Sunni Afkaar Weekly

Pages

Search

Search Previous Issue

തിരിച്ചടിയുടെ സര്‍ഗാത്മക മുഖം

സിദ്ദീഖ് നദ്‌വി ചേറൂര്‍
തിരിച്ചടിയുടെ  സര്‍ഗാത്മക മുഖം

ദ്രോഹിച്ചവരോട് തിരിച്ചടിക്കാനും പ്രതികാരംചെയ്യാനും മനസ്സ് വെമ്പല്‍ കൊള്ളുക സ്വാഭാവികവും മനുഷ്യസഹജവുമാണ്. എന്നാല്‍, തിരിച്ചടിക്ക് രചനാത്മകവും സര്‍ഗാത്മകവുമായ ഒരു മാനവും ഭാവവും കൈവന്നാലോ? അത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യും. അതാണ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്ത വാര്‍ത്തയുടെ പ്രാധാന്യം. ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളും വെല്ലുവിളികളും നേരിടുമ്പോള്‍ അതിനോട് പ്രതികരിക്കുന്നവര്‍ പലതരത്തിലാണ്. ചിലര്‍ മാനസികമായി തളരുകയും തകരുകയും ചെയ്യും. കടുത്ത നിരാശയില്‍ പെട്ടുഴലുന്ന അത്തരക്കാരുടെ വര്‍ത്തമാനകാലം അങ്ങനെ കഴിഞ്ഞുപോകും. എന്നാല്‍, ഭാവിയും കുഴഞ്ഞുമറിഞ്ഞ് പോകാനുള്ള നടപടികളിലാണ് അയാള്‍ മുഴുകിയിരിക്കുന്നത്. മറ്റുചിലര്‍ പ്രതിസന്ധി സൃഷ്ടിച്ചവര്‍ക്കെതിരേയുള്ള രോഷവും അമര്‍ഷവും ഉള്ളിലൊതുക്കി കടുത്ത വൈകാരിക ക്ഷോഭത്തില്‍ ഉരുകിയൊലിക്കുന്നവര്‍. അവര്‍ക്കും ഭാവിക്കു വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ മനസ്സ് പാകപ്പെട്ടിട്ടില്ലാത്തതിനാല്‍ അവരുടെ ഇന്നും നാളെയും നഷ്ടത്തിലാകുന്നു. വേറൊരു കൂട്ടര്‍ വെല്ലുവിളികളെ അവസരമാക്കി മാറ്റുന്നു. ഭാവിയിലെങ്കിലും അത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രതിരോധത്തെ കുറിച്ച് ചിന്തിക്കുന്നു. അഥവാ, പ്രശ്‌നങ്ങളോട് ക്രിയാത്മകമായും അവധാനതയോടെയും പ്രതികരിക്കുന്നു. വൈകാരികതയെക്കാള്‍ വിവേകപൂര്‍ണമായ പ്രതികാരത്തിനു മനസ്സിനെ സ്വയം പാകപ്പെടുത്തുന്നു. അങ്ങനെ ഇന്നു നേരിട്ട അനീതിക്കും അന്യായങ്ങള്‍ക്കും നാളെയെങ്കിലും നീതിപീഠത്തിലൂടെ തന്നെ പ്രതികാരംചെയ്യാനുള്ള ആയുധങ്ങള്‍ക്കു മൂര്‍ച്ചകൂട്ടി വയ്ക്കുന്നു. ഇതിനു മികച്ച ഉദാഹരണമാണ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ മകന്‍ സ്വീകരിച്ച മാര്‍ഗം. ഇന്ത്യയിലെ നീതിനിഷേധത്തിന്റെയും അന്യായവും അതിദീര്‍ഘവുമായ വിചാരണത്തടവിന്റെയും പ്രതിരൂപമാണ് മഅ്ദനി. ആ വെല്ലുവിളി സൃഷ്ടിച്ച ദുരിതങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും മുന്നില്‍ പകച്ചുനിന്ന് പോയ കുട്ടിക്കാലം ആ ഇളം മനസ്സിനെ ചില തീരുമാനങ്ങളിലേക്ക് നയിച്ചു. അനീതിക്കെതിരേ നീതി കൊണ്ട് പകരംവീട്ടുക. നാളത്തെ തലമുറയ്ക്ക് വേണ്ടിയെങ്കിലും നീതിയുടെ കാവലാളായി നിന്ന് അനീതിക്കെതിരേ പോരാടുക. അതാണ് സ്വലാഹുദ്ദീന്‍ അയ്യൂബി എന്ന യുവാവ് ഏറ്റെടുത്ത ദൗത്യം. അഭിഭാഷകനായി എന്റോള്‍ ചെയ്ത അയ്യൂബി ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിക്കും വിഭാഗങ്ങള്‍ക്കും പ്രതീക്ഷയും പ്രചോദനവുമാണ്. ഇന്ത്യയിലെ പ്രത്യേക സാഹചര്യവും കുഴഞ്ഞുമറിഞ്ഞ ദുരവസ്ഥയും പലരെയും ഖിന്നരും ഹതാശരുമാക്കി മാറ്റുന്നുവെന്നത് ശരിയാണ്. ഇതൊക്കെ ജീവിതത്തിന്റെ സ്വാഭാവിക രീതിയാണെന്ന് മനസ്സിലാക്കി നാളെയെ ഭദ്രമാക്കാന്‍ ശ്രമിക്കുക. വിദ്യയാണ് ശക്തി; വിശ്വാസമാണ് കരുത്ത്. അക്കാദമിക് യോഗ്യതകള്‍ ശക്തമായ പ്രതിരോധ കവചങ്ങളാണ്. അതിനാല്‍ അകത്ത് പ്രതീക്ഷയുടെ പൂച്ചെടികള്‍ നട്ടുവളര്‍ത്താം. നിരാശയുടെ പാഴ്‌ച്ചെടികളെ പറിച്ചെറിയാം. അറിവു നേടി ബാധ്യതകളെ സാധ്യതകളാക്കി മാറ്റാം. ശത്രുക്കള്‍ നമ്മെ നിരായുധരാക്കാന്‍ ശ്രമിക്കും. ചോരന്‍മാര്‍ നമ്മിലെ വിഭവങ്ങള്‍ ഊറ്റിയെടുക്കാന്‍ ശ്രമിക്കും. പക്ഷേ, അറിവാകുന്ന ആയുധത്തെ ഊരിയെടുക്കാന്‍ ആര്‍ക്കുമാവില്ല. ചോരന്‍മാര്‍ക്ക് കട്ടെടുക്കാനാവാത്ത വസ്തു. പ്രത്യേകിച്ച് പ്രതിയോഗികള്‍ നമ്മെ ഏത് ആയുധം ഉപയോഗിച്ചാണോ വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്നത്. അതേ ആയുധം സ്വായത്തമാക്കി അവരെ നിരായുധരാക്കി മാറ്റാന്‍ കഴിയുമെന്നതാണ് ഈ തിരിച്ചടിയുടെ പ്രത്യേകത. അതുപോലെ ഇങ്ങനെ നിഷേധിക്കപ്പെടുന്ന പുതു തലമുറകള്‍ക്ക് പരിചയും പടച്ചട്ടയുമായി മാറാന്‍കൂടി കഴിയുന്ന വിദ്യ. ഇത്തരമൊരു പ്രതികാരരീതി തെരഞ്ഞെടുത്ത യുവ അഭിഭാഷകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയും അതിനു പ്രോത്സാഹനം നല്‍കി ഒപ്പംനിന്ന മഅ്ദനി കുടുംബവും അഭിനന്ദനം അര്‍ഹിക്കുന്നു. നല്ലതു വരട്ടെ!