സ്വേച്ഛാധിപതികളുടെ കല്ലറകള്‍ സാക്ഷി

ശുണ്ഠിക്കാരനായി അറിയ പ്പെട്ട ഒരു രാഷ്ട്രീയ നേതാവുമായി ഒരു പത്രപ്രതിനിധി അഭിമുഖം നടത്തുകയാണ്. സംസാരത്തിനിടയില്‍ പത്രപ്രതിനിധി: താങ്കള്‍ മുന്‍കോപിയാണെന്ന് ചിലര്‍ പറയുന്നുണ്ടല്ലോ? എന്താണഭിപ്രായം? ഹേ, ഞാനോ? അത് ശത്രുക്കളുടെ കേവല ആരോപണം മാത്രമാണ്. എന്നാലും അതിലെന്തെങ്കിലും സത്യമുണ്ടോ? നേതാവിന് കലികയറി. വൈകാതെ തന്റെ തനിനിറം പുറത്താവുകയും ചെയ്തു. വാക്കുകള്‍ കൊണ്ട് നിരാകരിച്ചാലും പ്രവര്‍ത്തികള്‍ പല ആരോപണങ്ങളെയും സാധൂകരിക്കും. രാഹുല്‍ ഗാന്ധി ഈയിടെ ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയില്‍ ജനാധിപത്യം ഭീഷണി നേരിടുകയാണെന്നും ബി.ജെ.പിയും സംഘ് പരിവാറും ഭരണ സംവിധാനങ്ങളെയെല്ലാം പിടിയിലൊതുക്കി ജനാധിപത്യത്തെ കഴുത്തു ഞെരിച്ച് കൊല്ലുകയാണെന്നും പ്രസംഗിച്ചത് അധികൃതര്‍ക്ക് തീരേ ദഹിച്ചില്ല. അതിനെതിരില്‍ അവര്‍ ശക്തമായി പ്രതികരിച്ചു. എന്നാല്‍ തുടര്‍ന്ന് അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓരോ പ്രവൃത്തിയും രാഹുല്‍ പറഞ്ഞതിനെ 100 ശതമാനം സാധൂകരിക്കുകയാണ്. ഇന്ത്യയില്‍ ജനാധിപത്യം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇപ്പോള്‍ ബി.ജെ.പി ഇതര കക്ഷികള്‍ എല്ലാം ഒറ്റക്കെട്ടായി ഈ കശാപ്പിനെ നേരിട്ടില്ലെങ്കില്‍ ഇന്ത്യ ഒരു മഹാരാജാവും കുറേ ശിങ്കിടികളും സ്തുതിപാഠകരും കൂടി ഭരിക്കുന്ന ഒരു സ്വേച്ഛാധിപത്യ രാജ്യമായി പരിവര്‍ത്തിതമാകാന്‍ പോവുകയാണ്. തിരുവായ്ക്ക് എതിര്‍വാ ഉണ്ടാകാന്‍ പാടില്ല. എതിര്‍പ്പിന്റെ ഒരു ശബ്ദവും കേള്‍ക്കാന്‍ പറ്റില്ല. അതിനാല്‍ എതിര്‍ക്കുന്നവരെ മുഴുവന്‍ നിര്‍വീര്യരാക്കുക. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് അവരെ നിയമ നിര്‍മാണ സഭകളില്‍നിന്ന് ആട്ടിപ്പുറത്താക്കുക. ഒരു ഗോത്ര വിഭാഗത്തെ പറ്റി ആലങ്കാരികമായി അപഹസിച്ചതിന്റെ പേരിലാണ് രാഹുല്‍ ചെയ്തത് മഹാപരാധമായി കണ്ടു രണ്ട് വര്‍ഷത്തെ ശിക്ഷ വിധിക്കുകയും അതിന്റെ ബലത്തില്‍ അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തത്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ വിഭാഗങ്ങളെ കുറിച്ച് തികച്ചും പ്രകോപന പരമായും അവഹേളനാ രൂപത്തിലും പ്രസംഗിച്ച മന്ത്രിമാരും എം.പിമാരും യോഗിമാരും മഹര്‍ഷിമാരും തന്ത്രിമാരും ഒരു രോമത്തിന് പോലും കേട് പറ്റാതെ, ഒരു പെറ്റിക്കേസ് പോലും ഫയല്‍ ചെയ്യപ്പെടാതെ വിലസുന്ന നാടാണിത്. ക്രിമിനല്‍ കുറ്റം ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തവരെ ‘രണ സ്വാധീനത്തില്‍ പുറത്തിറക്കി പൂമാലയിട്ട് സ്വീകരിക്കുന്നവരുടെ നാട്. തങ്ങള്‍ക്ക് അനുകൂല വിധി പുറപ്പെടീച്ച ജഡ്ജിമാരെ പദവികള്‍ നല്‍കി സുഖിപ്പിച്ചും സത്യസന്ധമായി നീതിയോടൊപ്പം നില്‍ക്കുന്നവരെ വേട്ടയാടിയും വെട്ടിനിരത്തിയും മുന്നോട്ട് പോകുന്ന ഭരണകൂടം. അവരും അവരുടെ പാദസേവകരും ഒന്നോര്‍ത്താല്‍ നന്ന്. ഹിറ്റ്‌ലറും മുസോളനിയും ഏകാധിപതികളായി വാണ ലോകമാണിത്. പക്ഷെ, അവരിപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഫാസിസവും നാസിസവും നാമാവശേഷമായി. എല്ലാറ്റിനും ഒരന്ത്യമുണ്ട്. കാലത്തിന്റെ തിരിച്ചടിയേറ്റു വാങ്ങാതെ ആരും കഴിഞ്ഞു പോയിട്ടില്ല. അതിനാല്‍ ചരിത്രത്തില്‍നിന്ന് പാഠം പഠിക്കാത്തവര്‍ കാലത്തിന്റെ ഏറ്റവും പ്രഹരശേഷിയുള്ള തിരിച്ചടി നേരിട്ടതിന് ചരിത്രം സാക്ഷിയാണ്.