Sunni Afkaar Weekly

Pages

Search

Search Previous Issue

കേരളത്തിന്റെ മാനം കാത്ത ധ്രുവ് റാത്തി

സിദ്ദീഖ് നദ്‌വി ചേറൂര്‍
  കേരളത്തിന്റെ മാനം കാത്ത ധ്രുവ് റാത്തി

the kerala story എന്ന പ്രൊപഗണ്ട സിനിമയിലൂടെ ആഗോളതലത്തില്‍ കേരളത്തിന്റെ മുഖം വികൃതമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വ്യക്തവും വസ്തുനിഷ്ഠവും യുക്തിഭദ്രവുമായ മറുപടിനല്‍കി നമ്മുടെ നാടിന്റെയും ജനങ്ങളുടെയും മാനംകാക്കാന്‍ ഒരു ഹരിയാന സ്വദേശിയായ ജാട്ട് യുവാവ് രംഗത്തിറങ്ങേണ്ടിവന്നു. പ്രമുഖ ബ്ലോഗറും മീഡിയ ആക്ടിവിസ്റ്റുമായ ധ്രുവ് റാത്തിയെന്ന യുവാവാണ് തന്റെ ശക്തമായ ഇടപെടലിലൂടെ കേരളീയരുടെ മുഖം മിനുക്കിയത്.

പ്രസ്തുത വീഡിയോ അതിന്റെ ഒറിജിനല്‍ സോഴ്‌സില്‍നിന്നുതന്നെ കേള്‍ക്കാന്‍ കഴിഞ്ഞപ്പോള്‍ മനസ്സില്‍ രൂപപ്പെട്ട ചില ചിന്തകള്‍ ഇവിടെ പങ്കുവയ്ക്കുകയാണ്.

സിനിമയിലൂടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ആരോപണങ്ങളും തെറ്റുദ്ധാരണകളും വസ്തുതകളുമായി ഒരു നിലയ്ക്കും പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം തെളിവുസഹിതം സ്ഥാപിക്കുന്നു.

സിനിമ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് കേരളത്തിന്റെ യഥാര്‍ത്ഥ സ്റ്റോറിയെന്ന് ഒരു കേരളീയനെക്കാള്‍ ആവേശത്തോടെ അദ്ദേഹം വിശദീകരിക്കുന്നു. ലവ്ജിഹാദിലൂടെ പെണ്‍കുട്ടികളെ മതംമാറ്റുന്നുവെന്ന് വിളിച്ചുകൂവുന്നവര്‍ സ്വന്തം സ്ത്രീകളുടെ നിലവാരം ഇടിച്ചുതാഴ്ത്തി അവരെ ആട്ടിന്‍പറ്റങ്ങളുടെ സമാനമായ നിലയിലെന്ന് ധരിച്ചുവശായവരാണ്. തങ്ങളുടെ പെണ്‍കുട്ടികള്‍ സ്വന്തമായി നിലപാടോ അഭിപ്രായ സ്ഥിരതയോ ഇല്ലാത്തവരും ഇഷ്ടമല്ലാത്തവര്‍ തങ്ങളെ വളഞ്ഞവഴിക്ക് സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ അതു കണ്ടറിഞ്ഞ് പൊലീസില്‍ വിവരം നല്‍കി നടപടിയെടുപ്പിക്കാന്‍ മാത്രമുള്ള പൊതുബോധമോ സാമാന്യ നിലവാരമോപോലും ഇല്ലാത്തവരുമാണെന്ന് മാലോകരോട് വിളിച്ചുപറയുന്നു. വെറും മൂന്നു പെണ്‍കുട്ടികളുടെ കഥകളെ പെരുപ്പിച്ച് 32000ല്‍ എത്തിച്ചവര്‍ ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിച്ച് കേരളത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്നവരാണ്. അത്തരക്കാര്‍ ഇതുപോലെ ഈയ്യിടെ വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരുടെമേല്‍ മൂത്രമൊഴിച്ച ഏതാനും സംഭവങ്ങള്‍ പെരുപ്പിച്ച് കാട്ടി ഏതെങ്കിലും വിദേശരാജ്യം ഒരു ഇന്ത്യന്‍ സ്റ്റോറി സിനിമയാക്കി ഇറക്കിയാല്‍ ഇവര്‍ എങ്ങനെ പ്രതികരിക്കും?

ഈ സിനിമയിലെ വാദങ്ങള്‍ക്ക് പഠനങ്ങളുടെയോ ഔേദ്യാഗിക രേഖകളുടെയോ ഒരു പിന്‍ബലവും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രിയെ പോലെ ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ അതിലെ അപകടം വ്യക്തമാക്കുന്നതിനു പകരം സിനിമയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ചത് തികച്ചും ഹീനവും വിചിത്രവുമാണെന്ന് തുറന്നു പറയുന്നു. ചുരുക്കത്തില്‍, വര്‍ത്തമാനകാലത്ത് ഇത്തരമൊരു വീഡിയോയിലൂടെ സത്യം തുറന്നുപറയാന്‍ ധ്രുവ് റാത്തി കാണിച്ച ആര്‍ജവവും ചങ്കൂറ്റവും ഏറെ ശ്രദ്ധേയവും സാഹസികവും അഭിനന്ദനീയവുമാണ്. ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും നാടിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനും കഴിയാത്ത നാട്ടുകാര്‍, ആ ധീര യുവാവിന്റെ വാക്കുകള്‍ക്ക് ലൈക്കും വ്യാപ്തിയും നല്‍കിയെങ്കിലും തങ്ങളുടെ കടമ നിര്‍വഹിക്കണം. ഇതിനകം ഈ വീഡിയോ 1,29,55,605 പേര്‍ കണ്ടുകഴിഞ്ഞതാണ്. 925000 പേര്‍ ലൈക്ക് ചെയ്തു.

1,69,000 പേര്‍ കമന്റെഴുതി. ശരിക്കും ഔദ്യോഗിക തലത്തില്‍ ഇത്തരമൊരു പ്രതികരണം പുറത്തിറക്കാന്‍ കേരളത്തിനു കഴിയേണ്ടതായിരുന്നു. പക്ഷേ........!