Sunni Afkaar Weekly

Pages

Search

Search Previous Issue

അമാനുഷികതയുടെ കപ്പല്‍

ടി.എച്ച്. ദാരിമി
അമാനുഷികതയുടെ  കപ്പല്‍

നൂഹ് നബിയുടെ പിതാവ് ലാമക് എന്നവരാണ്. ആദം നബിയുടെ വഫാത്തിനു ശേഷം 126 വര്‍ഷം കഴിഞ്ഞാണ് നൂഹ് നബിയുടെ ജനനമെന്നാണ് ചരിത്രത്തിന്റെ നിഗമനം. ബിംബങ്ങളെയും പ്രകൃതിശക്തികളെയും ആരാധിച്ചിരുന്ന സമൂഹത്തിലേക്കായിരുന്നു പ്രവാചകനിയോഗം. ആധുനിക ചരിത്രം ഈ ഘട്ടത്തെ സുമേരിയന്‍ ഘട്ടമെന്നാണു വിളിക്കുന്നത്. നിയന്ത്രിക്കാനും ഉപദേശിക്കാനും ആളില്ലാത്തതിനാലും ഇനി വല്ല ഉപദേശവുമുണ്ടെങ്കില്‍ അതിനെക്കാള്‍ വലിയ വികാരങ്ങള്‍ സ്വന്തം ശരീരം പകരുന്നതിനാലും ആ ജനതയ്ക്ക് ശരിയുടെ വഴിയില്‍ തുടരുവാനായില്ല. ആ ജനത തികഞ്ഞ അക്രമത്തിലും വഴികേടിലുമായിരുന്നു. നൂഹ് നബിയുടെ മുമ്പ് പ്രപഞ്ചത്തില്‍ അധിവസിച്ചിരുന്നത് ആദംനബിയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയോ പേരക്കിടാങ്ങളുടെയോ തദ്വാരാ ഉള്ള സ്വന്തങ്ങളുടെയോ മാത്രം ഒരു ജനതയായിരുന്നിരിക്കണം. ക്രമേണ ആ ജനത വളര്‍ന്നു വലുതാവുകയും പിതാക്കന്മാരെയോ പൂര്‍വ്വപിതാക്കന്മാരെയോ കാര്യമായി അനുസരിക്കാതെ സ്വന്തം ജീവിതങ്ങളിലേക്കു മാത്രം തിരിഞ്ഞിരിക്കുന്നവരായി മാറുകയും ചെയ്തു. ചരിത്രമനുസരിച്ച്, നൂഹ് നബി (അ) ജീവിച്ചിരുന്നത് ശിലാവിഗ്രഹാരാധകരും ദുഷ്ടരും അഴിമതിയും നിറഞ്ഞ ഒരു സമൂഹത്തിലായിരുന്നു. വദ്ദ്, സുവാഅ്, യഗുത്ത്, യൗഖ്, നസ്ര്‍ എന്നീ വിഗ്രഹങ്ങളെയാണ് അക്കാലത്ത് ആളുകള്‍ ആരാധിച്ചിരുന്നത്. ഇത്തരം ഒരു സാഹചര്യത്തിലാണ് അല്ലാഹു റസൂലുകളെ അയക്കുവാന്‍ നിശ്ചയിക്കുന്നത്. അതുവരെ ഉണ്ടായിരുന്നത് നബിമാര്‍ മാത്രമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ദൈവികബോധം ആധാരമാക്കി ജീവിക്കുകയും മാതൃകയാവുകയും ചെയ്യുക മാത്രമാണ് നബിമാരുടെ ചുമതല. മറ്റുള്ളവരെ സത്യത്തിലേക്ക് ക്ഷണിക്കുവാനോ മറ്റോ അവര്‍ക്ക് ഉത്തരവാദിത്തമില്ല. എന്നാല്‍, റസൂലുകള്‍ അങ്ങനെയല്ല. ജനങ്ങളെ സത്യത്തിലേക്ക് എന്തു വിലകൊടുത്തും ക്ഷണിക്കുവാനുള്ള ബാധ്യത അവര്‍ക്കുണ്ട്. അത്തരത്തില്‍ നിയോഗിക്കപ്പെട്ട ആദ്യ റസൂലാണ് നൂഹ് നബി(അ). (അല്‍ ബിദായത്തുന്നിഹായ) അവര്‍ റസൂലായി നിയോഗിക്കപ്പെട്ട കാലയളവിനെ കുറിച്ച് പണ്ഡിതരില്‍ അഭിപ്രായഭിന്നതയുണ്ട്. അമ്പതാം വയസ്സിലാണെന്നും മുപ്പത്തഞ്ചാം വയസ്സിലാണെന്നും എണ്‍പതാം വയസ്സിലാണെന്നും എഴുപതാം വയസ്സിലാണെന്നും അഭിപ്രായ ഭിന്നതയുണ്ട്. അല്ലാഹു നൂഹ് നബിയുടെ കഥയും അദ്ദേഹത്തെ നിഷേധിച്ച സമൂഹത്തിനെ പ്രളയംകൊണ്ട് ശിക്ഷിച്ചതും ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അഅ്‌റാഫ്59-64, യൂനുസ് 71-73, അമ്പിയാഅ് 76-77, മുഅ്മിനൂന്‍ 2330, ശഅ്‌റാഅ് 105-122, അന്‍കബൂത്ത് 14-15, ഖമര്‍ 9-17 തുടങ്ങിയവ ഉദാഹരണം. ഭൂമിയില്‍ വിദ്വംസക പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുകയും മനുഷ്യരില്‍ ബിംബാരാധന നിവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ ഏകദൈവ വിശ്വാസത്തിലേക്കു ക്ഷണിക്കാനും ബഹുദൈവാരാധനയെ വിരോധിക്കാനുമായിരുന്നു നൂഹ് നബിയെ അല്ലാഹു അയച്ചത്. ജനങ്ങളെ രാവും പകലും, രഹസ്യമായും പരസ്യമായും ചിലപ്പോള്‍ വാത്സല്യത്തോടെയും മറ്റുചിലപ്പോള്‍ ദൈവശിക്ഷയെ കുറിച്ച് ഭയപ്പെടുത്തിയും സത്യത്തിലേക്ക് ആളുകളെ അദ്ദേഹം ക്ഷണിച്ചു. ഭൂരിഭാഗം ജനതയും ബിംബാരാധനയിലും വഴികേടിലും ഉറച്ചുനിന്നു. അവര്‍ ശത്രുതാമനോഭാവത്തോടെ നൂഹ് നബിയെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തി. വര്‍ഷങ്ങളോളം അദ്ദേഹം പ്രബോധനം നടത്തിയെങ്കിലും വിശ്വസിച്ചവര്‍ തുച്ഛമായിരുന്നു. കിണഞ്ഞു പരിശ്രമിച്ചിട്ടും തന്റെ സമൂഹത്തിന്റെ വഴികേടില്‍ നിരാശപൂണ്ട നൂഹ് നബി(അ) അവര്‍ക്കെതിരേ കോപിഷ്ഠനായി അല്ലാഹുവിനോട് ദുആഇരന്നു. അല്ലാഹു നൂഹ് നബിയുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി. നൂഹ് നബിയോട് ഒരു വലിയ കപ്പല്‍ നിര്‍മിക്കാന്‍ അല്ലാഹു കല്‍പിച്ചു. അതായിരുന്നു ഉത്തരം. അതിന് സമാനമായൊന്ന് മുമ്പോ അതിനു ശേഷമോ സമാനമായി ഒന്ന് ഉണ്ടായിട്ടില്ലാത്തവിധമുള്ള കപ്പല്‍. അതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചത് തേക്ക് മരമാണെന്ന് അറേബ്യന്‍ ഐതിഹ്യങ്ങളിലും ദേവതാരു മരമാണെന്ന് ബൈബിളിലും പറയുന്നുണ്ട്. കപ്പല്‍ മുന്നൂറ്റി അറുപത് മുഴം വീതിയുള്ളത് ആക്കാനും കപ്പലിന്റെ അകവും പുറവും ടാര്‍ കൊണ്ട് ഓട്ടയടക്കാനും കപ്പലണിയം വെള്ളത്തെ കീറിമുറിച്ച് പോകുന്ന തരത്തില്‍ ത്രികോണാകൃതിയില്‍ നിര്‍മ്മിക്കാനും നൂഹ് നബിയോട് കല്‍പിക്കപ്പെട്ടു എന്ന് സുഫ്‌യാനുസ്സൗരി പറയുന്നുണ്ട്. കപ്പലിനു മൂന്ന് അറകളുണ്ടായിരുന്നു. ഏറ്റവും അടിയിലെ അറ ഇഴജന്തുക്കള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും മദ്ധ്യ അറ മനുഷ്യര്‍ക്കും മുകള്‍ നില പക്ഷികള്‍ക്കുമായിരുന്നു. കപ്പലിന്റെ വീതിയിലായിരുന്നു (വയര്‍ ഭാഗത്ത്) കവാടം. കപ്പലിന് ഒരു വാതിലുണ്ടായിരുന്നു. കപ്പലില്‍ മൃഗങ്ങളില്‍നിന്ന് ഓരോ ജോഡികളെയും ജീവനുള്ള തിന്നപ്പെടുന്നതും അല്ലാത്തതുമായതിനെയും കയറ്റാന്‍ കല്‍പ്പിക്കപ്പെട്ടു. അവകളുടെ പരമ്പര നിലനില്‍ക്കാനായിരുന്നു അത്. തന്റെ കുടുംബത്തില്‍നിന്ന് വിശ്വസിച്ചവരെയും അല്ലാഹുവിന്റെ കല്‍പനപ്രകാരം കപ്പലില്‍ കയറ്റി. കപ്പലില്‍ മനുഷ്യരില്‍നിന്ന് സ്ത്രീകളടക്കം എണ്‍പത് പേരുണ്ടായിരുന്നുവെന്നാണ് ഇബ്‌നുഅബ്ബാസ്(റ)വിന്റെ അഭിപ്രായം. മക്കളില്‍നിന്ന് വിശ്വസിച്ച ഹാം, സാം, യാഫിസ്, യാം എന്നിവര്‍ കപ്പലിലുണ്ടായിരുന്നു. അവിശ്വാസികളായ ഭാര്യ ആബിറും മകന്‍ കന്‍ആനും മുങ്ങി മൃതിയടഞ്ഞു. വെള്ളം ഭൂമിയിലെ ഏറ്റവുംവലിയ പര്‍വ്വതത്തോളം ഉയര്‍ന്നു. ഭൂമുഖത്ത് ജീവനുള്ള ഒരു വസ്തുവും അവശേഷിച്ചില്ല. മഴ നില്‍ക്കുകയും വെള്ളം വറ്റുകയും അല്ലാഹു ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുകയും രക്ഷപ്പെടുത്തേണ്ടവരെ രക്ഷപ്പെടുത്തുകയും ചെയ്തു. അല്ലാഹു ശിക്ഷ വിധിച്ചവരൊക്കെ മുങ്ങിമരിച്ചു. അല്ലാഹുവും അവന്റെ വിശ്വാസികളായ അടിമകളും മാത്രമായി അവശേഷിച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: ഭൂമീ, നിന്റെ വെള്ളം നീ വിഴുങ്ങുക, ആകാശമേ മഴ നിറുത്തുക. കല്‍പ്പിക്കപ്പെട്ടപ്പോള്‍ കല്‍പ്പന നിറവേറ്റപ്പെടുകയും കപ്പല്‍ ജൂതിയ്യ് പര്‍വ്വതത്തിനുമേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. (ഹൂദ്: 44) ഇബ്‌നു അബ്ബാസ് (റ) പറയുന്നു: 'കപ്പല്‍ ജൂതിയ്യ് പര്‍വ്വതത്തില്‍ അടിഞ്ഞപ്പോള്‍ നൂഹ് നബി (അ) ഭൂമിയിലെ സ്ഥിതിഗതികള്‍ അറിയാന്‍ വേണ്ടി ഒരു കാക്കയെ അയച്ചു. കാക്ക വരാന്‍ വൈകിയപ്പോള്‍ പ്രാവിനെ വിവരങ്ങളറിയാന്‍ അയക്കുകയും കൊക്കില്‍ ഒലീവിലയും കാലില്‍ ചെളിയുമായി വരികയും ചെയ്തു. ഇതില്‍നിന്ന് നൂഹ് നബി വെള്ളം വറ്റിയെന്നു മനസ്സിലാക്കുകയും ഭൂമിയിലേക്ക് ഇറങ്ങുകയും ചെയ്തു. ഈ സംഭവം വിവരിക്കുന്ന സൂറത്തുല്‍ ഖമറിലെ അല്ലാഹുവിന്റെ പ്രയോഗം ശ്രദ്ധേയമാണ്- അല്ലാഹു പറയുന്നു: തീര്‍ച്ചയായും ആ സംഭവം ഒരു അടയാളമാക്കി നാം നിലനിര്‍ത്തിയിട്ടുണ്ട്. ചിന്തിക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ? (ഖുര്‍ആന്‍: 54/13-16). ചിന്തിക്കുന്നവര്‍ക്കുവേണ്ടി ആ സംഭവം അടയാളമാക്കി നിലനിര്‍ത്തിയിട്ടുണ്ടെന്ന് അല്ലാഹു ഖുര്‍ആനില്‍ പറയുന്നു. അടയാളമാക്കി എന്നു പറയുമ്പോള്‍ ഈ മഹാസംഭവത്തെ കുറിച്ചുള്ള അടയാളം ലോകത്തിനു വേണ്ടി എന്നെന്നേക്കുമായി അവശേഷിപ്പിക്കുമെന്നാണ് അതില്‍നിന്നു മനസ്സിലാക്കേണ്ടത്. ഇതിലേക്ക് ചേര്‍ത്തുവായിക്കേണ്ട ഒരു വാര്‍ത്തയാണ് കിഴക്കന്‍ തുര്‍ക്കിയിലെ മഞ്ഞു മൂടിയ മലനിരകളില്‍നിന്ന് ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ കണ്ടെടുത്തുവെന്ന വാര്‍ത്ത. ഗവേഷകരുടെ അഭിപ്രായമനുസരിച്ച് 3000 മുതല്‍ 5000 വരെ വര്‍ഷം പഴക്കമുണ്ട് എന്ന് കരുതപ്പെടുന്ന ഈ കപ്പല്‍ തുര്‍ക്കിയിലെ ഒരു പര്‍വ്വതത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ പര്‍വ്വതം ജൂതിയ്യ് ആണെന്ന് ഖുര്‍ആനും അരാറാത്ത് ആണെന്ന് ബൈബിളും പറയുന്നു. അത്രയുമധികം ഉയരത്തിലുള്ള പര്‍വ്വതത്തില്‍ ഈ കപ്പല്‍ കൊണ്ട് പോകാനുള്ള സൗകര്യമൊന്നും അക്കാലത്ത് ചിന്തിക്കുന്നതിനുമപ്പുറമാണ്. ഒരു വലിയ പ്രളയത്തില്‍ പര്‍വ്വതത്തോളം ഉയര്‍ന്നുപൊന്തിയ വെള്ളത്തിലൂടെ ആ പര്‍വ്വതത്തില്‍ വന്നുപെട്ടതാണെന്ന് നിസ്സംശയം, നിസാരമായി ചിന്തിച്ചാലറിയാം. ഈ വാര്‍ത്ത ഒരു മലയാളം പ്രസിദ്ധീകരണം ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു: ഏഴു വര്‍ഷം മുമ്പ് തുര്‍ക്കിയില്‍നിന്നും ചൈനയില്‍നിന്നുമുള്ള ഒരു ഇവാഞ്ചലിക്കല്‍ ഗവേഷകസംഘം നിര്‍ണായകമായൊരു കണ്ടെത്തല്‍ നടത്തിയിരുന്നു. നോഹയുടെ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ അവര്‍ കണ്ടെത്തിഎന്നായിരുന്നു. അറാറത്തില്‍ 13,000 അടി ഉയരത്തിലായിരുന്നു പേടകത്തിന്റേതിനു സമാനമായ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മരം കൊണ്ടു തയ്യാറാക്കിയ കപ്പലിനു സമാനമായ രൂപത്തിന്റെ അവശിഷ്ടങ്ങളാണ് അതെന്നായിരുന്നു ഗവേഷകരുടെ അവകാശവാദം. അത്രയും ഉയരത്തില്‍ എങ്ങനെ കപ്പല്‍ എത്തി എന്നായിരുന്നു അതോടെ സംശയമുയര്‍ന്നത്. തുടര്‍ന്ന് കാര്‍ബണ്‍ ഡേറ്റിങ് പരിശോധന നടത്തി. 4800ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ആ അവശിഷ്ടങ്ങളെന്നായിരുന്നു കണ്ടെത്തല്‍. അങ്ങനെയാണ് അതു നോഹയുടെ പേടകംതന്നെയാണെന്ന് പര്യവേക്ഷകസംഘം ഉറപ്പിച്ചത്. എന്നാല്‍, ശാസ്ത്രജ്ഞര്‍ ആ അവകാശവാദത്തെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തള്ളിക്കളയുകയാണു ചെയ്തത്. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനായ നിക്കോളാസ് പഴ്‌സല്‍ അതിനുള്ള കാരണവും വ്യക്തമാക്കി. ആ വാദം ഇങ്ങനെ: നോഹയുടെ പേടകത്തെ തുര്‍ക്കിയിലെ ഏറ്റവുംവലിയ പര്‍വതത്തിനു മുകളിലെത്തിക്കണമെങ്കില്‍ യൂറേഷ്യയെ 12,000 അടി മൂടുന്ന വിധത്തില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നിരിക്കണം. എന്നാല്‍, ആ വെള്ളപ്പൊക്കം ഉണ്ടായിരുന്നെങ്കില്‍ പിന്നെങ്ങനെയാണ് ഈജിപ്ഷ്യന്‍, മെസപ്പൊട്ടോമിയന്‍ സംസ്‌കാരങ്ങളെല്ലാം യാതൊരു പ്രശ്‌നവുമില്ലാതെ നിലനിന്നതെന്നാണു ചോദ്യം. മറ്റൊരു ചോദ്യം മുന്നോട്ടുവച്ചത് ബ്രിട്ടിഷ് ആര്‍ക്കിയോളജിസ്റ്റായ മൈക്ക് പിറ്റ് ആണ്. ഇത്രയും ഭീകരമായ വെള്ളപ്പൊക്കം 4800 വര്‍ഷം മുമ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും അതിന്റേതായ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളുണ്ടാകേണ്ടതാണ്. എന്നാല്‍, ഇന്നേവരെ അത്തരമൊരു മാറ്റം എവിടെനിന്നും കണ്ടെത്താനായിട്ടില്ല. പഴയ പര്യവേഷണം തകര്‍ന്നയിടത്തുനിന്നായിരുന്നു പുതിയ കാലിഫോര്‍ണിയന്‍ സംഘത്തിന്റെ ഗവേഷണം. പ്രളയത്തിന്റേതായ ലക്ഷണങ്ങള്‍ അറാറാത്ത് മലനിരകളിലുണ്ടോ എന്നാണ് സംഘം പ്രധാനമായും അന്വേഷിച്ചത്. എന്നാല്‍, നിര്‍ണായകമായ കണ്ടെത്തല്‍ തങ്ങള്‍ നടത്തിയെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നത്. ലോകമെമ്പാടുമുള്ള നൂറോളം ഗവേഷകരാണ് നോഹയുടെ പേടകം സംബന്ധിച്ച സിംപോസിയത്തില്‍ പങ്കെടുക്കാനായി അറാറത്തിലെത്തിയത്. പേടകം എവിടെയാണ് ഉറച്ചിരിക്കുന്നതെന്ന് കണ്ടെത്തുക മാത്രമല്ല ഇവരുടെ ലക്ഷ്യം. പ്രളയത്തെ തുടര്‍ന്ന് പര്‍വതത്തില്‍ ഭൂമിശാസ്ത്രപരമായ എന്തെങ്കിലും മാറ്റങ്ങളുണ്ടായിട്ടുണ്ടോ എന്നുകൂടിയാണ്. ജിയോസയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനാണ് ഗവേഷണച്ചുമതല. ദൈവം സൃഷ്ടിച്ചതെന്നു കരുതുന്ന വെള്ളപ്പൊക്കം പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങള്‍ കണ്ടെത്തുകയാണ് ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് പ്രഫസര്‍ റോള്‍ എസ്പരാന്റെ പറയുന്നു. (2017 ഡിസം. 28 മനോരമ ഓണ്‍ലൈന്‍) അതിനു പുറമെ ഈ സംഭവത്തിലെ മറ്റൊരു ചിന്താവിഷയമാണ് ഇക്കാര്യം 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു എന്നത്. ഈ ചരിത്രം ഇത്ര കണിശമായും സൂക്ഷ്മമായും അറിയാനുള്ള ഒരു വിദ്യാഭ്യാസ മാനദണ്ഡങ്ങളും അന്നുണ്ടായിരുന്നില്ല. അക്കാര്യം ഖുര്‍ആന്‍തന്നെ ഇങ്ങനെ പറയുന്നു: (നബിയേ,) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു. നിങ്ങള്‍ക്കു നാം അത് സന്ദേശമായി നല്‍കുന്നു. താങ്കളോ, താങ്കളുടെ ജനതയോ ഇതിനു മുമ്പ് അതറിയുമായിരുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക. തീര്‍ച്ചയായും അനന്തരഫലം സൂക്ഷ്മതപാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും. (11:49). അതോടെ ഈ സംഭവം വിശുദ്ധ ഖുര്‍ആന്റെ അമാനുഷികത വിളിച്ചുപറയുന്ന മറ്റൊരു വിളംബരമായി.