മനുഷ്യന്റെ മടക്ക യാത്ര
ശരീരം, ആത്മാവ് എന്നീ രണ്ടു ഭാഗങ്ങളാണല്ലോ മനുഷ്യന്‍. ശരീരം സാധാരണ വസ്തുവാണെങ്കില്‍ ആത്മാവ് അസാധാരണ വസ്തുവാണ്. വിദേശ വാസംപോലെ താല്‍ക്കാലികം മാത്രമാണ് ഈ ലോകത്ത് മനുഷ്യന്റെ ജീവിതം. വൈകാതെ സ്വദേശത്തേക്ക് മടങ്ങിപ്പോകേണ്ടവനാണവന്‍. അവിടെ സുഖമായി കഴിയാനുള്ളതെല്ലാം മടക്ക യാത്രയില്‍ കൊണ്ടുപോവേണ്ടതുണ്ട്. അതിന്റെ ശേഖരണവും സജ്ജീകരണവും ഭംഗിയായി നിര്‍വ്വഹിക്കുക എന്നതാണ് ഈലോക ജീവിതത്തില്‍ മനുഷ്യന്‍ ചെയ്യേണ്ട ഉത്തരവാദിത്തം. മടക്കയാത്രയില്‍ കരുതിയ വിഭവങ്ങളുടെ തോതനുസരിച്ച് വ്യത്യസ്ത മായിരിക്കും മടക്കസ്ഥലത്ത് ലഭിക്കുന്ന പദവികള്‍. ദൈവിക വിധിവിലക്കുകള്‍ കൃത്യമായി പാലിച്ചുകൊണ്ട് ജീവിതം നയിക്കുകയും കാപട്യമോ ലോകമാന്യമോ ഒട്ടും കലരാതെ ഇലാഹീ പ്രീതി മാത്രം മോഹിച്ചുകൊണ്ട് ആരാധനകള്‍ നിര്‍വ്വഹിക്കുകയും ആത്മീയ ജ്ഞാനം നേടുകയും ചെയ്തുകൊണ്ടാണ് ശരീരം മടക്കയാത്ര പോവേണ്ടത്. അസ്ഥികളുടെ തോതനുസരിച്ച് മൂന്ന് മഹോന്നത പദവികള്‍ അവര്‍ക്കായി കാത്തിരിപ്പുണ്ട്. ഒന്ന്. ആലമുല്‍ മുല്‍ക്, രണ്ട്. ആലമുല്‍ മലകൂത്, മൂന്ന്. ആലമുല്‍ ജബറൂത്. ഇതില്‍ ആദ്യത്തേത് ഇലാഹീ വിധിവിലക്കുകള്‍ കൃത്യമായി അനുസരിച്ചുകൊണ്ട് ജീവിതം നയിച്ച സജ്ജനങ്ങള്‍ക്കു മാത്രം ലഭിക്കുന്നതാണ്. ജന്നതുല്‍ മഅവയെന്നും ഇതറിയപ്പടും. ദൈവിക വിധിവിലക്കുകള്‍ പാലിക്കുന്നതോടൊപ്പം ഇലാഹീ പ്രീതി മാത്രം കാംക്ഷിച്ച് അധിക ആരാധനകളില്‍ മുഴുകിയവര്‍ക്കുള്ളതാണ് രണ്ടാമത്തേത്. ജന്നതുന്നഈം എന്നും ഇതറിയപ്പടും. അല്ലാഹുവല്ലാത്ത മറ്റൊരു ചിന്തക്കും മനസ്സില്‍ ഇടം നല്‍കാതെ സമ്പൂര്‍ണ പരിത്യാഗ ജീവിതം നയിച്ചുകൊണ്ട് മടങ്ങിച്ചെല്ലുന്നവര്‍ക്ക് തയ്യാര്‍ചെയ്യപ്പെട്ടതാണ് മൂന്നാമത്തെ പദവി. ജന്നതുല്‍ ഫിര്‍ദൗസ് എന്നും ഇതറിയപ്പടും. ഈ ഓരോ പദവികളും ലഭ്യമാകുന്നതിനുള്ള പ്രാഥമിക യോഗ്യത ശരീഅത്ത്, ത്വരീഖത്ത്, മഅ്‌രിഫത് എന്നിവയിലുള്ള അവഗാഹവും ബന്ധവുമാണ്. ഇവയോടൊപ്പം ആധ്യാത്മിക ജ്ഞാനത്തില്‍ അത്യുന്നതി പ്രാപിച്ചുകൊണ്ട് മടക്കയാത്ര പോകുന്ന ആത്മാവുകള്‍ക്ക് ആലമുല്‍ ജബറൂത്തില്‍ ഇടം ലഭിക്കുന്നു. വിജ്ഞാന സമ്പാദനത്തിലൂടെയാണ് മനുഷ്യന്‍ സത്യചിന്തയിലേക്കെത്തിച്ചേരുക. സുകൃതങ്ങള്‍ ചെയ്യാനുള്ള പ്രേരകം സത്യബോധമാണ്. സത്യത്തെ സത്യമെന്നറിയാനും അതിനെ പിന്‍പറ്റാനും തെറ്റിനെ തെറ്റെന്ന റിയാനും അതിനെ വര്‍ജ്ജിക്കാനും ഞങ്ങളെ തുണക്കേണമേ നാഥാ എന്ന് സദാ സമയവും പ്രാര്‍ത്ഥിക്കണമെന്ന് പ്രവാചകര്‍ മുഹമ്മദ്(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സ്വന്തം ശരീരത്തെ കുറിച്ചുള്ള ആഴമേറിയ അറിവ് മനുഷ്യനെ സത്യത്തിലേക്ക് നയിക്കുമെന്ന് പ്രവാചകന്‍ (സ്വ) അറിയിച്ചിട്ടുണ്ട്. മനുഷ്യനെ നിരന്തരം തെറ്റുകളിലേക്ക് വലിച്ചിഴക്കുക എന്നത് ശരീരത്തിന്റെ ഹോബിയാണ്. ശരീരത്തെ നിയന്ത്രിക്കാനും അതിന്റെ പ്രേരണകളോട് നോ പറയാനും സാധിക്കാത്തവക്ക് മേല്‍പറഞ്ഞ മൂന്ന് പദവികളിലുമെത്തിച്ചേരാന്‍ സാധിക്കുകയില്ല. സ്രഷ്ടാവിനും അവന്റെ കല്‍പനകള്‍ക്കും മുന്തിയ പരിഗണന നല്‍കാതെ ജീവിക്കുന്നവര്‍ക്ക് പരലോക മോക്ഷം നേടാനുമാവില്ല. ശരീരത്തെ ശരിക്കും മനസ്സിലാക്കുകയും അതിന്റെ ആഗ്രഹങ്ങള്‍ക്കെതിരായി നില കാള്ളുകയും ചയ്യുന്നവര്‍ സ്വന്തം രക്ഷിതാവിനെ അറിയുകയും അവനെ അനുസരിക്കുകയും ചെയ്തു. അല്ലാഹുവിലേക്കുള്ള തിരിച്ചു പോക്ക് എന്നാല്‍ ആത്മീയജ്ഞാനത്തിലൂടെ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കുക എന്നതാണ്. ആലമുല്‍ മലകൂതിലേക്ക് പ്രവേശിക്കാനുള്ള പാസ് ഈ തൗഹീദാണ്. നിരന്തരം ആരാധനാകര്‍മ്മങ്ങളില്‍ മുഴുകുന്ന അവര്‍ സുരക്ഷിതമായി സ്വദേശത്ത് തിരിച്ചെത്തും. ഉറക്കവും ഉണര്‍വ്വുമെല്ലാം അവര്‍ക്ക് ആരാധനകളായിരിക്കും. പണ്ടിതന്റെ ഉറക്കം പാമരന്റെ ആരാധനയെക്കള്‍ ഉത്തമമാണ്. ഒരു മണിക്കൂര്‍ സമയം അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകുന്നത് എഴുപത് വര്‍ഷം ആരാധനയില്‍ മുഴുകുന്നതിനെക്കാള്‍ ഗുണകരമാണ്. ചിന്തയിലൂടെ ദൈവികതയിലേക്കും, ഏകദൈവ വിശ്വാസത്തിലേക്കും അവസാനം ദൈവസാമീപ്യത്തിലേക്കും മനുഷ്യന്‍ എത്തിച്ചേരുന്നു. അല്ലാഹു പറയുന്നു: 'രഹസ്യങ്ങളുടെ കലവറയാണ് മനുഷ്യന്‍. ഞാനാണ് അവനിലെ ഏറ്റവുംവലിയ രഹസ്യം.' ആത്മീയ അറിവുകളെ രഹസ്യങ്ങളുടെ രഹസ്യമെന്നു പറയാം. അല്ലാഹുവാണ് മനസ്സുകളില്‍ അതു നിക്ഷേപിക്കുന്നത്. മറ്റാര്‍ക്കും അതില്‍ ഒരു പങ്കുമില്ല. ജ്ഞാനികള്‍ സ്വര്‍ഗത്തിലേക്ക് നടന്നടുക്കുമ്പോള്‍ ആത്മീയജ്ഞാനികള്‍ അല്ലാഹുവിന്റെ സാമീപ്യത്തിലേക്ക് പറന്നടുക്കുന്നു. ആത്മജ്ഞാനികള്‍ക്ക് മറ്റാര്‍ക്കും കാണാനാവാത്തത് കാണാനും അറിയാത്തത് അറിയാനും സാധിക്കും. തൂവലില്ലാതെ തന്നെ രക്ഷിതാവിലേക്ക് പറന്നെത്താന്‍ അവര്‍ക്ക് കഴിയും. ഇത്തരം കഴിവ് നേടുന്നവരാണ് പരിപൂര്‍ണ മനുഷ്യന്‍ എന്ന വിശേഷണത്തിന് അര്‍ഹത നേടുന്നത്. പ്രവാചക തിരുമേനി(സ്വ) ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു. അബൂസഈദുല്‍ ബിസ്ത്വാമി പറയുന്നു. ഔലിയാക്കള്‍ അല്ലാഹുവിന്റെ സന്നിധിയില്‍ മറ്റാര്‍ക്കും കാണാനാവാത്തവിധം മറഞ്ഞിരിക്കുകയാണ്. അല്ലാഹുവിനു മാത്രമേ അവരെ കാണാനൊക്കുകയുള്ളൂ. യഹ്‌യ ബിന്‍ മുആദ് പറയുന്നു- 'ഭൂമിയിലെ റൈഹാന്‍ ചെടിയാണ് ഔലിയാക്കള്‍. സജ്ജനങ്ങള്‍ ആ ചെടിയുടെ വാസന ആസ്വദിക്കുകയും അതവരുടെ ഹൃദയത്തിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്നു. അവര്‍ മുഖേന രക്ഷിതാവിനെ പ്രാപിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ സുഖങ്ങളെല്ലാം വെടിഞ്ഞ് ജീവിക്കുന്ന പച്ചപ്പാവമെന്നാണ് നമുക്കവരെക്കുറിച്ച് തോന്നുകയെങ്കിലും ജീവിതത്തിലെന്നല്ല, മരണത്തിലും മരണാനന്തര ലോകത്തും യഥാര്‍ത്ഥ സുഖങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ അവരാണ് എന്നതാണ് പരമാര്‍ത്ഥം. സ്വന്തം അഭിപ്രായങ്ങള്‍ക്കും തോന്നലുകള്‍ക്കുമനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുകയില്ല, അല്ലാഹുവിനോടല്ലാതെ അവര്‍ക്ക് യാതൊരു ബന്ധമുണ്ടാവുകയുമില്ല. കറാമത്തുകള്‍ നല്‍കി അല്ലാഹു അവരെ കൂടുതല്‍ ശക്തരാക്കും. ആയിരത്തോളം പദവികള്‍ വേറയും വലിയ്യിന് ലഭ്യമാകാനുണ്ട്. കറാമത്ത് അവയില്‍ ആദ്യത്തേതു മാത്രമാണ്. അതു ലഭ്യമായിക്കഴിഞ്ഞാല്‍ ബാക്കി പദവികള്‍ എളുപ്പത്തില്‍ നേടാനാവും.