Sunni Afkaar Weekly

Pages

Search

Search Previous Issue

പിതാവും കൂട്ടുകാരനും

ഹനീഫ് റഹ്മാനി പനങ്ങാങ്ങര
പിതാവും  കൂട്ടുകാരനും

ഖസ്‌റജുകാരേ, മുഹമ്മദിനെ നിങ്ങള്‍ക്കറിയാമല്ലോ. തങ്ങള്‍ക്കു ധാരാളം ശത്രുക്കളുണ്ട്. അവരില്‍ നിന്ന് ഞങ്ങള്‍ അദ്ദേഹത്തെ ഇപ്പോള്‍ സംരക്ഷിക്കുന്നുണ്ട്. സ്വന്തം നാട്ടിലും ജനതയിലും അഭിമാനിയാണ് തങ്ങള്‍. ഇന്നു നിങ്ങളുടെ നാട്ടിലേക്കു പലായനം ചെയ്യണമെന്നാഗ്രഹിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കുകയും ശത്രുക്കളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ നല്ലതു തന്നെ. എന്നാല്‍, ശത്രുക്കള്‍ക്ക് വിട്ടുകൊടുക്കുകയും നിന്ദിക്കുകയും ചെയ്‌തേക്കുമെങ്കില്‍ ഇപ്പോള്‍തന്നെ തങ്ങളുടെ ഇഷ്ടത്തിനു വിടുന്നതായിരിക്കും നല്ലത്. രണ്ടാം അഖബാ ഉടമ്പടി നടക്കാന്‍ പോവുകയാണ്. വളരെ രഹസ്യമായി, രാത്രിസമയത്തു നടന്ന ആ കരാറിനു മുന്നോടിയായി പ്രവാചകര്‍ക്ക് സഹായിയായി കൂടെ ചെന്ന് അബ്ബാസ്(റ) സംസാരിക്കുകയാണ്. പ്രവാചകജീവിതത്തിന്റെ പല നിര്‍ണായക സമയത്തും അബ്ബാസ്(റ) നബിക്കൊപ്പം ഉണ്ടായിട്ടുണ്ട്. മദീനക്കാരായ എഴുപത്തഞ്ച് പേരാണ് ഹജ്ജ് വേളയില്‍ മക്കയില്‍ അഖബയില്‍ വച്ച് തിരുനബി(സ്വ)യോട് തിരുദൂതരെ മദീനയിലേക്ക് സ്വാഗതം ചെയ്തു സന്ധി ചെയ്യുന്നത്. തിരുനബി(സ്വ)യുടെ സുരക്ഷയില്‍ ആശങ്കയുള്ളതുകൊണ്ട് മദീനക്കാരുടെ ആയോധനക്ഷമതയെ കുറിച്ച് വിശദീകരിക്കാന്‍ അബ്ബാസ്(റ) ആവശ്യപ്പെടുകയുണ്ടായി. ഖുറൈശികള്‍ മദീനയിലും മുസ്‌ലിംകള്‍ക്ക് സ്വസ്ഥത നല്‍കില്ലെന്നും അവരോട് പോരാട്ടം അനിവാര്യമായിവരുമെന്നും ദീര്‍ഘദര്‍ശനംചെയ്ത അദ്ദേഹം അത്തരമൊരു സന്ദര്‍ഭം അഭിമുഖീകരിക്കാന്‍ മദീനക്കാര്‍ പ്രാപ്തരാണോ എന്ന് അന്വേഷിക്കുകയായിരുന്നു. അവര്‍ യുദ്ധപാരമ്പര്യം വിശദീകരിക്കുകയും ഉറ്റബന്ധുക്കളെ പോലെ റസൂല്‍(സ്വ)യെ സംരക്ഷിച്ചുകൊള്ളാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തപ്പോഴാണ് മഹാന് സമാധാനമായത്. ഞങ്ങള്‍ യുദ്ധജ്ഞാനികളാണ്. ഞങ്ങളുടെ വ്യായാമവും അന്നവുമെല്ലാം പോരാട്ടമത്രെ. പൂര്‍വ പിതാക്കളില്‍നിന്ന് പൈതൃകമായി ഞങ്ങള്‍ക്കു ലഭിച്ചതാണീ രണോത്സുകത. ആവനാഴിയിലെ അവസാനാസ്ത്രവും ഞങ്ങള്‍ ശത്രുക്കള്‍ക്കെതിരേ തൊടുത്തുവിടും. പിന്നെ വാളെടുക്കും. രണ്ടിലൊരാളുടെ പതനംവരെ പൊരുതും. ഖസ്‌റജ് പ്രതിനിധി അബ്ദുല്ലാഹിബ്‌നു അംറ്(റ) അബ്ബാസ്(റ)ന് ഉറപ്പു നല്‍കി. തിരുദൂതരും പിതൃവ്യനായ അബ്ബാസും സമപ്രായക്കാരായിരുന്നു. ബാല്യം ഒന്നിച്ച് ചെലവഴിച്ചവരായിരുന്നു. നബി(സ്വ) അബ്ബാസ്(റ)വിനെ കുറിച്ച് പറയുമായിരുന്നു: 'ഇത് എന്റെ പിതാക്കളിലെ അവശേഷിപ്പാകുന്നു.' ബാല്യത്തിലേ സമര്‍ത്ഥനും ബുദ്ധിമാനുമായിരുന്നു അബ്ബാസ്. മുതിര്‍ന്നപ്പോള്‍ ഖുറൈശികളില്‍ ആദരണീയനായി. ബന്ധുമിത്രാദികളുടെ കഷ്ടപ്പാടില്‍ വല്ലാതെ മനസ്സലിയുന്ന അദ്ദേഹം ശാരീരികമായും സാമ്പത്തികമായും അവരെ സഹായിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ദാരിദ്ര്യം ഭയക്കാത്ത ദാനശീലം അദ്ദേഹത്തെ വ്യത്യസ്തനും ജനപ്രിയനുമാക്കി. ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തിലേ സത്യമതം ഉള്‍ക്കൊണ്ടിരുന്നുവെങ്കിലും പരസ്യപ്പെടുത്തിയത് മക്കാവിജയത്തിനു തൊട്ടുമുമ്പാണ്. അബൂറാഫിഅ്(റ) പറയുന്നു: 'ഞാന്‍ അബ്ബാസ്(റ)ന്റെ അടിമയായിരുന്നു. ഞങ്ങളുടെ ഭവനത്തില്‍ ഇസ്‌ലാമിക സന്ദേശം നേരത്തെതന്നെ വന്നെത്തി. അബ്ബാസ്(റ)വും പത്‌നി ഉമ്മുല്‍ ഫള്ല്‍(റ)വും ഞാനും വൈകാതെ ഇസ്‌ലാം സ്വീകരിച്ചെങ്കിലും അബ്ബാസ്(റ) വിശ്വാസം രഹസ്യമാക്കിവച്ചു.' ബദ്ര്‍ യുദ്ധം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണഘട്ടമായിരുന്നു. ഖുറൈശികളുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോടൊപ്പം ബദ്‌റിലേക്കു തിരിച്ചു. യുദ്ധത്തിന്റെ നിര്‍ണായക സന്ദര്‍ഭത്തില്‍ നബി(സ്വ) സ്വഹാബത്തിനോടുണര്‍ത്തി: 'ബനൂഹാശിമികളും അല്ലാത്തവരുമായ ചിലര്‍ നിര്‍ബന്ധിതരായാണ് യുദ്ധത്തില്‍ സംബന്ധിച്ചിട്ടുള്ളത്.' നമ്മെ എതിര്‍ക്കണമെന്ന വിചാരം അവര്‍ക്കൊട്ടുമേയില്ല. അതിനാല്‍ അത്തരക്കാരെ നിങ്ങള്‍ വധിക്കരുത്. അബുല്‍ ബഖ്തരിയ്യുബ്‌നു ഹിശാമിനെയും അബ്ബാസിനെയും നിങ്ങള്‍ വധിക്കരുത്. അവര്‍ നിര്‍ബന്ധിതരായവരാകുന്നു. ബദ്‌റില്‍ തടവിലാക്കപ്പെട്ട ശത്രുക്കളില്‍ അബ്ബാസുമുണ്ട്. രാത്രിയില്‍ തടവുകാരുടെ ഭാഗത്തുനിന്ന് തേങ്ങലുയര്‍ന്നപ്പോള്‍ അത് ചങ്ങലയില്‍ കഴിയുകയായിരുന്ന പിതൃവ്യന്റെ ശബ്ദമാണെന്ന് അവിടുന്ന് തിരിച്ചറിഞ്ഞു. അളവറ്റ സ്‌നേഹം തനിക്കു ചൊരിഞ്ഞുതന്ന അബ്ബാസിന്റെ ദുരവസ്ഥയോര്‍ത്തപ്പോള്‍ പ്രവാചകര്‍ക്കു വിഷമമായി. തിരിച്ചറിഞ്ഞ സ്വഹാബ കാരണം തിരക്കി. ഞാന്‍ അബ്ബാസിന്റെ ഗദ്ഗദം കേള്‍ക്കുന്നു.’ അപ്പോള്‍ ഒരു സ്വഹാബി ചെന്ന് അദ്ദേഹത്തിന്റെ ബന്ധനമഴിച്ചു തിരിച്ചുവന്നു. ഞാന്‍ അദ്ദേഹത്തിന്റെ കെട്ടഴിച്ചിരിക്കുന്നു നബിയേ. അതു മാത്രം പോരാ, എല്ലാവരുടെയും കെട്ടുകള്‍ അഴിച്ചേക്കുക. അങ്ങനെ എല്ലാവരെയും ബന്ധനമുക്തരാക്കി. സ്വതന്ത്രനായി മക്കയിലേക്ക് തിരിച്ച അദ്ദേഹം പിന്നീട് പരസ്യമായി ഇസ്‌ലാം പ്രഖ്യാപിച്ച് മുഹാജിറുകളില്‍ അവസാനത്തെ ആളായി ഭാര്യ സന്താനങ്ങളോടൊപ്പം മദീനയിലെത്തി. നബി(സ്വ)യുടെ ഉറ്റ സഹായിയായി നിലകൊണ്ടു. ഹുനൈന്‍ യുദ്ധത്തില്‍ അപ്രതീക്ഷിതമായുണ്ടായ ശത്രുക്കളുടെ മിന്നലാക്രമണത്തില്‍ മുസ്‌ലിം സൈന്യം ചിതറിയോടിയപ്പോള്‍ തിരുനബി(സ്വ)ക്കൊപ്പം പതറാതെ നിലകൊണ്ടവരുടെ കൂട്ടത്തില്‍ അബ്ബാസ്(റ)വും ഉണ്ടായിരുന്നു. അദ്ദേഹത്തോട് ഉച്ചത്തില്‍ ആഹ്വാനം ചെയ്യാന്‍ അവിടുന്ന് നിര്‍ദേശിച്ചു. അതികായനും ശബ്ദഗാംഭീര്യമുള്ളയാളുമായ അബ്ബാസ്(റ) ഇങ്ങനെ വിളിച്ചുപറയുകയുണ്ടായി: അന്‍സ്വാരികളേ, അഖബാ ഉടമ്പടിക്കാരേ. ആ ആഹ്വാനം കേട്ടതും അവര്‍ പ്രത്യുത്തരം നല്‍കി: ‘ലബ്ബൈക്… ലബ്ബൈക്. ഉടന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് അവര്‍ ഓടിയെത്തി. അതോടെ യുദ്ധമുന്നണി സജ്ജമായി. തക്ബീര്‍ ധ്വനികളോടെ ശത്രുപാളയത്തിലേക്ക് അവര്‍ ഇരമ്പിക്കയറി. ജീവന്മരണ പോരാട്ടത്തിലൂടെ യുദ്ധാന്തരീക്ഷം അനുകൂലമാക്കാന്‍ ആ മുന്നേറ്റത്തിനായി. ശത്രുക്കള്‍ പരാജയം സമ്മതിക്കേണ്ടി വന്നു. ഖുറൈമു ബിന്‍ ഔസ് (റ) പറയുന്നു: ഞങ്ങള്‍ റസൂലിന്റെ സമീപത്ത് ഇരിക്കെ ഒരിക്കല്‍ അബ്ബാസ്(റ) വന്നു ചോദിച്ചു: 'പ്രവാചകരേ, അങ്ങയെ പ്രകീര്‍ത്തിച്ചുകൊണ്ട് ചില വരികള്‍ ഞാന്‍ ആലപിക്കട്ടെയോ?' സസന്തോഷം അനുമതി നല്‍കിക്കൊണ്ട് തങ്ങള്‍ പറഞ്ഞു: 'ആലപിക്കൂ.' താങ്കളുടെ പല്ല് ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ. മുത്ത് നബിയെ വര്‍ണിച്ച് അദ്ദേഹം കവിത ആലപിച്ചു. അതെല്ലാം അവിടുന്ന് ശ്രദ്ധാപൂര്‍വം കേട്ടിരുന്നു. ആ വരികള്‍ ഇങ്ങനെയാണ് അവസാനിപ്പിച്ചത്- അങ്ങയുടെ പിറവി ഭൂമിക്ക് അരുണോദയമായിരുന്നു. അങ്ങയുടെ വെളിച്ചത്തില്‍ ചക്രവാളങ്ങള്‍ പ്രകാശിതമായി. ആ പ്രഭയിലാണ് ഞങ്ങളും തിളങ്ങുന്നത്.