ഗാന്ധിജിയെ പാപിയാക്കുന്നു ഗോദ്‌സെയെ പുണ്യവാളനും

അഹിംസയുടെ ആള്‍രൂപമായ നമ്മുടെ രാഷ്ട്രപിതാവിന് നാട്ടുകാരായ ചിലര്‍ ഹിംസകൊണ്ടാണ് തിരിച്ചടി നല്‍കിയത്; നെഞ്ചില്‍ തുളച്ചുകയറിയ മൂന്ന് വെടിയുണ്ടകള്‍! അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്‌സേ. പേര് കേട്ടാല്‍ ഹിന്ദുവെന്ന് തോന്നാം. പക്ഷേ, ഒരു ഹിന്ദുവിന് അങ്ങനെ ചെയ്യാന്‍ മനസ്സ് വരില്ല. രാമായണം വായിച്ച ഹിന്ദുവിന്, വാല്‍മീകി കാട്ടിലൂടെ നടന്ന് പോകവേ ഇണക്കിളികളില്‍ ഒന്ന് വെടിയേറ്റ് വീണുകിടക്കുന്നത് കണ്ട് ശോക സാന്ദ്രമായ മനസ്സോടെ മാനിഷാദ (അരുത് കാട്ടാളാ) എന്നുരുവിട്ട സംഭവം അയവിറക്കുന്ന യഥാര്‍ത്ഥ ഹിന്ദുവിന് അങ്ങനെയൊരു ക്രൂരത കാണിക്കാനാവില്ല. അതുപോലെ, ലോകമേ തറവാട് എന്നര്‍ത്ഥംവരുന്ന വസുധൈവ കുടുംബകം എന്ന ഉപനിഷദ്‌വാക്യം ഉയര്‍ത്തിപ്പിടിക്കുന്ന (അയം നിജഃ പരോ വേതി ഗണനാ ലഘുചേതസാം, ഉദാരചരിതാനാം തു വസുധൈവ കുടുംബകം? ഇത് എന്റേത്, അത് അവന്റേത് എന്ന് സങ്കുചിത മനസ്‌കര്‍ വിചാരിക്കുന്നു, എന്നാല്‍, ലോകമേ തറവാട് എന്ന് ഉദാരമനസ്‌കര്‍ ചിന്തിക്കുന്നു. മഹാ ഉപനിഷത്ത് VI. 7173ന്റെ ആറാം അധ്യായം) ഹിന്ദുധര്‍മോപാസകന്, ഒരുമയുടെയും സഹിഷ്ണുതയുടെയും പാഠം ചൊല്ലിപ്പഠിച്ച ഹിന്ദുവിന് എങ്ങനെ മുസ്‌ലിംകളോട് അനുതാപം കാട്ടുന്നുവെന്ന പേരില്‍ ഗാന്ധിജിയോട് വൈരം വച്ചുപുലര്‍ത്താനും അവസരം കിട്ടിയപ്പോള്‍ കഥകഴിക്കാനും കഴിയുക? അവിടെയാണയാള്‍ ഹിന്ദുവല്ലെന്നും മറിച്ച് ഹിംസയുടെയും ക്രൂരതയുടെയും പ്രതികാര രൗദ്രതയുടെയും പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിച്ച ഹിന്ദുത്വവാദിയാണെന്നും തിരിച്ചറിയുക. ഈ ആശയം തലയില്‍കയറിയിട്ടുണ്ടെങ്കില്‍ അയാള്‍ എന്ത് അതിക്രമവും കാണിക്കും. ഏതു നിരപരാധിയെയും കുത്തിയോ വെടിവെച്ചോ മലര്‍ത്തിയിടും. ചില മതവിഭാഗങ്ങളോട് തീര്‍ത്താല്‍തീരാത്ത പക വച്ചുപുലര്‍ത്തും. ഇത് ഹിന്ദുവിന്റെ ശാന്തി മന്ത്രവും സനാതന ധര്‍മവും മറന്ന് രാഷ്ട്രീയ ഹിന്ദുത്വം സ്വാംശീകരിച്ചതിന്റെ വിനയാണ്. ഹൈന്ദവ വേദങ്ങള്‍ക്കും പുരാണങ്ങള്‍ക്കും ശ്രുതികള്‍ക്കും സ്മൃതികള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കില്‍ രാഷ്ട്രീയ ഹിന്ദുത്വം രൂപംകൊണ്ടിട്ട് ഒരു നൂറ്റാണ്ട് തികഞ്ഞിട്ടില്ല. വലിയ അവതാരങ്ങളും ആചാര്യന്‍മാരും മഹര്‍ഷിമാരുമാണ് ഹൈന്ദവ ധര്‍മത്തിന്റെ സംസ്ഥാപകരും പരിഷ്‌കര്‍ത്താക്കളുമെങ്കില്‍ ഹിന്ദുത്വ ദര്‍ശനത്തിന്റെ സൂത്രധാരന്‍ വി.ഡി. സവര്‍കര്‍ എന്ന നിരീശ്വരവാദിയാണ്! ഹിന്ദുമതത്തില്‍നിന്ന് മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനംചെയ്യപ്പെട്ടവരെ തിരിച്ച് ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഒരു ഹിന്ദുരാഷ്ട്രത്തിനും ആഹ്വാനം ചെയ്ത സവര്‍ക്കര്‍ ഹിന്ദുത്വം എന്ന വാക്കിനെ ഒരു സംയുക്തമായ ഹിന്ദു മേല്‍വിലാസമായിക്കണ്ട് ഇതിനെ ഒരു സങ്കല്‍പിത രാഷ്ട്രമായി വിഭാവനംചെയ്തു. മാത്രമല്ല, ഹിന്ദു സാംസ്‌കാരികതയെ ദേശീയതയായി മാറ്റാന്‍ ശ്രമിച്ച, കുട്ടിക്കാലം മുതല്‍തന്നെ കടുത്ത വര്‍ഗീയ വിഷം ഉള്ളിലേറ്റി നടന്ന ബാല്യം. അവിഭക്ത ഇന്ത്യയില്‍ ആദ്യമായി ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ട് വച്ച വ്യക്തി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ജിന്ന പാക്കിസ്ഥാന്‍ വാദം ഉന്നയിച്ചപ്പോള്‍ ഹിന്ദുവും മുസ്‌ലിമും വ്യത്യസ്ത ദേശീയതകളാണെന്നും അതിനാല്‍ ജിന്നയുടെ വാദം അംഗീകരിക്കപ്പെടേണ്ടതാണെന്നും തുറന്നു പറഞ്ഞയാള്‍. 12 വയസ്സുള്ളപ്പോള്‍ തന്റെ ഗ്രാമത്തിലുള്ള മുസ്‌ലിം പള്ളി ആക്രമിക്കാന്‍ സുഹൃത്തുക്കളെയും കൂട്ടി മുന്നിട്ടിറങ്ങിയ ആള്‍. ഇയാളാണ് 1937 മുതല്‍ അഞ്ചു വര്‍ഷം അഖില്‍ ഭാരത് ഹിന്ദു മഹാസഭ‘എന്ന ബിജെപിയുടെ പൂര്‍വ ജന്‍മമായ പാര്‍ട്ടിയുടെ അധ്യക്ഷന്‍. ആധുനിക ഹിന്ദുത്വ സാമുദായിക കക്ഷികളുടെയെല്ലാം പ്രചോദകനും ആരാധ്യപുരുഷനുമാണിദ്ദേഹം. ഗാന്ധിജിയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢാലോചനാ സംഘത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ ഇദ്ദേഹം പ്രതിയാക്കപ്പെട്ടിരുന്നെങ്കിലും സ്വതന്ത്ര തെളിവുകളുടെ അഭാവത്താല്‍ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു. എന്നാല്‍, ഗാന്ധി വധത്തിനു പിന്നിലെ ഗൂഢാലോചനകളെ പറ്റി അന്വേഷിച്ച ജീവന്‍ലാല്‍ കപൂര്‍ കമ്മീഷന്‍ ഗൂഢാലോചനയില്‍ സവര്‍ക്കറുടെ പങ്കാളിത്തം സ്ഥിരീകരിച്ചു കൊണ്ട് ഇങ്ങനെ എഴുതി: എല്ലാ വസ്തുതകളും ഒരുമിച്ച് പരിശോധിച്ചാല്‍ സവര്‍ക്കറും സംഘവും നടത്തിയ ഗൂഡാലോചനയുടെ ഫലമായിരുന്നു ഗാന്ധിവധം എന്ന നിഗമനത്തിനല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല.” ആ സവര്‍ക്കറെയാണ് ബി.ജെ.പി അടക്കമുള്ള സംഘ് പരിവാര്‍ തോളിലേറ്റി നടക്കുന്നത്. 2003ല്‍ ബി.ജെ.പി ഭരണം വന്നപ്പോള്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രമുഖ സ്വാതന്ത്ര്യ സേനാനികളോടൊപ്പം സവര്‍ക്കറുടെ പടവും പ്രതിഷ്ഠിച്ചു. ഇപ്പോഴും സ്വാതന്ത്ര്യ സമര സേനാനികളുടെ കൂടെ അറിഞ്ഞും അറിയാതെയും പലരെയും ഇദ്ദേഹത്തെ തിരുകിക്കയറ്റുന്നത് കാണാം. ജയിലിലായിരിക്കെ നിരവധി തവണ ബ്രിട്ടീഷ് സര്‍ക്കാറിനു മാപ്പെഴുതിക്കൊടുത്ത അദ്ദേഹം ഒരിക്കല്‍ എഴുതിയ മാപ്പിന്റെ ഉള്ളടക്കം ഇങ്ങനെയാണ്: എനിക്ക് ഉചിതമായ വിചാരണയും നീതിപൂര്‍വമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളില്‍ ചെയ്തു പോയ അക്രമങ്ങളെ ഞാന്‍ ഹൃദയം കൊണ്ട് അത്യധികം വെറുക്കുകയും എന്നാല്‍ കഴിയുംവിധം ബ്രിട്ടീഷ് നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിനു വിധേയമാവുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്നു മനസ്സിലാക്കുകയും ചെയ്യുന്നു.”ബ്രിട്ടീഷ് ഗവണ്‍മെന്റ് അവരുടെ അപാരമായ ഔദാര്യത്താലും ദയാവായ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കില്‍, നവോത്ഥാനത്തിന്റെ പരമോന്നതരൂപമായ ഇംഗ്ലീഷ് ഗവണ്മെന്റിന്റെ ശക്തനായ വക്താവായി ഞാന്‍ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂര്‍ണ വിധേയത്വം ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്യും.” ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പൈതൃകവാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണു മുടിയനായ പുത്രനു മടങ്ങി വരാനാവുക! ബ്രിട്ടീഷ് ഗവണ്മെന്റിനു മാത്രമേ അത്രയും കാരുണ്യം കാണിക്കാനാകൂ. ഈ സവര്‍ക്കറുടെ ഉറ്റ അനുയായിയും രഹസ്യസൂക്ഷിപ്പുകാരനുമായിരുന്നു, ഗാന്ധി വധത്തിലെ പ്രധാന പ്രതിയെന്ന നിലയില്‍ വധശിക്ഷ നല്‍കപ്പെട്ട നാഥുറാം വിനായക് ഗോഡ്‌സേ. ഗാന്ധി വധത്തിനു തൊട്ടുമുമ്പുള്ള നാളുകളില്‍ ഇയാള്‍ പലവട്ടം സവര്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയതായി സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സവര്‍ക്കര്‍ പ്രസിഡന്റായിരുന്ന ഹിന്ദു മഹാസഭയുടെ മാത്രമല്ല, മരണംവരെ ആറെസ്സെസ്സിന്റെയും സജീവ പ്രപ്രവര്‍ത്തകനായിരുന്നു ഗോഡ്‌സേയെന്നും അയാള്‍ ആര്‍.എസ്.എസ് ബന്ധം പില്‍ക്കാലത്ത് ഉപേക്ഷിച്ചിരുന്നുവെന്ന വാദം ശുദ്ധ നുണയാണെന്നും നിരവധി കൃതികള്‍ സമര്‍ത്ഥിക്കുന്നുണ്ട്. മാത്രമല്ല, സവര്‍ക്കറുടെ വര്‍ഗീയ അജണ്ഡകളുടെയും സങ്കുചിത ദേശീയതയുടെയും നേര്‍രേഖയാണ് ആര്‍.എസ്.എസ് എന്ന കാര്യത്തിലും ചരിത്രബോധമുള്ള ആര്‍ക്കും സംശയമുണ്ടാവില്ല. രണ്ടു വിചാരധാരകളുടെ പ്രതീകങ്ങളാണ് ഗാന്ധിജിയും സവര്‍ക്കറും. ഒരാള്‍ ഇന്ത്യയുടെ വൈവിധ്യവും വിശാലവീക്ഷണവും നിലനിര്‍ത്തി സമവായത്തിന്റെ വഴിയില്‍ ഇന്ത്യ മുന്നേറണമെന്നഭിലഷിച്ചപ്പോള്‍, മറ്റെയാള്‍ സങ്കുചിത ദേശീയതയും പരമതവിദ്വേഷവും കൈമുതലാക്കിയ ഹിന്ദു രാഷ്ട്രവാദത്തിന്റെ വക്താവും പ്രയോക്താവുമായി അവസാനം വരെ ജീവിച്ചു. ഒരാള്‍ വെളിച്ചത്തിന്റെ ദ്വജവാഹകനായി ജീവിച്ചപ്പോള്‍ അപരന്‍ ഇരുട്ടിന്റെ ഉപാസകനായി ജീവിക്കാന്‍ ഇഷ്ടപ്പെട്ടു. ദൗര്‍ഭാഗ്യവശാല്‍ ഈ ദ്വിതീയ വീക്ഷണമാണ് വര്‍ത്തമാന ഇന്ത്യയില്‍ ആധിപത്യംനേടിയത്. അവരുടെ കൈകളിലാണ് ഭരണവും അനുബന്ധ സംവിധാനങ്ങളും. ഇപ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്ന ഗാന്ധിസ്‌നേഹം കപടവും താല്‍ക്കാലികവുമാണ്. സവര്‍ക്കര്‍ സ്വപ്‌നം കണ്ട ഹിന്ദു രാഷ്ട്രത്തിലേക്ക് പാഞ്ഞടുക്കാനുളള ധൃതിയിലാണവര്‍. അതിനാവശ്യമായ കരുനീക്കങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. വാര്‍ത്താ മാധ്യമങ്ങളെ വിലക്കിയും വിലയ്‌ക്കെടുത്തും അവര്‍ കാര്യം നേടുന്നു. ആദ്യപടിയായി മുസ്‌ലിംവിരോധമാണ് ഇവര്‍ പ്രകടിപ്പിക്കുന്നതെങ്കിലും അടുത്ത പടി ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും തുടര്‍ന്ന് സവര്‍ണരല്ലാത്ത എല്ലാവരും അവരുടെ പ്രതിസ്ഥാനത്താണ്. മനുസ്മൃതി വിഭാവനംചെയ്ത സാമൂഹിക വ്യവസ്ഥിതിയിലേക്കാണ് അവരുടെ പ്രയാണം. അതിന് ഗാന്ധിജി പ്രതിബന്ധമായപ്പോള്‍ അവര്‍ ഗാന്ധിജിയെ കൊന്നു. ബാബ്‌രി മസ്ജിദ് തകര്‍ച്ച അവരുടെ പ്രയാണത്തിന് ആക്കംകൂട്ടുമെന്നായപ്പോള്‍ അവര്‍ മസ്ജിദ് തകര്‍ത്തു. ചരിത്രത്തിലെ ഓരോ സ്മാരകങ്ങളും ചിഹ്നങ്ങളും മായ്ച്ചുകളഞ്ഞാലേ ഐതിഹ്യങ്ങളുടെ ഭാരതം യാഥാര്‍ത്ഥ്യമാക്കാനാവൂ എന്നവര്‍ക്കറിയാം. നാളെ സവര്‍ക്കര്‍ രാഷ്ട്രപിതാവും ഗോസ് സേ വീരപുരുഷനായും വാഴ്ത്തപ്പെട്ടാലും അല്‍ഭുതം തോന്നാത്തവിധം ഇന്ത്യന്‍ മനസ്സിനെ പാകപ്പെടുത്തുന്ന പ്രക്രിയയില്‍ സംഘ്പരിവാര്‍ വിജയിക്കുകയാണോ?