Sunni Afkaar Weekly

Pages

Search

Search Previous Issue

അവനും അവളും വേണ്ട, പിന്നെ?

സിദ്ദീഖ് നദ്‌വി ചേറൂര്‍
അവനും അവളും  വേണ്ട, പിന്നെ?

എത്ര ലാഘവ ബുദ്ധിയോടെയും ഉപരിപ്ലവപരമായുമാണ് ലിംഗസമത്വവാദികള്‍ വിഷയങ്ങളെ സമീപിക്കുന്നതെന്ന് ആലോചിച്ച് ചിരിക്കണോ സങ്കടപ്പെടണോ എന്നറിയാതെ കുഴങ്ങുകയാണ്. വേഷം മാറിയാല്‍ ലിംഗം മാറും! സാര്‍, മാഡം വിളി മാറ്റി ടീച്ചറാക്കിയാല്‍ ലിംഗസമത്വം പുലരും! ഒരു സ്ത്രീക്ക് സുപ്രഭാതത്തില്‍ താനൊരു പുരുഷനാണെന്ന് ഉള്‍വിളിയുണ്ടായാല്‍ അവളെ അവനായി കണക്കാക്കണം. അവന് ആവശ്യമായ ശസ്ത്രക്രിയ നടത്തി മനംമാറ്റത്തിന് സാധുത നല്‍കണം. ഇനി കുറച്ചു കഴിഞ്ഞ് തനിക്ക് വീണ്ടും അവളാകണമെന്ന മറുവിളി വന്നാല്‍ അവനെ അവളായി കണക്കാക്കണം. അതിനു വേണ്ട അംഗമാറ്റമോ ലിംഗമാറ്റമോ ആവശ്യമെങ്കില്‍ സമൂഹം സഹകരിച്ച് അതു സാധിച്ചുകൊടുക്കണം. കാരണം, ആത്യന്തികമായി വ്യക്തിയാണു പ്രധാനം! പൗരാവകാശമാണ് പരമപ്രധാനം! സമൂഹം വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു വഴങ്ങണം! സാമൂഹിക നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി വ്യക്തികള്‍ക്കു തങ്ങളുടെ താല്‍പ്പര്യങ്ങളില്‍ ചില്ലറ നീക്കുപോക്കുകളാവാമെന്ന ചിന്ത പഴഞ്ചനാണ്. പ്രതിലോമപരമായ ഈ തല തിരിഞ്ഞ കാഴ്ചപ്പാടാണ് ഇന്നത്തെ ചില ബുദ്ധിജീവി നാട്യക്കാരുടെയും അവരില്‍ സൈദ്ധാന്തിക പുലരി ദര്‍ശിക്കുന്ന സര്‍ക്കാരുകളുടെയും മുഖമുദ്ര. ഈ നയം അവര്‍ ആവുംവിധമൊക്കെ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വലിയ സാമ്രാജ്യ വിരുദ്ധ പ്രസംഗങ്ങള്‍ ശീലമാക്കിയവര്‍പോലും മുതലാളിത്ത രാജ്യങ്ങള്‍ ചവച്ചുതുപ്പിയ ഇത്തരം വികല നയങ്ങളുടെ പ്രചാരകരായി മാറിയിരിക്കുന്നു! വൈചിത്ര്യമെന്നല്ലാതെ എന്തു പറയാന്‍? മാഷ്/ടീച്ചര്‍, സര്‍/മാഡം എന്നെല്ലാം പറഞ്ഞു വിളിക്കുമ്പോള്‍ തങ്ങളെ പഠിപ്പിക്കുന്ന ചിലര്‍ സ്ത്രീകളും ചിലര്‍ പുരുഷന്‍മാരുമെന്ന് കുട്ടികള്‍ ധരിച്ചുകളയും. അതിനാല്‍, ആ വ്യത്യാസം തോന്നാതിരിക്കാന്‍ എല്ലാവരെയും ടീച്ചര്‍ എന്നു വിളിക്കുക. ഒരാള്‍ സാരിയോ സല്‍വാര്‍ ഖമീസോ ധരിച്ചു വന്നാല്‍ ഒരു കൂട്ടര്‍ സ്ത്രീയാണെന്ന രഹസ്യം കുട്ടികള്‍ അറിഞ്ഞു പോകും. അതിനാല്‍, എല്ലാവരും പാന്റ്‌സും ഷേര്‍ട്ടും ധരിക്കുക. ഒരാള്‍ നീണ്ട മുടിയും മറ്റെയാള്‍ കുറിയ മുടിയുമായി വന്നാല്‍ സ്ത്രീത്വം പുറത്തായിപ്പോകും. അതിനാല്‍, ആ വേര്‍തിരിവും അവസാനിപ്പിച്ച് മുടി ബോബ് ചെയ്യുക. അപ്പോള്‍ സ്ത്രീകള്‍ ലേഡീസ്/വാനിറ്റി ബാഗുമായി നടക്കുന്നു; സ്‌കൂളിലേക്ക് കടന്നു വരുന്നു. പുരുഷന്റെ കൈയ്യില്‍ അതില്ല. ഒന്നെങ്കില്‍ സ്ത്രീ ആ പതിവ് നിര്‍ത്തണം, അല്ലെങ്കില്‍ പുരുഷനും സമാന ബാഗ് പതിവാക്കണം. കുട്ടികള്‍ സംശയിക്കരുതല്ലോ. സ്ത്രീകള്‍ക്ക് ഓഫീസുകളിലും വിദ്യാലയങ്ങളിലും സ്ത്രീകള്‍ക്കു മാത്രമായി ആര്‍ത്തവാവധി നല്‍കുകയാണത്രെ! അപ്പോള്‍ മാസത്തിലെ ചില ദിവസങ്ങളില്‍ ടീച്ചര്‍മാരില്‍ ഒരു വിഭാഗം പതിവായി ലീവെടുക്കുമ്പോള്‍ കുട്ടികള്‍ക്ക് സംശയം വരില്ലേ? അവര്‍ക്കിടയില്‍ വേര്‍തിരിവ് ധാരണ വരില്ലേ? ടീച്ചര്‍മാരില്‍ ഒരു കൂട്ടര്‍ക്കു മാത്രം മുഖത്ത് കപ്പട മീശ! മാര്‍ക്‌സിയന്‍ താടി! മറ്റേ കൂട്ടര്‍ക്ക് ഇതൊന്നുമില്ല! തെറ്റിദ്ധാരണാ ജനകമല്ലേ? ഒന്നെങ്കില്‍ മറ്റേ കൂട്ടര്‍ക്കും മുഖത്ത് രോമം വേണം, അല്ലെങ്കില്‍ രണ്ടു കുട്ടരും മുഖം മിനുക്കണം! ചില ടീച്ചര്‍മാരുടെ ശരീരത്തില്‍ ഇടയ്ക്ക് ചില മാറ്റങ്ങള്‍ പ്രകടമാകുന്നു. ഉദരഭാഗത്ത് അസാധാരണ വികാസമുണ്ടാകുന്നു. അധികം വൈകാതെ ഒരു കുട്ടിക്ക് ജന്‍മംനല്‍കുന്നു. ഇതൊക്കെ നിരീക്ഷിക്കുന്ന കുട്ടികള്‍ക്കിടയില്‍ വിവേചനചിന്ത രൂപപ്പെട്ടുവരില്ലേ? ഇതിനെന്താണ് നിവാരണമാര്‍ഗം? ഇതര ടീച്ചര്‍മാരും ആ മാര്‍ഗം സ്വീകരിക്കണോ? അതോ പ്രസവിക്കുന്ന ടീച്ചര്‍മാര്‍ ആ പണി നിര്‍ത്തണോ? ഒരു കൂട്ടര്‍ക്കു മാത്രം നീണ്ടകാലം പ്രസവാവധി നല്‍കുന്നു. മറ്റേ ടീച്ചര്‍മാര്‍ക്ക് അതില്ല! വിവേചനമല്ലേ? പ്രകൃതിപരവും ജൈവപരവുമായ വേര്‍തിരിവുകള്‍ ഒളിപ്പിച്ചുവച്ചും മറച്ചുപിടിച്ചും ലിംഗസമത്വം (ആ പ്രയോഗത്തില്‍പോലും ഏകപക്ഷീയത പ്രകടം!) തെളിയിച്ചാല്‍ അത് നീണ്ടുപോകുമോ, നിലനില്‍ക്കുമോ? ഇനി ഭാഷാ പ്രയോഗങ്ങളിലും ഏകീകരണംവരുത്താനുള്ള നീക്കങ്ങളും പരിഗണനയിലാണ്. അവനും അവളും വേണ്ട, പിന്നെ? അധ്യാപകനും അധ്യാപികയും കാണില്ല! അപ്പോള്‍ ശാരീരികവും ജൈവപരവുമായ വ്യതിയാനങ്ങള്‍ക്ക് അറുതി വരുത്താന്‍ ആര്‍ക്കു നിവേദനം നല്‍കി കാത്തിരിക്കണം?