Sunni Afkaar Weekly

Pages

Search

Search Previous Issue

ആലിംഗനത്തിന്റെ ആഹ്ലാദം

ഹനീഫ് റഹ്മാനി പനങ്ങാങ്ങര
ആലിംഗനത്തിന്റെ  ആഹ്ലാദം

പ്രവാചക സദസ്സ്. രസികനായ ഉസൈദുബ്‌നു ഹുളൈര്‍(റ) സംസാരിച്ചുകൊണ്ടിരിക്കുകയാണ്. സംസാരത്തില്‍ രസംപിടിച്ചത് പ്രകടിപ്പിക്കുന്ന വിധം തങ്ങള്‍ അവിടുത്തെ തൃക്കരം കൊണ്ട് ഉസൈദ്(റ) വിന്റെ ഇടുപ്പിന് ഒന്നു തട്ടി. കാത്തുകാത്തിരുന്ന അവസരം കൈവന്ന പ്രതീതിയില്‍ ഉസൈദ് പറഞ്ഞു: അങ്ങെന്നെ വേദനിപ്പിച്ചല്ലോ റസൂലേ. എങ്കിലിതാ പ്രതിക്രിയ ചെയ്‌തോളൂ എന്നു പറഞ്ഞു തിരുദൂതര്‍(സ്വ) നിന്നുകൊടുത്തു. ബദ്ര്‍ യുദ്ധത്തിനു സൈന്യത്തെ അണിനിരത്തുന്ന വേളയില്‍ വേദനിച്ചുവെന്ന് പറഞ്ഞ് സവാദ്(റ) പ്രതിക്രിയക്കവസരം തേടിയപ്പോള്‍ പറഞ്ഞ വിധം ഉസൈദ്(റ) പറഞ്ഞു- അങ്ങ് കുപ്പായം ധരിച്ചിട്ടുണ്ട്, എന്നെ അങ്ങ് കുത്തുമ്പോള്‍ ഞാന്‍ കുപ്പായം ധരിച്ചിരുന്നില്ല.’ നബി(സ്വ) തങ്ങള്‍ തന്റെ കുപ്പായം ഉയര്‍ത്തി. ഉസൈദ്(റ) നബി(സ്വ) തങ്ങളെ ആലിംഗനം ചെയ്തുകൊണ്ട് തിരുശരീരത്തില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു: എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡനം അല്ലാഹുവിന്റെ ദൂതരേ, അങ്ങയെ അറിഞ്ഞനാള്‍ തൊട്ട് ഇങ്ങനെ ഒരവസരത്തിനായി അടങ്ങാത്ത അഭിലാഷവുമായി നടക്കുകയായിരുന്നു. ഇപ്പോഴാണത് പൂവണിഞ്ഞത്. മദീനയിലെ ഔസ് ഗോത്രത്തലവനും അറബികളില്‍ പേരുകേട്ട പടയാളിയുമായിരുന്നു ഉസൈദ് ബിന്‍ ഖുളൈര്‍. മദീനയില്‍ ഇസ്‌ലാമിക പ്രബോധനവുമായെത്തിയ മുസ്അബ് ബിന്‍ ഉമൈര്‍(റ) ഖസ്‌റജ് നേതാവായ അസ്അദ് ബിന്‍ സുറാറ(റ)യുമൊത്ത് പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വേളയില്‍ വാര്‍ത്തയറിഞ്ഞ് അവരെ ആട്ടിയോടിക്കാനെത്തിയതായിരുന്നു ഉസൈദ്. എന്നാല്‍, വിശുദ്ധ ഖുര്‍ആനിന്റെ ഹൃദ്യവും വശ്യവുമായ മനോഹാരിതയിലും മുസ്അബ് ബിന്‍ ഉമൈര്‍(റ)വിന്റെ വാക്ചാതുരിയിലും ആകൃഷ്ടനായി ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇസ്‌ലാം ആശ്ലേഷമാണ് മദീനയില്‍ വളരെ വേഗം ഇസ്‌ലാം പടരാന്‍ നിമിത്തമായത്. മദീനയുടെ ചരിത്രത്തിലെതന്നെ വലിയൊരു വഴിത്തിരിവായിരുന്നു അത്. ഔസ് ഗോത്രക്കാരുടെ സ്വീകാര്യതക്കും സഅദ് ബിന്‍ മുആദിന്റെ പരിവര്‍ത്തനത്തിനും എന്നല്ല പില്‍ക്കാലത്ത് മദീനയെ ഇസ്‌ലാമിന്റെ ആസ്ഥാനകേന്ദ്രമാക്കി മാറ്റുന്നതിലൊക്കെ അടിവേരായത് ഉസൈദിന്റെ മനംമാറ്റമായിരുന്നു. കാമില്‍ അഥവാ പൂര്‍ണന്‍ എന്നാണ് ജനം അദ്ദേഹത്തെ വിളിച്ചിരുന്നത്. അക്ഷരജ്ഞാനവും ആയോധനകലയും സമന്വയിച്ച ഉസൈദിനെ പോലുള്ളവര്‍ സമൂഹത്തില്‍ വിരളമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ വൈദഗ്ധ്യം സര്‍വ്വരാലും ആദരിക്കപ്പെട്ടു. മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യല്‍ അദ്ദേഹത്തിന്റെ ഇഷ്ടകര്‍മ്മമായിരുന്നു. യുദ്ധയാത്രകളില്‍നിന്ന് വിരമിച്ചാല്‍ പള്ളിയില്‍ വന്നിരുന്ന് രാപകല്‍ ഭേദമന്യേ ഖുര്‍ആന്‍ പാരായണം ചെയ്യലില്‍ വ്യാപൃതനാവും. സ്വരമാധുരിയാലും സ്ഫുടതയാലും ആകര്‍ഷണീയമായിരുന്ന ഉസൈദുബ്‌നു ഹുളൈര്‍(റ)വിന്റെ ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ സ്വഹാബാക്കളും മലക്കുകളും വരെ കൗതുകത്തോടെ വന്നെത്തിയിരുന്നു. ഒരിക്കല്‍ അദ്ദേഹം അല്‍ ബഖറ അധ്യായം ഓതിക്കൊണ്ടിരിക്കവേ അടുത്ത് തളച്ചിട്ടിരുന്ന കുതിര വട്ടംചുറ്റാന്‍ തുടങ്ങി. ഓത്തു നിര്‍ത്തി. കുതിര ചാട്ടവും നിര്‍ത്തി. കൂടുതല്‍ തവണ ഇതാവര്‍ത്തിക്കപ്പെട്ടു. ഓതുമ്പോള്‍ കുതിരയുടെ വിഭ്രാന്തി ശക്തിപ്പെടുന്നു. നിര്‍ത്തുമ്പോള്‍ കുതിര ശാന്തമാകുന്നു. തന്റെ മകന്‍ യഹ്‌യ കുതിരയുടെ സമീപം ഉറങ്ങുകയായിരുന്നതിനാല്‍ അവനെ മാറ്റിക്കിടത്താന്‍ ഓത്തു നിര്‍ത്തിയപ്പോഴാണ് മേല്‍പോട്ടു നോക്കിപ്പോയത്. ദീപാലങ്കാരങ്ങളാല്‍ മനോഹരമായ മേഘം കണക്കെ ഒരു വസ്തു ചക്രവാളങ്ങളെ പ്രഭാമയമാക്കിയിരിക്കുന്നു. കണ്‍വെട്ടത്തുനിന്നു അപ്രത്യക്ഷമാകുംവിധം മേലോട്ട് ഉയര്‍ന്നുപോകുന്നു. പ്രഭാതത്തില്‍ ഉസൈദ് ഈ വിവരം പ്രവാചകരെ അറിയിച്ചു. അവിടന്നു പറഞ്ഞു: താങ്കളുടെ ഖുര്‍ആന്‍ പാരായണം ശ്രവിക്കാന്‍ വന്ന മലക്കുകളാണത്. രാവിലെ വരെയും ഓതുകയായിരുന്നുവെങ്കില്‍ അവ രാവിലെയും ശേഷിക്കുമായിരുന്നു. ഖുര്‍ആനിനോടുള്ള താല്പര്യംപോലെ അദ്ദേഹത്തിനു പ്രധാനമായിരുന്നു പുണ്യനബിയോടുള്ള അഭിനിവേശവും. തങ്ങളെ കണ്ണു നിറയെ കണ്ട് സന്തോഷിക്കുമായിരുന്നു. ഖുര്‍ആന്‍ ഓതുകയോ കേള്‍ക്കുകയോ ചെയ്യുമ്പോഴും നബിതങ്ങള്‍ സംസാരിക്കുന്നതോ പ്രസംഗിക്കുന്നതോ നോക്കിനില്‍ക്കുമ്പോഴുമാണ് തനിക്ക് ഏറ്റവുമധികം ആത്മസംതൃപ്തി കൈവരുന്നതെന്ന് ഉസൈദ്(റ) പറയാറുണ്ടായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകര്‍ക്ക് കവചമായി നിന്ന് മാരകമായ ഏഴു കുത്തുകള്‍ സ്വശരീരത്തില്‍ ഏറ്റുവാങ്ങി. ബനുല്‍മുസ്തലഖ് യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യ് തന്റെ സ്‌നേഹിതന്മാരോട് പറഞ്ഞു: മുഹമ്മദിനും അനുയായികള്‍ക്കും നിങ്ങളുടെ നാട് അനുവദിച്ചുകൊടുത്തിരിക്കുന്നു. അവര്‍ക്കെതിരേ ഒരു സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ അവര്‍ അവരുടെ വഴി നോക്കുമായിരുന്നു. ഏതായാലും മദീനയില്‍ മടങ്ങിയെത്തിയാല്‍ മാന്യന്മാരായ നാം നിന്ദ്യരായ അവരെ അവിടുന്ന് പുറത്താക്കുകതന്നെ ചെയ്യും. ഈ വര്‍ത്തയറിഞ്ഞ പ്രവാചകതിരുമേനി (സ്വ) ഉസൈദിനോട് പറഞ്ഞു: നിങ്ങളുടെ സ്‌നേഹിതന്‍ ഞങ്ങളെ കുറിച്ചു പറഞ്ഞത് അറിഞ്ഞില്ലേ? അബ്ദുല്ലാഹിബ്‌ന് ഉബയ്യും കൂട്ടരും മദീനയില്‍ മടങ്ങിയെത്തിയാല്‍ നിന്ദ്യരായ ഞങ്ങളെ മാന്യന്മാരായ അവര്‍ പുറത്താക്കുമെന്ന് അവകാശപ്പെട്ടിരിക്കുന്നു. അതു കേട്ട് മനസ്സ് വേദനിച്ച ഉസൈദ്(റ) പ്രചകരെ സമാശ്വസിപ്പിച്ചു. തിരുദൂതരേ, അങ്ങായിരിക്കും അവരെ പുറത്താക്കുക. അതാണുണ്ടാവാന്‍ പോകുന്നത്. കാരണം നിന്ദ്യന്‍ അവനാണ്; സത്യവിശ്വാസികള്‍ മാന്യന്മാരും. നബി(സ്വ)യുടെ വഫാത്തിനു ശേഷം ഖിലാഫത് മുഹാജിറുകള്‍ക്കോ അന്‍സ്വാറുകള്‍ക്കോ എന്നതിനെ ചൊല്ലി അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ അന്‍സ്വാറുകളില്‍ പ്രമുഖനായ ഉസൈദ്(റ) വാദിച്ചത് പുതിയ ഖലീഫ നബി(സ്വ)യുടെ കൂട്ടുകാരായ മുഹാജിറുകളില്‍നിന്നാവണമെന്നായിരുന്നു. അന്‍സ്വാരികളിലെ മൂന്നു പ്രധാനികളെ കുറിച്ച് തിരുപത്‌നി ആഇശ(റ) സ്മരിക്കുന്നു: അന്‍സ്വാരികളില്‍ മൂന്നു പേരുണ്ട്. ശ്രേഷ്ഠതയില്‍ അവരെ വെല്ലാന്‍ മറ്റാരുമില്ല. സഅദുബ്‌നു മുആദ്, ഉസൈദുബ്‌നു ഹുളൈര്‍, അബ്ബാദുബ്‌നു ബിശ്‌റ്(റ) എന്നിവരാണവര്‍.