Sunni Afkaar Weekly

Pages

Search

Search Previous Issue

ദാഹം തീരാത്ത കണ്ണും കാതും

ഹനീഫ് റഹ്മാനി പനങ്ങാങ്ങര
  ദാഹം തീരാത്ത  കണ്ണും കാതും

ഉഹ്ദ് യുദ്ധം. പ്രവാചകര്‍ വധിക്കപ്പെട്ടുവെന്ന് പ്രചരിപ്പിക്കപ്പെട്ടു. മുസ്‌ലിം സൈന്യത്തിന്റെ അടിപതറി. എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി പരക്കംപാഞ്ഞു. ശത്രുക്കള്‍ നബി(സ്വ)യെ വളഞ്ഞു. തങ്ങളുടെ മുന്‍പല്ല് പൊട്ടി; നെറ്റിത്തടം മുറിഞ്ഞു; തിരുവദനങ്ങളില്‍നിന്നും രക്തത്തുള്ളികള്‍ ഉഹ്ദിന്റെ രണഭൂമിയില്‍ ഉതിര്‍ന്നു വീണു. നബി(സ്വ)യെ സംരക്ഷിക്കാന്‍ കൂടെയുണ്ടായിരുന്ന ചുരുക്കംപേരില്‍ അബൂത്വല്‍ഹയുമുണ്ട്. നബി(സ്വ)ക്ക് ആ സ്വഹാബികള്‍ കവചം തീര്‍ത്തു. ചെറുത്തുനില്‍പിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും ചേതോഹര കാഴ്ചകള്‍ക്ക് ഉഹ്ദ് സാക്ഷിയായി. പ്രവാചകരോടുള്ള അദമ്യമായ അനുരാഗം അടര്‍ക്കളത്തിലെ ആശങ്കാജനകമായ പ്രക്ഷുബ്ധാവസ്ഥയിലും വഴിഞ്ഞൊഴുകിയ ധന്യനിമിഷങ്ങള്‍ പിറന്നു. അവര്‍ ശത്രുസേന എയ്തുവിടുന്ന അസ്ത്രങ്ങളോരോന്നും വളരെ ശ്രദ്ധയോടെ തടയുകയാണ്. അബൂത്വല്‍ഹ(റ) ഉഗ്രന്‍ പര്‍വ്വതമായി തങ്ങള്‍ക്ക് കരുതലുള്ള കരുത്തുറ്റ സംരക്ഷണം തീര്‍ത്തു. അബൂത്വല്‍ഹയുടെ പിന്നിലാണ് നബി(സ്വ) സ്ഥാനമുറപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ അസ്ത്രവിന്യാസം തങ്ങളെ ആശ്ചര്യപ്പെടുത്തി. ആ പ്രകടനം വീക്ഷിക്കാന്‍ നബി(സ്വ) അബൂത്വല്‍ഹ(റ)ക്ക് പിന്നിലൂടെ എത്തിനോക്കുന്നത് കണ്ട് അബൂത്വല്‍ഹ ഭയന്നു. പ്രവാചകാനുരാഗം അണപൊട്ടി. അദ്ദേഹം പറഞ്ഞു: തിരുദൂതരേ, അങ്ങ് എന്റെ മാതാവും പിതാവുമാണ്. ശത്രുസേനയെ അവിടുന്ന് എത്തിനോക്കരുതേ. അവര്‍ അങ്ങേക്ക് അപകടംവരുത്തിയേക്കും. നബിയേ, അങ്ങയുടെ കണ്ഠങ്ങള്‍ക്കു പകരം എന്റെ കണ്ഠങ്ങള്‍ ഞാനവര്‍ക്ക് സമര്‍പ്പിക്കാം; അങ്ങയുടെ മാറിടത്തിനു പകരം എന്റെ മാറിടം അവര്‍ക്ക് നല്‍കാം. പ്രവാചകരേ, എന്റെ ജീവന്‍ അങ്ങേക്കായി സമര്‍പ്പിക്കപ്പെട്ടതാണ്. യുദ്ധത്തിനിടയില്‍ മുസ്‌ലിം സേനയിലെ ഒരാള്‍ നബി(സ്വ)യുടെ സമീപത്തുകൂടി അസ്ത്രങ്ങള്‍ നിറച്ച ആവനാഴിയുമായി ഓടിമറയുന്നത് തങ്ങളുടെ ദൃഷ്ടിയില്‍പെട്ടു. നബി(സ്വ) അദ്ദേഹത്തെ വിളിച്ചുകൊണ്ട് പറഞ്ഞു: അസ്ത്രങ്ങളുമായി ഓടിപ്പോകാതെ അവ അബൂത്വല്‍ഹ(റ)ക്ക് നല്‍കൂ. എല്ലാ ശക്തിയും സജ്ജീകരണങ്ങളും സംഭരിച്ച് അബൂത്വല്‍ഹ(റ) നബി(സ്വ) യുടെ സംരക്ഷണദൗത്യം ഭംഗിയായി നിറവേറ്റി. ആ പോരാട്ടത്തിനിടയില്‍ മൂന്ന് വില്ലുകള്‍ പൊട്ടിപ്പോയി. ശത്രുസേനയിലെ പലരും അബൂത്വല്‍ഹ(റ) യുടെ അമ്പെയ്ത്തിനിരയായി മൃതിയടഞ്ഞു. യുദ്ധം അവസാനിക്കുംവരെ നബി(സ്വ)ക്ക് സംരക്ഷണം നല്‍കിയ അബൂത്വല്‍ഹ(റ) സന്ദിഗ്ധഘട്ടങ്ങളിലെ സഹായിയും സംരക്ഷകനും സര്‍വോപരി സ്‌നേഹനിധിയായ റസൂലിന് സര്‍വ്വം സമര്‍പ്പിക്കാന്‍ സന്നദ്ധനുമായിരുന്നു. നബി(സ്വ)യോട് കൂടെ മദീനയിലേക്കുള്ള ഒരു യാത്രയില്‍ അബൂത്വല്‍ഹയും പത്‌നി ഉമ്മു സുലൈം(റ)യും കൂടെ ഉണ്ടായിരുന്നു. മദീനയുടെ അടുത്തെത്താറായപ്പോള്‍ മഹതിക്ക് പ്രസവ വേദനയുണ്ടായി. അബൂത്വല്‍ഹ(റ)വിനോട് അവിടെ നില്‍ക്കാനാവശ്യപ്പെട്ട് നബി(സ്വ)യും സംഘവും വീണ്ടും യാത്രയായി. അബൂത്വല്‍ഹ(റ)വിന് സങ്കടം തോന്നി. അദ്ദേഹം മനസ്സുരുകി റബ്ബിനോട് പ്രാര്‍ത്ഥിച്ചു: പടച്ചവനേ, നിനക്ക് എന്നെക്കുറിച്ച് അറിയാമല്ലോ, റസൂല്‍(സ്വ) എവിടേക്ക് പോകുമ്പോഴും ഞാന്‍ പോകാറുണ്ട്. അവിടുന്ന് മദീനയില്‍ പ്രവേശിക്കുമ്പോള്‍ കൂടെ പ്രവേശിക്കാനാണെനിക്ക് ആഗ്രഹം. നീ ഇപ്പോള്‍ എന്റെ അവസ്ഥ കാണുന്നില്ലേ. അല്ലാഹു ആ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി. മഹതിക്ക് മുമ്പുണ്ടായിരുന്ന പ്രസവേദന കുറഞ്ഞ് ഇല്ലാതെയായി. അങ്ങനെ അവര്‍ വീണ്ടും നബി(സ്വ)യുടെ സംഘത്തില്‍ ചേര്‍ന്നു. മദീനയണഞ്ഞപ്പോള്‍ മഹതി പ്രസവിച്ചു. ഉമ്മയുടെ നിര്‍ദ്ദേശപ്രകാരം അനസ്(റ) കുട്ടിയുമായി നബി(സ്വ)യുടെ അരികില്‍ ചെന്നു. നബി(സ്വ) കുട്ടിയെ മടിയില്‍ കിടത്തി അജ്‌വ കൊണ്ടുവരാന്‍ കല്‍പ്പിച്ചു. അങ്ങനെ തങ്ങള്‍ അത് വായിലിട്ട് നേര്‍പ്പിച്ച് കുട്ടിയുടെ വായില്‍ വെച്ചുകൊടുത്തു. അതിന്റെ മധുരം കുട്ടി നുണയാന്‍ തുടങ്ങിയപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു: കണ്ടോ നിങ്ങള്‍, അന്‍സ്വാരികള്‍ക്ക് ഈത്തപ്പഴത്തോടുള്ള പ്രേമം. ’നബി(സ്വ) കുട്ടിയുടെ മുഖമൊന്നു തടവി. അബ്ദുല്ലാ എന്നു പേരിട്ടു. പുണ്യറസൂല്‍(സ്വ)യുടെ ഹജ്ജ് യാത്രയും അതിലെ ഓരോ രംഗങ്ങളും സുവിദിതമാണ്. ഹജ്ജിന്റെ ഭാഗമായുള്ള മുടിയെടുത്തപ്പോള്‍ സ്വഹാബികള്‍ക്കിടയില്‍ ആ തിരുകേശങ്ങള്‍ വിതരണംചെയ്യാന്‍ അബൂത്വല്‍ഹ(റ)വിനെയാണ് തങ്ങള്‍ ഏല്‍പ്പിക്കുന്നത്. പ്രവാചക പ്രണയത്താല്‍ തരളിതമായ ഹൃദയം സദാ തങ്ങളുടെ ഓരം ചേര്‍ന്നു നടക്കാന്‍ പ്രേരിപ്പിച്ചു. തിരുവദനം കണ്ട് വിശപ്പടങ്ങിയില്ല. തിരുമൊഴി കേട്ട് ദാഹം ശമിച്ചില്ല. സദസ്സില്‍ ആളൊഴിഞ്ഞാല്‍ തിരുമുമ്പില്‍ മുട്ടുകുത്തിയിരുന്ന് അബൂത്വല്‍ഹ (റ) പറയും: നഫ്‌സീ ലി നഫ്‌സികല്‍ ഫിദാ, വജ്ഹീ ലി വജ്ഹികല്‍ ഫിദാ” (എന്റെ ശരീരം താങ്കള്‍ക്ക് സമര്‍പ്പിതമാണ്, എന്റെ മുഖം അങ്ങയുടെ മുഖത്തിന് സംരക്ഷണ കവചമാണ്.) അബൂത്വല്‍ഹ(റ) ഉദാരശീലനായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് വിനിയോഗിക്കാന്‍ വിഷമഘട്ടവും ഐശ്വര്യകാലവും അബൂത്വല്‍ഹ(റ) ക്ക് ഒരുപോലെയായിരുന്നു. ‘നിങ്ങള്‍ക്ക് പ്രിയതരമായത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനംചെയ്താലേ നിങ്ങള്‍ക്ക് പുണ്യം ലഭിക്കുകയുള്ളൂ എന്ന ആലുഇമ്രാന്‍ അധ്യായത്തിലെ 92ാം സൂക്തം അവതരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ വിചാരങ്ങള്‍ തിരയടിച്ചു. ഉടമസ്ഥതയില്‍ ബൈറുഹാ എന്ന പേരില്‍ ഒരു വലിയ തോട്ടം മദീനയിലുണ്ടായിരുന്നു. ഈന്തപ്പഴവും മുന്തിരിയും സമൃദ്ധമായി ലഭിച്ചിരുന്ന ഈ തോട്ടം മദീനയിലെ നല്ല ഫലംകായ്ക്കുന്ന, ശുദ്ധജലം നിര്‍ഝരിക്കുന്ന, വടവൃക്ഷങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന തോട്ടമാണ്. അബൂത്വല്‍ഹ(റ) തന്റെ തോട്ടത്തിലെത്തി. നിഴല്‍വിരിച്ച മരച്ചില്ലകള്‍ക്ക് താഴെ അബൂത്വല്‍ഹ(റ) നിസ്‌കരിക്കുകയാണ്. ഒരു കിളി മരച്ചില്ലകളിലൊന്നിലിരുന്ന് കളകളാരവം മുഴക്കുകയാണ്. കിളിയുടെ മധുരഗീതം പോലെ സുന്ദരമാണതിന്റെ മേനിയും. പച്ചപുതച്ച ചിറകുകള്‍. ചെഞ്ചോര നിറത്തിലുള്ള കൊക്കുകള്‍. വര്‍ണ്ണഛായം പൂശിയ പാദങ്ങള്‍. മനസ്സിനെ മയക്കുന്ന ആ കിളിയുടെ രാഗം അബൂത്വല്‍ഹ(റ)യുടെ ബോധത്തെ തൊട്ടുണര്‍ത്തി. രാഗം മൂളി നൃത്തം ചവിട്ടി ആ കിളി ഓരോ ചില്ലകളിലും തന്റെ സാന്നിധ്യമറിയിച്ച് പാറിനടക്കുകയാണ്. അബൂത്വല്‍ഹ(റ) ചിന്താവിശിഷ്ടനായി. ആ ചിന്തയില്‍ മുഴുകി. പെട്ടെന്നാണ് താന്‍ നിസ്‌കാരത്തിലാണല്ലോ എന്ന് അബൂത്വല്‍ഹ(റ) ഓര്‍ത്തത്. നിസ്‌കാരം കഴിഞ്ഞ് നേരെ ചെന്നത് നബി(സ്വ)യുടെ സന്നിധിയിലേക്കാണ്. തന്നെ അശ്രദ്ധയിലാക്കിയ തന്റെ പൂന്തോപ്പിനെ കുറിച്ച്, കാറ്റിന്റെ ഗതിക്കനുസരിച്ച്, തല്ലിക്കളിക്കുന്ന വൃക്ഷങ്ങളെ കുറിച്ച്, നിസ്‌കാരത്തില്‍ നിന്ന് ശ്രദ്ധമാറ്റിയ ആ വാനമ്പാടി കിളിയെ കുറിച്ച്. എല്ലാം അദ്ദേഹം നബി(സ്വ) ക്ക് വിവരിച്ചുകൊടുത്തു. ‘പ്രവാചകരേ, അങ്ങയെ സാക്ഷിനിര്‍ത്തി ഞാന്‍ എന്റെ തോട്ടം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദഖയാക്കുന്നു. അല്ലാഹുവിങ്കലില്‍നിന്ന് അതിന്റെ പ്രതിഫലം ഞാനാഗ്രഹിക്കുന്നു. അല്ലാഹുവും അവന്റെ തിരുദൂതരും ഇഷ്ടപ്പെടുന്ന മാര്‍ഗത്തില്‍ അങ്ങത് വിനിയോഗിച്ചാലും.”നബി (സ്വ) പറഞ്ഞു: നിന്റെ ഈ സമ്പാദ്യം നിനക്ക് ലാഭമുണ്ടാക്കിത്തരുന്നതാണ്. നീ പറഞ്ഞതെല്ലാം ഞാന്‍ കേട്ടിരിക്കുന്നു. അത് കുടുംബക്കാര്‍ക്ക് നല്‍കണമെന്നു ഞാന്‍ അഭിപ്രായപ്പെടുന്നു. അങ്ങനെ അബൂത്വല്‍ഹ(റ) ആ തോട്ടം പിതൃസഹോദരന്റെ മക്കള്‍ക്കും മറ്റു കുടുംബക്കാര്‍ക്കും വീതിച്ചുനല്‍കി. വഖ്ഫിന്റെ ആദ്യകാല നീക്കങ്ങളില്‍ ഇടം നേടിയ ഈ സംഭവം അദ്ദേഹത്തിന്റെ ഔദാര്യത്തെയും സമര്‍പ്പണ സന്നദ്ധതയെയും വരച്ചിടുന്നതാണ്. അബൂത്വല്‍ഹ(റ)യുടെ ജീവിതം വളരെ വിശുദ്ധമായിരുന്നു. സത്യമതത്തിന്റെ ധീരപോരാളിയായി നിലകൊണ്ടു. വഫാത്താവുമ്പോള്‍ അബൂത്വല്‍ഹ(റ) നോമ്പുകാരനായിരുന്ന പോലെ തന്നെ യുദ്ധസേനയിലെ യോദ്ധാവുമായിരുന്നു. നബി(സ്വ)യുടെ വഫാത്തിന് ശേഷം വ്രതം നിഷിദ്ധമായ ആഘോഷദിനങ്ങളൊഴിച്ച് അബൂത്വല്‍ഹ(റ) മുപ്പത് വര്‍ഷക്കാലം തുടരെ വ്രതമനുഷ്ഠിച്ചു.