ആ അധ്യാപിക ഒരു പ്രതീകം മാത്രം.
ശ്രീമാന്‍ യോഗി ആദിത്യനാഥ് എന്ന കാഷായ വേഷധാരി ഭരിക്കുന്ന യുപിയിലെ മുസഫര്‍ നഗര്‍ ജില്ലയിലെ നേഹ പബ്ലിക് സ്‌കൂള്‍ അധ്യാപിക ത്രിപ്ത ത്യാഗി ഒരു പ്രതീകമാണ്. വര്‍ത്തമാന ഇന്ത്യയില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന പരമത വിദ്വേഷം മനുഷ്യ മനസ്സില്‍ സൃഷ്ടിച്ചു വിടുന്ന പകയും വെറുപ്പും പ്രതികാര ചിന്തയും എത്രത്തോളം കഠിനവും കിരാതവുമായ ചെയ്തികളിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുമെന്നതിന്റെ പച്ചയായ തെളിവ്. ഒരു ലാബ് പരിശോധനയുടെയും ആവശ്യമില്ലാത്ത വിധം ഹിന്ദുത്വ കാമ്പയിന്റെ ദുരന്തഫലം ലോകത്തെ ബോധ്യപ്പെടുത്താന്‍ പര്യാപ്തമാണീ പ്രതീകം. മോദിയുടെ കീഴില്‍ ഇന്ത്യയും യോഗിയുടെ തണലില്‍ യുപി യും ഇനിയും മുന്നോട്ട് പോയാല്‍ ഇവിടെ എന്ത് സംഭവിക്കുമെന്നതിന് വേറെ തെളിവ് വേണ്ട. ഒപ്പം ആ കുട്ടിയും ഒരു പ്രതീകമാണ്. ഹിന്ദുത്വ യുടെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമര്‍ന്ന ഭരണ നിയമ പാലക നീതിന്യായ വ്യവസ്ഥിതിയിലെ ദളിത്‌ന്യൂനപക്ഷ വിഭാഗങ്ങളുടെ നെടുവീര്‍പ്പിന്റെയും നിസ്സഹായാവസ്ഥയുടെയും പ്രതീകം. അറിവ് സംസ്‌കാരം വര്‍ധിപ്പിക്കുമെന്ന് വിശ്വസിക്കുന്ന നാട്ടിലെ ഒരധ്യാപിക, സരസ്വതീ ക്ഷേത്രമാണ് വിദ്യാലയമെന്ന് വിശ്വസിക്കുന്നവര്‍ക്ക് മേധാവിത്വമുള്ള ഒരു വിദ്യാലയത്തിനുള്ളില്‍, വിദ്യ നേടി ശീലവും സ്വഭാവവും നന്നാക്കാന്‍ രക്ഷിതാക്കള്‍ പറഞ്ഞയച്ച കുട്ടികളോട് അവരുടെ കൂട്ടത്തിലുള്ള ഒരു കുട്ടിയെ അവന്‍ മറ്റൊരു മതക്കാരനായിപ്പോയി എന്ന പേരില്‍ മാത്രം തല്ലാന്‍ പ്രേരിപ്പിക്കുക, താനും ഇത്തരം കുട്ടികളെ തല്ലാറുണ്ടെന്ന് പറഞ്ഞു പ്രോല്‍സാഹിപ്പിക്കുക, ജന്മ സിദ്ധമായ മാനുഷിക ബോധം കാരണം അനീതി ചെയ്യാന്‍ അറച്ചു നിന്നവരെ ശകാരിച്ച് അതിന് നിര്‍ബന്ധിക്കുക. ഇതെല്ലാം സഹിഷ്ണുതയുടെ പേരില്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്ന ഒരു മതത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്നവരില്‍ നിന്ന്, അതും രാജ്യത്തെ എത്രയും വേഗം ഹിന്ദു രാഷ്ട്രമാക്കാന്‍ വെമ്പി നില്‍ക്കുന്നവരില്‍ നിന്ന് സംഭവിക്കുമ്പോള്‍ ലോകം എന്ത് മനസ്സിലാക്കണം? ഇവര്‍ ഊറ്റം കൊള്ളുന്ന ഹിന്ദുത്വയും യഥാര്‍ത്ഥ ഹിന്ദു മതവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നല്ലേ? ഇത്തരം മതത്തിനുള്ളിലെ ഒറ്റുകാരെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും ആട്ടിയകറ്റാനും ശരിയായ സനാതനമൂല്യവും സഹിഷ്ണുതയും കൈമുതലായുള്ള ഹിന്ദു സഹോദരങ്ങള്‍ എത്രയും വേഗം മുന്നോട്ട് വരുമെന്ന് തന്നെ നാം പ്രതീക്ഷിക്കുക. ആ പ്രതീക്ഷയുടെ സാഫല്യത്തിലാണ് ഇന്ത്യയുടെ ഭാവി. അല്ലാത്ത പക്ഷം ഒരു ചന്ദ്രയാന്‍ പ്രതിച്ഛായയും ഒരു ഫൈവ് ട്രില്യന്‍ എക്കോണമി വീര വാദവും ഇന്ത്യയുടെ രക്ഷക്കെത്തില്ല. ഓര്‍ത്തു വച്ചോളൂ.