Sunni Afkaar Weekly

Pages

Search

Search Previous Issue

രാഗം അനുരാഗം

കെ.ടി ഹനീഫ് റഹ്മാനി പനങ്ങാങ്ങര
രാഗം അനുരാഗം

നബി(സ്വ)യോടും വിശുദ്ധ ഇസ്‌ലാമിനോടും അതീവ താല്പര്യമായിരുന്നു അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം(റ)വിന്. കണ്ണുകാണാനാവില്ലെങ്കിലും വിശ്വാസത്തിന്റെ ഉള്‍വെളിച്ചം വഴികളെ പ്രഭാമയമാക്കി. പ്രവാചകത്വലബ്ധിയുടെ ആദ്യ നാളുകളില്‍തന്നെ ഇസ്‌ലാമിലേക്ക് കടന്നുവരികയും ശത്രുക്കളുടെ കൊടിയ മര്‍ദ്ദനങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു. തിരുദൂതര്‍(സ്വ)യോടുള്ള ഇഷ്ടം ഹൃദയാന്തരത്തില്‍ ആഴത്തില്‍ വേരോടിയിരുന്ന ആദരണീയ സ്വഹാബിവര്യനു പീഡനങ്ങളൊന്നും ഏശിയില്ല. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ടു പഠിക്കാനും പകര്‍ന്നുകൊടുക്കാനും കിട്ടുന്ന ഒരവസരവും പാഴാക്കിയില്ല. കടുത്ത ശൈത്യത്തിലും കൂരിരുട്ടിലും പള്ളിയിലേക്ക് നടന്നുനീങ്ങി. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഹൃദിസ്ഥമാക്കാനും ഇസ്‌ലാമിക പാഠങ്ങള്‍ പകര്‍ത്താനും ആയുഷ്‌കാലം മാറ്റിവെച്ചു. ഇതിനായി ഒരിക്കലദ്ദേഹം തിരുസവിധത്തിലെത്തി. ഖുറൈശീ പ്രമുഖരായ ഉത്ബതുബ്‌നു റബീഅ, ശൈബത്, അംറുബ്‌നു ഹിശാം എന്ന അബൂജഹല്‍, ഉമയ്യത്തുബ്‌നു ഖലഫ്, വലീദുബ്‌നുല്‍ മുഗീറ എന്നിവരുമായുള്ള സംഭാഷണത്തിലായിരുന്നു തിരുദൂതര്‍(സ്വ). തന്റെ അനുചരര്‍ക്കു സഹിക്കേണ്ടിവരുന്ന കൊടിയ പീഡനത്തിന്റെ മൂര്‍ച്ച കുറയ്ക്കാനും സത്യവിശ്വാസികളോടുള്ള കാര്‍ക്കശ്യം വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത തുറയ്ക്കാനുമായെങ്കിലോ എന്ന താല്‍പര്യത്തിലായിരുന്നു ആ ചര്‍ച്ച. അന്നേരം അവിടെ കയറിച്ചെന്ന ഇബ്‌നു ഉമ്മിമക്തൂം(റ) വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തമോതി വിശദീകരണമാരാഞ്ഞു. സന്ദര്‍ഭത്തിന്റെ നിര്‍ബന്ധമെന്ന നിലക്കാണെങ്കിലും തിരുസമീപനത്തില്‍ അല്ലാഹു ഇടപെട്ടു. വിശുദ്ധ ഖുര്‍ആനിലെ അധ്യായം അബസയിലെ ആദ്യ സൂക്തങ്ങള്‍ അവതീര്‍ണമായി: അന്ധന്‍ സമീപിച്ചപ്പോള്‍ അവിടുന്ന് മുഖം ചുളിച്ചു. 'താങ്കള്‍ക്കെന്തറിയാം. ഒരുവേള അദ്ദേഹം നന്നായിത്തീര്‍ന്നേക്കാം. അഥവാ, ഉപദേശം ശ്രദ്ധിക്കുകയും അത് അദ്ദേഹത്തിനു ഫലപ്പെടുകയും ചെയ്‌തേക്കാം. സ്വയം പോന്നവനായി ചമയുന്നവനാരോ, അവനെ താങ്കള്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ അവന്‍ നന്നായില്ലെങ്കില്‍ താങ്കള്‍ക്കെന്ത്? താങ്കളുടെയടുക്കല്‍ ഓടിയെത്തുകയും അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുന്നവനോ അവനോട് താങ്കള്‍ വൈമുഖ്യം കാട്ടുന്നു.'’ ഈ സംഭവത്തെ തുടര്‍ന്ന് ഇബ്‌നു ഉമ്മിമക്തൂം(റ)വിന്റ കാര്യത്തില്‍ തിരുദൂതര്‍(സ്വ) കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ഏറെ പരിഗണിക്കുകയും ചെയ്തു. അദ്ദേഹം കടന്നുവരുമ്പോള്‍ പ്രത്യേകം സ്വാഗതമരുളും, അടുത്തിരുത്തും; ആവശ്യങ്ങള്‍ ചോദിച്ചറിയും; നിറവേറ്റിക്കൊടുക്കും. പ്രവാചകപത്‌നി ഖദീജ ബീബി(റ)യുടെ പിതൃസഹോദരനായ ഖൈസുബ്‌നു സാഇദിന്റെ പുത്രനാണ്. ആതികയാണ് മാതാവ്. മദീനയിലേക്കുള്ള പലായനത്തിന് അനുമതി നല്‍കപ്പെട്ടപ്പോള്‍ ശാരീരിക ദൗര്‍ബല്യം വകവയ്ക്കാതെ ഉറ്റവരെയും ഉടയവരെയും വിട്ട് ആദ്യസംഘമായി മിസ്അബ് ബിന്‍ ഉമൈര്‍(റ)വിന്റെ കൂടെ ഹിജ്‌റ പോയി. മദീനയില്‍ മിസ്അബ് (റ)വിന്റെ വലംകൈയ്യായി പ്രബോധന രംഗത്ത് സജീവമായി. തേടിയെത്തുന്നവര്‍ക്ക് വിശുദ്ധ ഖുര്‍ആനും മതവിധികളും പകര്‍ന്നുനല്‍കി. തിരുദൂതര്‍ മദീനയിലെത്തിയപ്പോള്‍ ബിലാലുബ്‌നു റബാഹിന്റെ സഹചാരിയായിത്തീര്‍ന്നു. ശബ്ദത്തിന്റെ മനോഹാരിതയും ഘനഗാംഭീര്യവും പരിഗണിച്ച് മസ്ജിദിലെ വാങ്കും ഇഖാമത്തും നിര്‍വഹിക്കുന്ന ഉത്തരവാദിത്തത്തില്‍ ബിലാല്‍(റ)ന്റെ സഹായിയായി ചുമതല നല്‍കി. തിരുദൂതര്‍(സ്വ) മദീന വിട്ട് പുറത്തുപോകുമ്പോള്‍ പ്രതിനിധിയായി പലപ്പോഴും ഇബ്‌നു ഉമ്മിമക്തൂമി(റ)നെ നിര്‍ത്തുമായിരുന്നു. മക്കാ വിജയമടക്കം പത്തിലധികം തവണ നബി(സ്വ)യുടെ അഭാവത്തില്‍ പ്രാതിനിധ്യം വഹിച്ചിട്ടുണ്ട്. യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് പങ്കെടുക്കാത്തവരെക്കാള്‍ പദവി കൂടുതലാണെന്ന് (അന്നിസാഅ്: 95) ബദ്ര്‍യുദ്ധ യോദ്ധാക്കളെ പ്രശംസിച്ച് ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ ഇബ്‌നു ഉമ്മിമക്തൂം(റ) തിരുദൂതര്‍(സ്വ)യോട് ആവലാതി ബോധിപ്പിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, അന്ധനായതുകൊണ്ടാണല്ലോ എനിക്ക് പങ്കെടുക്കാന്‍ കഴിയാതെപോയത്. സാധ്യമാകുമായിരുന്നെങ്കില്‍ ഞാന്‍ പങ്കെടുക്കുമായിരുന്നു. തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് ഞങ്ങളുടെ പുണ്യം നഷ്ടപ്പെടുമോ?' അക്കാര്യത്തില്‍ തിരുദൂതര്‍ പ്രാര്‍ത്ഥിച്ചു. ആ പരിഭവം അല്ലാഹു കേട്ടു. വിഷമതകള്‍ ഉള്ളവര്‍ക്കിത് ബാധകമല്ലെന്ന അര്‍ത്ഥത്തില്‍ ഖുര്‍ആന്‍ അവതരിച്ചു. എന്നിട്ടും രണാങ്കണത്തില്‍ പോരാടിയതിന്റെ പദവി പോരാടിത്തന്നെ നേടാന്‍ അദ്ദേഹം കൊതിച്ചു. കൂട്ടുകാരോട് അദ്ദേഹം പറയുമായിരുന്നു- നിങ്ങളെന്നെ രണാങ്കണത്തിലേക്ക് കൊണ്ടുപോയി അണികള്‍ക്കിടയില്‍ നിര്‍ത്തുക. പതാക വഹിക്കാന്‍ എന്നെ ചുമതല ഏല്‍പ്പിക്കുക. നിങ്ങള്‍ക്ക് വേണ്ടി ഞാനത് സംരക്ഷിക്കും. കണ്ണുകാണാത്ത എനിക്ക് ഓടി രക്ഷപ്പെടാനാവില്ലല്ലോ. തങ്ങള്‍ യുദ്ധത്തിനു പോകുമ്പോള്‍ മദീനയുടെ ചുമതല ഏറ്റെടുക്കേണ്ടിവന്നതിനാല്‍ തങ്ങളുടെ കൂടെ യുദ്ധത്തില്‍ പങ്കെടുക്കാനായില്ല. ഖലീഫ ഉമര്‍(റ)വിന്റെ കാലത്ത് ഹിജ്‌റ പതിനാലാം വര്‍ഷം പേര്‍ഷ്യന്‍ സൈന്യവുമായി നടത്തിയ പ്രസിദ്ധമായ ഖാദിസിയ്യ യുദ്ധത്തിനുവേണ്ടി പടയങ്കിയണിഞ്ഞ് അടര്‍ക്കളത്തില്‍ മുന്‍നിരയില്‍തന്നെ നിന്നു. സേനാനായകനായ സഅദ് ബിന്‍ അബീ വഖാസ്(റ) ഇസ്‌ലാമിന്റെ വെള്ളക്കൊടി അദ്ദേഹത്തിന്റെ കൈകളിലേല്‍പ്പിച്ചു. വീട്ടിലിരിക്കാന്‍ കാരണങ്ങളുണ്ടായിട്ടും യുദ്ധങ്ങളില്‍ പങ്കെടുക്കാതെതന്നെ തനിക്കതിന്റെ പുണ്യം ലഭിക്കുമെന്നറിയുമായിരുന്നിട്ടും യുദ്ധം ചെയ്തു വീരമൃത്യുവരിച്ചു.