Sunni Afkaar Weekly

Pages

Search

Search Previous Issue

സന്നിഗ്ദ്ധ ഘട്ടങ്ങളിലെ സഹകാരി

ഹനീഫ് റഹ്മാനി പനങ്ങാങ്ങര
 സന്നിഗ്ദ്ധ  ഘട്ടങ്ങളിലെ  സഹകാരി

തണുപ്പുള്ള രാത്രി. കൂരാകൂരിരുട്ട്. അടിച്ചുവീശുന്ന കാറ്റില്‍ കലിയടങ്ങാത്ത അന്തരീക്ഷം. ശത്രുപാളയത്തിലേക്ക് അസ്ഥികളിലേല്‍ക്കുന്ന ഹിമപാതം വകവയ്ക്കാതെ ഒറ്റയാള്‍ പോരാളിയായി ഹുദൈഫതുബ്‌നുല്‍ യമാന്‍ നടന്നുനീങ്ങുകയാണ്. ശത്രുപാളയത്തില്‍ നുഴഞ്ഞുകയറി അവരുടെ കാര്യങ്ങളറിഞ്ഞ് നമുക്കെത്തിച്ചുതരാന്‍ ആരുണ്ട്? ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവന് എന്റെ സാമീപ്യം നല്‍കും. എന്ന പുണ്യറസൂലിന്റെ പ്രഖ്യാപനം. ഹുദൈഫാ! എഴുന്നേല്‍ക്കൂ, പോയി ശത്രുവിന്റെ വിവരങ്ങളറിഞ്ഞു വരൂ. എന്ന ആഹ്വാനം. ഹുദൈഫയുടെ മുന്നിലും പിന്നിലും ഇടത്തും വലത്തും മുകളിലും താഴെയും നീ സംരക്ഷണം ഏര്‍പ്പെടുത്തണേ അല്ലാഹ് എന്ന പ്രാര്‍ത്ഥന. എല്ലാം തനിക്കുള്ള അംഗീകാരങ്ങള്‍. മാഷാ അല്ലാഹ്! പിന്നെ തണുപ്പില്ല. ഭയമില്ല. ഖന്ദഖ് യുദ്ധത്തിന്റെ നിര്‍ണായക ഘട്ടത്തിലാണിത്. ശത്രു സൈന്യത്തിന്റെ നീക്കങ്ങള്‍ അറിഞ്ഞുവരിക മാത്രമാണ് ഉദ്യമം. അതിലപ്പുറം അവിടെച്ചെന്ന് ഒന്നും ചെയ്യരുതെന്നും നബിതിരുമേനി (സ്വ)യുടെ നിര്‍ദേശമുണ്ടായിരുന്നു. ശത്രുപ്രമുഖനും സൈന്യാധിപനുമായ അബൂ സുഫ്‌യാന്‍ തീ കായുന്നു! ഹുദൈഫ(റ)വിനു അമ്പെയ്ത് അബൂ സുഫ്‌യാന്റെ നെഞ്ചിന് തുളയിടാമായിരുന്നു. പക്ഷേ, പ്രവാചക നിര്‍ദേശം മനസ്സില്‍ ഓളം വെട്ടി. ആയുധം മാറ്റിവെച്ച് ഹുദൈഫ ശതുക്കള്‍ക്കിടയിലേക്കിറങ്ങി. അബൂസുഫ്‌യാന്‍ അണികളോട് സംസാരിച്ചുതുടങ്ങി: നമ്മുടെ കൂട്ടത്തിലേക്ക് ആരെങ്കിലും നുഴഞ്ഞുകയറിയോ എന്ന് സംശയമുണ്ട്. ഓരോരുത്തരും അവരവരുടെ സമീപത്തുള്ളവരുടെ കൈകള്‍ ചേര്‍ത്തുപിടിക്കൂ. പേരുകള്‍ ചോദിച്ചറിയൂ. അബൂസുഫ്‌യാന്റെ നിര്‍ദേശം കേട്ട ഹുദൈഫ (റ) തന്റെ അടുത്തുള്ള ശത്രുവിന്റെ കരം ഗ്രഹിച്ച് തന്നോട് ചോദിക്കുന്നതിന് മുന്‍പേ ക്ഷണനേരം കൊണ്ട് അയാളുടെ പേര് ചോദിച്ചു. അദ്ദേഹത്തിന്റെ സമയോചിതമായ ബുദ്ധിയും കൗശലവും സമീപത്തുള്ളവന് സംശയത്തിനിട നല്‍കിയില്ല. പ്രതികൂല കാലാവസ്ഥയും മുസ്‌ലിങ്ങള്‍ തീര്‍ത്ത കിടങ്ങും യുദ്ധമുന്നേറ്റത്തില്‍ നിന്നും പിന്മാറാന്‍ നമ്മെ നിര്‍ബന്ധിതരാക്കുകയാണെന്ന സന്ദേശമായിരുന്നു അബൂസുഫ്‌യാന്‍ സൈന്യത്തെ തെര്യപ്പെടുത്തിയത്. കാര്യങ്ങളെല്ലാം അറിഞ്ഞ് ഹുദൈഫ പ്രവാചക സവിധത്തില്‍ തിരിച്ചെത്തി. തങ്ങള്‍ നിസ്‌കരിക്കുന്ന പുതപ്പിന്റെ അറ്റം തിരുദൂതര്‍(സ്വ) ഹുദൈഫക്ക് പുതക്കാന്‍ കൊടുത്തു. ഹുദൈഫ(റ) പറഞ്ഞ വിശേഷങ്ങള്‍ കേട്ട് തങ്ങള്‍ വളരെ സന്തോഷിച്ചു. ഉദ്വേഗജനകമായ ആ സാഹസികരാത്രിയില്‍ ഹുദൈഫ(റ) അവിടെത്തന്നെ കിടന്ന് ഉറങ്ങിപ്പോയി. ഏയ് ഉറക്കക്കാരാ, എഴുന്നേല്‍ക്കൂ എന്ന തിരുദൂതരുടെ വിളിയാണ് പുലര്‍ച്ചെ ഹുദൈഫയെ എഴുന്നേല്‍പിച്ചത്. തിരുദൂതര്‍(സ്വ)ക്കും ഹുദൈഫ(റ) വിനും ഇടയിലുണ്ടായിരുന്ന തീക്ഷ്ണമായ ബന്ധം ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹുദൈഫയുടെ പിതാവ് യമാന്‍(റ) മക്കക്കാരനാണെങ്കിലും സ്വന്തം ഗോത്രത്തിലെതന്നെ ഒരാളെ കൊന്നുപോയതിന്റെ പേരില്‍ നാടുവിടേണ്ടിവന്ന് മദീനയില്‍ താമസമാക്കിയതാണ്. തങ്ങളുടെ ഹിജ്‌റക്ക് മുമ്പേ ബനൂ അബ്‌സ് ഗോത്രത്തിന്റെ നിവേദക സംഘത്തിലെ പത്തില്‍ ഒരാളായി മക്കയിലെത്തി അദ്ദേഹം ഇസ്‌ലാം പ്രഖ്യാപിക്കുകയും കുടുംബ സമേതം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇളം പ്രായത്തിലെ ഹുദൈഫക്ക് ഇസ്‌ലം സ്വീകരിക്കാനും തങ്ങളോട് ബന്ധം സ്ഥാപിക്കാനുമായി. ഇസ്‌ലാം സ്വീകരിച്ചതുമുതല്‍ തങ്ങളോടുള്ള അനുരാഗം ഹൃദയത്തില്‍ വേരുറക്കുകയും അത് തങ്ങളുടെ ഗുണഗണങ്ങള്‍ അന്വേഷിച്ചിറങ്ങുന്നതിലും തല്‍പരനാക്കി. സമാഗമത്തിനായി വല്ലാതെ ദാഹിച്ചു. അത് മക്കയിലേക്കുള്ള യാത്രക്ക് വഴിയൊരുക്കി. സ്വഹാബിയായിത്തീര്‍ന്ന ആദ്യകാഴ്ച്ചയില്‍ ഞാന്‍ മുഹാജിറോ അന്‍സ്വാരിയോ എന്നായിരുന്നു ഹുദൈഫ താങ്കളോടുന്നയിച്ച സംശയം. വളര്‍ന്നത് മദീനയിലാണെങ്കിലും പാരമ്പര്യം കൊണ്ട് മക്കക്കാരനാണല്ലോ. നിനക്ക് ഇഷ്ടം തെരഞ്ഞെടുക്കാം എന്നായിരുന്നു തങ്ങളുടെ പ്രതികരണം. എന്നാല്‍ ഞാന്‍ അന്‍സ്വാരിയാണെന്ന് ഇഷ്ടം തങ്ങളോട് രേഖപ്പെടുത്തുകയും ചെയ്തു. മദീനയിലെത്തിയ തങ്ങളെ ആഹഌദാരവങ്ങളോടെ വരവേറ്റ അന്‍സ്വാരികളില്‍ തങ്ങളെ സദാ അനുഗമിച്ചിരുന്നവരുടെ കൂട്ടത്തില്‍ പ്രധാനിയായിരുന്നു ഹുദൈഫത്തുബ്‌നുല്‍ യമാന്‍(റ). തബൂക്ക് യുദ്ധം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു പ്രവാചകര്‍(സ്വ). കൂടെ രണ്ടുപേര്‍ മാത്രം. മുന്നില്‍ കടിഞ്ഞാണുമേന്തി ഹുദൈഫ(റ). പിന്നില്‍ ഒട്ടകത്തെ തെളിച്ച് അമ്മാര്‍(റ). അന്നേരം തങ്ങളെ വധിക്കാന്‍ മുഖംമൂടിയണിഞ്ഞെത്തിയ ചില കപടവിശ്വാസികള്‍ ശ്രമിച്ചു. എന്നാല്‍ അവരുടെ കുടിലചിന്ത വിജയിച്ചില്ല. ഇളിഭ്യരായ അവര്‍ ഓടിപ്പോയി. അവര്‍ ആരാണെന്ന് നബി(സ്വ) ഹുദൈഫ(റ)ക്ക് പറഞ്ഞുകൊടുത്തു. അല്ലാഹുവിന്റെ റസൂല്‍ (സ്വ) ഹുദൈഫയുടെ ചെവിയില്‍ മാത്രം മന്ത്രിച്ച രഹസ്യം. മരണംവരെ ഹുദൈഫ(റ) തന്റെയുള്ളില്‍ കാത്തുസൂക്ഷിച്ച രഹസ്യം. ഹുദൈഫ ചരിത്രത്തില്‍ അറിയപ്പെട്ടത് ഈ രഹസ്യത്തിന്റെ പേരിലാണ്. പ്രവാചകന്റെ രഹസ്യ സൂക്ഷിപ്പുകാരന്‍!’ അതുല്യമായ ത്യാഗത്തിന്റെ വീരഗാഥ രചിച്ച യുദ്ധമായിരുന്നു നഹാവന്ദ്. ഒന്നരലക്ഷം വരുന്ന പേര്‍ഷ്യന്‍ സൈന്യത്തെ നേരിട്ടത് അതിന്റെ അഞ്ചിലൊന്ന് മാത്രമുള്ള കേവലം മുപ്പതിനായിരം മുസ്‌ലിം ഭടന്മാര്‍. റയ്യ്, ദൈനവര്‍, ഹമദാന്‍ എന്നീ ചരിത്രപ്രസിദ്ധമായ പ്രവിശ്യകള്‍ ഇസ്‌ലാമിന്റെ സ്വാധീന വലയത്തിലെത്തിച്ചത് ഈ യോദ്ധാക്കളായിരുന്നു. അര്‍പ്പണ ബോധമുള്ള ആ വ്യൂഹത്തിന് ധീരോദാത്തമായ നേതൃത്വം നല്‍കിയവരില്‍ ഹുദൈഫ(റ)യും ഉണ്ടായിരുന്നു. പ്രസിദ്ധമായ കൂഫ പട്ടണത്തിന്റെ സംസ്ഥാപനത്തിന് അനുയോജ്യമായ ഭൂപ്രകൃതിയും കാലാവസ്ഥയും നിരീക്ഷിച്ചു അടയാളപ്പെടുത്തിയതും ഹുദൈഫ(റ)വാണ്. പരലോകത്തിനായി ഇഹലോകത്തെയും ഇഹലോകത്തിനായി പരലോകത്തെയും ഉപേക്ഷിക്കുന്നവനല്ല നിങ്ങളില്‍ ഉത്തമന്‍. മറിച്ച് രണ്ടും നേടുന്നവനാകുന്നു, ഹുദൈഫ(റ) ഓര്‍മപ്പെടുത്തുമായിരുന്നു. നിങ്ങള്‍ എന്റെ അന്ത്യയാത്രക്കുള്ള വസ്ത്രം ഒരുക്കിയിട്ടുണ്ടോ? മരണശയ്യയില്‍ സന്ദര്‍ശിക്കാന്‍ വന്നവരോട് അദ്ദേഹം ചോദിച്ചു. ഇതാ കഫന്‍ പുടവ.’ അവര്‍ പുതുവസ്ത്രം കാണിച്ചുകൊടുത്തു. ഇതൊന്നും എനിക്കുവേണ്ട. രണ്ടു കഷ്ണം വെള്ളത്തുണി മാത്രം മതി. ഖബ്‌റില്‍ ഉപേക്ഷിക്കാന്‍ അല്‍പമേ വേണ്ടൂ. പുതിയതും ഭംഗിയുള്ളതുമൊന്നും എനിക്കു വേണ്ട.’ ദുഃഖം ഒന്നിനും പരിഹാരമല്ല. മരണം പ്രിയങ്കരനായ സ്‌നേഹിതന്‍ തന്നെ. എന്നദ്ദേഹം അവസാനമായി പറഞ്ഞുവെക്കുന്നുണ്ട്.