Sunni Afkaar Weekly

Pages

Search

Search Previous Issue

കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഹനീഫ് റഹ്മാനി പനങ്ങാങ്ങര
  കണ്ണീരില്‍ കുതിര്‍ന്ന  യാത്രാമൊഴി

ജീവനു തുല്യം സ്‌നേഹിക്കുക എന്ന പ്രയോഗം പോലും അപ്രസക്തമാക്കി അതിലപ്പുറമുള്ള അനുരാഗത്തിന്റെ പച്ചയായ ജീവിതസാക്ഷ്യങ്ങള്‍ തീര്‍ത്തവരാണ് സ്വഹാബ. പ്രണയഭാജനത്തെ പിരിഞ്ഞിരിക്കേണ്ടിവരുന്നത് അചിന്തനീയമാണ്. എന്നാല്‍, ദുനിയാവില്‍ ഇനിയൊരു സമാഗമത്തിന് സാധ്യതയില്ലെന്ന തിരിച്ചറിവോടെയാവുമ്പോള്‍ ആ വേര്‍പാടിന്റെ വേപഥു എത്രമേല്‍ സാന്ദ്രമായിരിക്കും. പുണ്യറസൂല്‍(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി വിശുദ്ധ ഇസ്‌ലാമിലേക്ക് ലോകം കടന്നുവന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭം. സംഘം സംഘമായി ജനങ്ങള്‍ ഇസ്‌ലാമിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. ഇവര്‍ക്ക് ഇസ്‌ലാമിന്റെ അധ്യാപനങ്ങളും നിയമങ്ങളും പഠിപ്പിച്ചുകൊടുക്കണം. മദീനയുടെ പുറത്തുള്ള വിവിധ രാജ്യ-ഗോത്ര നായകരും തിരുനബി(സ്വ)യോട് ആ ആവശ്യമുന്നയിച്ചുകൊണ്ടിരുന്നു. അവര്‍ക്കെല്ലാം യോജിച്ച പണ്ഡിതന്മാരെ അയച്ചുകൊടുക്കണം. തിരുനബി(സ്വ) മുആദിനെ വിളിച്ചു. യമനിലേക്ക് പോവണം. അവര്‍ക്ക് മതവിധികള്‍ പകര്‍ന്നു നല്‍കണം. മുആദ്(റ)വിന്റെ ജീവിതത്തെ പിടിച്ചുലച്ച സംഭവമായിരുന്നു അത്. കൊച്ചുനാള്‍ തൊട്ടേ നിഴലുപോലെ പ്രവാചകരെ പിന്തുടര്‍ന്നു ശീലിച്ച ജീവിതം. തങ്ങളുടെ സാന്നിധ്യമില്ലാതെ ദിവസങ്ങള്‍ പോയിട്ട് ഒരു നിമിഷംപോലും അകലെയാകുന്നത് അചിന്തനീയം. പക്ഷേ, യമനിലേക്ക് പോവാന്‍ നബി (സ്വ) തങ്ങളാണ് കല്‍പ്പിച്ചത്. കല്‍പ്പന അനുസരിച്ചേ പറ്റൂ. അവിടുത്തേക്ക് അനിഷ്ടകരമായ വിചാരംപോലും ആലോചിക്കാനാവില്ല. പ്രണയഭാജനമേ, അങ്ങയെ പിരിഞ്ഞു പോവാനെങ്ങനെ കഴിയും? ആ മുഖകമലം കാണാന്‍ കഴിയാതെ അകലങ്ങളില്‍ അധിവസിക്കാന്‍ എങ്ങനെ പറ്റും? എന്നും എപ്പോഴും തങ്ങളോട് കൂടെയാവണം. അതാണ് ജീവിതത്തിലെ ധന്യനിമിഷങ്ങള്‍. യമനില്‍ പോയാല്‍ പെട്ടെന്നു മടങ്ങിവരാന്‍ പറ്റില്ല. നീണ്ടകാലം പുണ്യഹബീബിനെ കാണാന്‍ കഴിയില്ല. ഹബീബിന്റെ ചാരത്തിരുന്ന് വിശുദ്ധ വഹ്‌യുകളും ഉപദേശങ്ങളും കേള്‍ക്കാനുമാവില്ല. ദുഃഖമേ...! മുആദുബ്‌നു ജബല്‍(റ)വിന്റെ വേദന ഹബീബ്(സ്വ) മനസ്സിലാക്കുന്നുണ്ട്. ആശ്വാസ വചനങ്ങള്‍ നല്‍കി സമാധാനിപ്പിക്കുന്നുണ്ട്. അവിടുത്തെ ഹൃദയംതൊട്ട ഭാഷണം. മനോവേദന ഒപ്പിയെടുക്കുന്ന സൗമ്യമായ ഉപദേശങ്ങള്‍. ചൂടുപിടിച്ച ചിന്തകളില്‍ മഞ്ഞുമഴ പെയ്യിക്കുന്ന സാന്ത്വന വചനങ്ങള്‍. മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ധനം പകരുന്ന മാസ്മരിക സ്പര്‍ശം. 'നീ കാരണം ഒരാള്‍ സന്മാര്‍ഗിയായാല്‍, ആകാശ ഭുവനങ്ങളിലെ അഖിലവും ലഭിക്കുന്നതിനെക്കാളും അതാണ് നിനക്കുത്തമം.' മുആദ്(റ) പുറപ്പെടാന്‍ മാനസികമായി ഒരുങ്ങി. തിരുനബി(സ്വ)യുടെ നിര്‍ദേശങ്ങള്‍ അനുസരിക്കു ന്നിടത്താണ് അവരുടെ സന്തോഷം. നബി(സ്വ) മുആദ്(റ)വിനെ യാത്രയാക്കാനൊരുങ്ങി. അവിടുന്ന് ചോദിച്ചു: 'മുആദേ, നിങ്ങള്‍ക്കൊരു പ്രശ്‌നം നേരിട്ടാല്‍ എങ്ങനെ തീര്‍പ്പുകല്‍പ്പിക്കും?' 'അല്ലാഹുവിന്റെ ഗ്രന്ഥം അടിസ്ഥാനമാക്കി ഞാന്‍ മതവിധി പ്രഖ്യാപിക്കും.' 'അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ അതിന്റെ തീരുമാനം കണ്ടെത്തിയില്ലെങ്കിലോ?' 'തിരുചര്യ അനുസരിച്ച് തീരുമാനമെടുക്കും.' 'അതിലും ആ വിഷയത്തിന്റെ തീരുമാനം കണ്ടെത്തിയില്ലെങ്കില്‍...?' 'ഞാന്‍ ഇജ്തിഹാദ് (ഗവേഷണം) നടത്തി മതവിധി പ്രഖ്യാപിക്കും.' മുആദ്(റ) തന്നെ പറയട്ടെ: 'അപ്പോള്‍ തിരുനബി(സ്വ) എന്റെ മാറിടത്തില്‍ കൈവെച്ച് അനുഗ്രഹിച്ചു.' തങ്ങള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരുടെ ദൂതന്, തിരുദൂതര്‍ക്ക് തൃപ്തിയുള്ള കാര്യങ്ങള്‍ക്ക് സഹായം നല്‍കിയ നാഥനാണ് സ്തുതികളഖിലവും.' മുആദ്(റ) യമനില്‍ പോവുകയാണ്. ഏറ്റവും ഉദാത്തമായ വിജ്ഞാനത്തിന്റെ പ്രസരണമാണ് ലക്ഷ്യം. അവിടുത്തെ ഇസ്‌ലാമിക മുന്നേറ്റത്തിന് മുആദിന്റെ സേവനം അനിവാര്യമാണ്. ഒരു പ്രദേശത്തിനു മുഴുക്കെ വിദ്യയുടെ പ്രകാശം നല്‍കാനും അവരിലൂടെ തലമുറകള്‍ക്കു പ്രകാശംചൊരിയുക വഴി വലിയൊരു ദൗത്യം നിര്‍വഹിക്കപ്പെടാനാണ് പോകുന്നത്; ആയുഷ്‌കാലത്തിന്റെതന്നെ നിയോഗം നിര്‍വഹിക്കാന്‍. സ്വഹാബികള്‍ തടിച്ചുകൂടി. അവര്‍ നബി(സ്വ) യുടെയും മുആദ്(റ)വിന്റെയും മുഖങ്ങള്‍ ശ്രദ്ധിച്ചു. വേര്‍പാടിന്റെ വേദന തളംകെട്ടി നില്‍ക്കുന്നു. ശോകമൂകമായ സാഹചര്യം. മുആദിന്റെ കവിള്‍ത്തടത്തിലൂടെ അശ്രുകണങ്ങളൊഴുകി. മുആദ്(റ)വിന്റെ കൂടെ ഒരു സംഘം പോവുന്നുണ്ട്. സംഘത്തിന്റെ നേതാവാണ് മുആദ്(റ). പുണ്യറസൂലിന്റെ സമ്മതപ്രകാരം മുആദുബ്‌നു ജബല്‍(റ) ഒട്ടകപ്പുറത്തു കയറി. യമനിലേക്കുള്ള പാതയിലൂടെ അദ്ദേഹത്തിന്റെ ഒട്ടകം നടന്നു. പ്രവാചകരും അവിടെ കൂടിയ സ്വഹാബികളും അവരെ അല്‍പദൂരം അനുഗമിച്ചു. യാത്രാസംഘങ്ങളുടെ കൂടെ അല്‍പദൂരം നടന്ന് യാത്രയയക്കലാണ് പതിവെങ്കിലും ഇവിടെ പതിവു തെറ്റിച്ച് ഏറെദൂരം അനുഗമിച്ചു. തിരു നബി(സ്വ) ഉദ്ദേശിച്ച സ്ഥലത്തെത്തി. ഇനി യാത്രപറയുകയാണ്. ഒപ്പം ആ സത്യം കൂടി തങ്ങള്‍ പറഞ്ഞു: 'മുആദ്..... അടുത്ത കൊല്ലം വരുമ്പോള്‍ എന്നെ കണ്ടില്ലെന്നു വന്നേക്കാം. എന്റെ മസ്ജിദിന്റെയും ഖബ്‌റിന്റെയും സമീപത്തുകൂടി നിങ്ങള്‍ നടന്നുപോയേക്കാം.' സമീപസ്ഥമായ യാഥാര്‍ഥ്യങ്ങളെ അറിയിക്കുന്ന വചനങ്ങള്‍; അര്‍ത്ഥഗര്‍ഭമായ പ്രവചനങ്ങള്‍. മുആദ്(റ) നിയന്ത്രണംവിട്ടു, ഒരു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു. കൂടി നിന്നവര്‍ക്കും കണ്ണീര്‍ നിയന്ത്രിക്കാനായില്ല. ദുഃഖം അണപൊട്ടിയൊഴുകി. അവരും വിതുമ്പി. അസ്വലാത്തു വസ്സലാമു അലൈക യാ റസൂലല്ലാഹ്... ഇടറിയ ശബ്ദത്തില്‍ സലാം ചൊല്ലി യാത്രയായി. സലാം മടക്കി നബി(സ്വ) തിരിഞ്ഞുനടന്നു. നിറഞ്ഞൊഴുകുന്ന നയനങ്ങളുമായി മുആദ്(റ)വും സഹയാത്രികരും യമന്‍ ലക്ഷ്യമാക്കി പ്രയാണം തുടര്‍ന്നു. യമനിലെ ജനങ്ങള്‍ ആദരവോടെ അവരെ സ്വീകരിച്ചു. അല്ലാഹുവിനെ കുറിച്ചുള്ള അറിവും പുണ്യ റസൂലിനോടുള്ള അനുരാഗവും പകര്‍ന്ന് അവരെ വെളിച്ചത്തിലേക്കു നയിച്ചു. അറിവിനെ പുല്‍കാനുള്ള യമനീ പാരമ്പര്യം അവരില്‍ അനുഭവിക്കാനായി. വിശ്വാസത്താല്‍ വെട്ടിത്തിളങ്ങുന്ന മാനസിക വിശുദ്ധിക്ക് സാക്ഷിയായി. യമനില്‍നിന്ന് നബി(സ്വ) തങ്ങളെ കാണാനും കച്ചവടത്തിനു വേണ്ടിയും മറ്റും പലരും മദീനയില്‍ വരാറുണ്ട്. അവിടുന്ന് കച്ചവടക്കാര്‍ യമനിലും വരാറുണ്ട്. അവരില്‍നിന്നൊക്കെ മദീനയിലെ വിശേഷങ്ങള്‍ അവര്‍ അറിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ആ ദുഃഖവാര്‍ത്തയും അവരെ തേടിയെത്തി. പുണ്യഹബീബ്(സ്വ) അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. തങ്ങളോടൊത്തുള്ള ഓര്‍മ്മകള്‍ തിരയടിക്കുന്നു. മിസ്അബ് ബിന്‍ ഉമൈറില്‍നിന്ന് പ്രവാചകരെ കുറിച്ച് അറിഞ്ഞതും ഇസ്‌ലാം സ്വീകരിച്ച് പുണ്യ നബിയെ കാണാന്‍ മക്കയില്‍ പോയതും സംഘത്തിലെ പ്രായം കുറഞ്ഞവനായി അഖബയില്‍ സന്ധിച്ചതും അതിനെതുടര്‍ന്ന് തിരുദൂതര്‍ മദീനയില്‍ പലായനം ചെയ്‌തെത്തിയതും അങ്ങനെ സംഭവബഹുലമായ ദിനരാത്രങ്ങള്‍. ലോകത്തിനു വെളിച്ചവും ജീവിതത്തിന് അര്‍ത്ഥവും നല്‍കിയ റസൂല്‍ യാത്രയായിരുന്നു. നബി(സ്വ) തങ്ങളില്ലാത്ത മദീന സങ്കല്‍പിക്കാനാവുന്നില്ല. മസ്ജിദുന്നബവിയുടെ മിഹ്‌റാബില്‍ നിസ്‌കാരത്തിന് ഇമാമത്ത് നില്‍ക്കാന്‍ ഇനി റസൂലുല്ലാഹി(സ്വ) തങ്ങളുണ്ടാവില്ല. സുമുഖനായ ചെറുപ്പക്കാരനായിരുന്നു മുആദുബ്‌നു ജബല്‍(റ). ഏതു സദസ്സിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. അഴകുള്ള മുഖം, ആകര്‍ഷകമായ നയനങ്ങള്‍, മനോഹരമായ പല്ലുകള്‍, പ്രകാശം പരത്തുന്ന പുഞ്ചിരി, നല്ല ബുദ്ധിശക്തി, ധീരത, ഇസ്‌ലാമിനു വേണ്ടി സകലതും സമര്‍പ്പിക്കാനുള്ള സന്നദ്ധത. ജാബിറുബ്‌നു അബ്ദില്ല(റ) പ്രസ്താവിക്കുന്നു: 'നല്ല മുഖസൗന്ദര്യമുള്ളവരില്‍ ഒരാളായിരുന്നു മുആദുബ്‌നു ജബല്‍.' ഏറ്റവുംനല്ല സ്വഭാവഗുണങ്ങളുള്ള വ്യക്തി. ഉദാരശീലന്‍. ജന്മനാ സിദ്ധിച്ച മുഖലാവണ്യം. ആകര്‍ഷണീയമായ അഴകില്‍ വിശ്വാസത്തിന്റെ പ്രഭാമയംകൂടി ഉള്‍ച്ചേര്‍ന്ന അതിമനോഹര മുഖം. നിഷ്‌കളങ്കമായ അതിസുന്ദര മനസ്സ്. തൗഹീദിന്റെ പ്രകാശമുണ്ടവിടെ; അല്ലാഹുവിന്റെ സിംഹാസനമുണ്ടവിടെ. മനസ്സിന്റെ കണ്ണാടിയാണ് മുഖം. അതോടെ മുഖത്തിന്റെ തിളക്കം കൂടി. നബി(സ്വ) തങ്ങള്‍ പറഞ്ഞു: 'മുആദുബ്‌നു ജബല്‍ പണ്ഡിതന്മാരുടെ നേതാവാകുന്നു.' ഒരിക്കല്‍ നബി(സ്വ) തങ്ങള്‍ മുആദുബ്‌നു ജബല്‍(റ)വിന്റെ കൈ പിടിച്ചു പറഞ്ഞു: 'യാ മുആദ്, വല്ലാഹി ല ഉഹിബ്ബുക!' ഓ മുആദ്, അല്ലാഹുവാണേ സത്യം, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. അതൊരു വലിയ അംഗീകാരംകൂടിയായിരുന്നു. നബി(സ്വ) സ്‌നേഹിക്കുന്നവരെ അല്ലാഹുവും മലക്കുകളും സദ്‌വൃത്തരും സ്‌നേഹിക്കും.