ആധുനിക ശാസ്ത്രത്തിന്റെ പുതിയ താല്പര്യമെങ്കില്‍ അതിനെ നമുക്ക് സ്വാഭാവികമെന്നു വിളിക്കാം. പക്ഷേ, അവരുടെ ശരിയായ ഉദ്ദേശം അവിടെ ഒതുങ്ങുന്നില്ലെന്നുവേണം കരുതുവാന്‍. അവര്‍ മനുഷ്യന്റെ ബുദ്ധിയെയും വെളിവിനെയും വികാരങ്ങളെയുമെല്ലാം എങ്ങനെ എ.ഐ നിയന്ത്രിതമാക്കാം, അങ്ങനെ ലോകത്തിന്റെ 90 ശതമാനം ജനങ്ങളും വിശ്വസിക്കുന്ന ദൈവത്തെ എങ്ങനെ പുറന്തള്ളാമെന്നാണ് ചിന്തിക്കുന്നത്. ഇങ്ങനെ ചിന്തിക്കുന്നവരില്‍ പ്രധാനിയാണ് ടെസ്‌ല കമ്പനിയുടെ ഉടമയായ ഇലോണ്‍ മസ്‌ക്. അദ്ദേഹം കഴിഞ്ഞ മാസം ഒരുപറ്റം എന്‍ജിനീയര്‍മാര്‍ക്കും സാധാരണക്കാര്‍ക്കും മുന്‍പില്‍ തന്റെ കമ്പനിയായ ന്യൂറാലിങ്ക് വളര്‍ത്തിയെടുത്ത, ന്യൂറോ ടെക്‌നോളജിയടങ്ങുന്ന ഒരു ചിപ്പ് പരിചയപ്പെടുത്തി. ഇതു മനുഷ്യരുടെ തലച്ചോറില്‍ പിടിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിലൂടെ ജൈവികമായ ബുദ്ധിയെയും യന്ത്രബുദ്ധിയെയും ഒരുമിപ്പിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാദം. തലയോട്ടിയില്‍ രണ്ടു മില്ലിമീറ്റര്‍ വലിപ്പമുള്ള ഒരു ദ്വാരമിട്ടാണ് ഇതു പിടിപ്പിക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യബുദ്ധിക്കപ്പുറത്തേക്കു കടക്കുന്ന കാലത്തേക്കാണ് നമ്മള്‍ എത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഭൂമിയുടെ നിയന്ത്രണം എ.ഐ ഏറ്റെടുക്കുന്ന കാലത്തിനാണ് എ.ഐ അപോകലിപ്‌സ് എന്നു വിളിക്കുന്നത്. ഒരുപക്ഷേ, കഴിഞ്ഞ 12,000 വര്‍ഷത്തോളമായി ഭൂമിയില്‍ തന്റെ താല്പര്യങ്ങള്‍മാത്രം സംരക്ഷിച്ചുവന്ന മനുഷ്യന്റെ പിടിയില്‍നിന്നു ഭൂമിയെ മുക്തമാക്കുക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയിരിക്കും. ഇപ്പോള്‍തന്നെ എ.ഐ ടെക്‌നോളജി ഉപയോഗിച്ചുണ്ടാക്കിയ ഒരു റോബോട്ടിന് സഊദി അറേബ്യ പൗരത്വംനല്‍കുക വരെ ചെയ്തുകഴിഞ്ഞു. സോഫിയ എന്നാണ് അതിന്റെ പേര്. യു.എ.ഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരു മന്ത്രാലയംതന്നെ സ്ഥാപിച്ചിരിക്കുന്നു. പൊതുവെ ഇത്തരം രംഗങ്ങളില്‍ പിന്നില്‍ നില്‍ക്കുന്ന ഈ രാജ്യങ്ങള്‍പോലും ഇങ്ങനെയാണെങ്കില്‍ ഈ ഇന്റലിജന്‍സ് ഒട്ടും താമസിയാതെ മനുഷ്യന്റെ മുഴുവന്‍ പരിസരത്തെയും കീഴടക്കുമെന്നത് പ്രത്യേകം പറയാനില്ല. പക്ഷേ, തങ്ങളുടെ മോഹങ്ങളെ നിരാശയിലേക്ക് തള്ളിയിടുന്ന പല കാര്യങ്ങളുമുണ്ട്. നിലവിലുള്ള ഉപകരണങ്ങളെക്കാളും സൗകര്യങ്ങളെക്കാളും മെച്ചപ്പെട്ട പലതും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ചെയ്യാന്‍ കഴിയും. ജീവിതത്തെ കൂടുതല്‍ ആയാസരഹിതമാക്കുന്ന പല ഉപകരണങ്ങളും മനുഷ്യന്റെ മേശപ്പുറത്തെത്തിക്കാന്‍ കഴിയും. നിലവില്‍ ജീവിക്കുന്ന മനുഷ്യലോകത്തെ അതുവഴി അത്ഭുതപ്പെടുത്താനും കഴിയും. പക്ഷേ, അവയൊന്നും അന്യൂനമായ സ്വതന്ത്ര ഉപകരണങ്ങളായി വളരുകയില്ല. അതായത്, എന്തു കണ്ടെത്തിയാലും അതിന്റെ മുകളിലാണ് ദൈവത്തിന്റെ സൃഷ്ടിയും അവന്റെ പ്രതിനിധിയുമായ മനുഷ്യന്റെ സ്ഥാനമെന്നു പറയാതിരിക്കാന്‍ കഴിയില്ല. കാരണം, മനുഷ്യന്‍ കണ്ടെത്തുന്ന ഏതു കാര്യങ്ങള്‍ക്കും അതിന്റേതായ കുറവുകളും ന്യൂനതകളുമുണ്ടായിരിക്കും. ഉദാഹരണമായി എ.ഐ ടെക്‌നോളജി വഴി ചെയ്യുന്ന സേവനങ്ങളെ വൈകാരികതയുമായി ബന്ധിപ്പിക്കുവാന്‍ കഴിയില്ല. ഇമോഷനല്‍ മൈന്‍ഡ് എന്ന ഒന്നുണ്ട്. അതാണ് മനുഷ്യന്റെ ധാര്‍മ്മികതയെ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും. പെണ്ണും പെങ്ങളും വേര്‍തിരിയുന്നത് ഒരു ഉദാഹരണം. മനുഷ്യന്‍ വ്യതിരിക്തനാകുന്നത് വെറും ബുദ്ധി കൊണ്ടാണെന്നത് ശാസ്ത്രലോകത്തിന്റെ ഒരു തോന്നല്‍ മാത്രമാണ്. മറിച്ച്, സത്യത്തില്‍ മനുഷ്യ ബുദ്ധിക്ക് നല്‍കപ്പെട്ടിട്ടുള്ള മറ്റുചില സവിശേഷതകളാണ് അതിന്റെ നിദാനം. അല്ലായിരുന്നുവെങ്കില്‍ അതിനു സമാനമായ തലച്ചോര്‍ പല ജീവികള്‍ക്കും ഉണ്ട്. മറ്റൊരു ന്യൂനത, ഡ്യൂപ്പുകള്‍ വഴി എ.ഐ ടെക്‌നോളജിയെ വഴിതെറ്റിക്കാനോ മിസ് ലീഡ് ചെയ്യാനോ ഒക്കെ കഴിയുമെന്നതാണ്. കാരണം, ഈ ഇന്റലിജന്‍സ് ചിത്രങ്ങള്‍, സ്വരങ്ങള്‍, പ്രതിരൂപകങ്ങള്‍ തുടങ്ങിയവയെയാണ് ആധാരമാക്കുന്നത്. അവ ഒറിജിനല്‍ തന്നെയാണോ അല്ലയോ എന്നത് അതില്‍ ഉള്‍ക്കൊള്ളുന്ന ഒരു അര്‍ഥമാണ്. ആ അര്‍ഥം വൈകാരികതയാണ് കല്‍പ്പിക്കുന്നത്. ഇങ്ങനെ ഒരുപാട് ന്യൂനതകള്‍ ഉണ്ട്. അവയെ മറികടക്കുവാന്‍ എങ്ങനെ കഴിയുമെന്നത് ശാസ്ത്രജ്ഞരെ കുഴക്കുന്നുണ്ട്. രണ്ടു തത്വങ്ങളാണ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പരിധികള്‍ക്ക് അല്ലാഹുവിന്റെ പ്രതിനിധിയായ മനുഷ്യനെ സഹായിക്കാനല്ലാതെ മറികടക്കുവാന്‍ കഴിയില്ലെന്ന് വിളംബരം ചെയ്യുന്നത്. അല്ലാഹു പറയുന്നു: 'എല്ലാ ജ്ഞാനികള്‍ക്കുമുപരി ഒരു സര്‍വജ്ഞനുണ്ട്.' (യൂസഫ്: 46). മനുഷ്യരിലെ ജ്ഞാനികള്‍ എന്തുചെയ്താലും അതിനു മുകളില്‍ ഒരു ജ്ഞാനിയുണ്ടാകും. അതിനാല്‍, അല്ലാഹു അല്ലാത്തവര്‍ പടക്കുന്നതിനൊന്നും പരമമാകുവാന്‍ കഴിയില്ല. മറ്റൊരു ആയത്തില്‍ അല്ലാഹു പറയുന്നു: 'നാം ഏറ്റവും ഉദാത്തമായ ആകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നു.' (തീന്‍: 4) ഏറ്റവും ഉദാത്ത എന്നു പറയുമ്പോള്‍ അവനു മുകളില്‍ സൃഷ്ടിക്കപ്പെടുന്ന ഒന്നും വരില്ല എന്നത് വ്യക്തമാണ്. അഹ്‌സനി എന്ന സൂപ്പര്‍ലേറ്റീവ് പ്രയോഗം മാത്രം മതി അതു മനസ്സിലാകാന്‍. മനുഷ്യകുലം ഇത്തരം സാങ്കേതിക വിദ്യകളിലൂടെ വലിയ മാനങ്ങള്‍ കീഴടക്കുമെന്നതില്‍ സന്ദേഹമില്ല. പക്ഷേ, അവന്‍ എന്തു കണ്ടെത്തിയാലും അതിനു മുകളില്‍ അര്‍ഥത്തിലും ആശയത്തിലും മനുഷ്യന്‍ ഉണ്ടാകും. കാരണം, അവന്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ്.