കപ്പലില്‍ വിള്ളലുണ്ടാക്കുന്നവരെ കരുതിയിരിക്കുക
സമകാലിക സമൂഹത്തില്‍ ശരിതെറ്റുകളുടെ അളവുകോല്‍ മാറുകയാണോ? നന്‍മതിന്‍മകളുടെ മാനദണ്ഡങ്ങള്‍ മാറിമറിയുകയാണോ? മിന്നുന്നതെല്ലാം പൊന്നല്ലന്ന് ചൊല്ലിപ്പഠിച്ച നാം, മിന്നാട്ടങ്ങളില്‍ സ്വര്‍ഗം തേടിപ്പോകുന്ന ചിലരെ കണ്ടു പകച്ചു നില്‍ക്കുകയാണ്. അര്‍ഹതയുള്ളവര്‍ക്ക് ആദരവില്ല. അനര്‍ഹരെ പൊക്കിപ്പിടിച്ചു പുരപ്പുറത്ത് കയറ്റിയിരുത്തുന്നതില്‍ ഒരു മടിയുമില്ല. ഒറിജിനല്‍ വേലിക്ക് പുറത്ത്. ഡ്യൂപ്പുകള്‍ മാന്യതയുടെ ഉടയാടകളണിഞ്ഞു വിലസുന്നു. കഴിവുകള്‍ അംഗീകരിക്കപ്പെടണം, അത് വിലമതിക്കണം. പക്ഷെ, പിരാന്തിന് ഉചിതമായ ചികില്‍സ ലഭിക്കണം. പ്രകൃതി വിരുദ്ധ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പൗരാവകാശത്തിന്റെയും പേരില്‍ വിലസാനും വിളയാടാനും വിട്ടാല്‍ സമൂഹത്തില്‍ അരാജകത്വവും ആശയക്കുഴപ്പവും അഴിഞ്ഞാട്ടവുമായിരിക്കും ഫലം. അവര്‍ക്ക് സമാന ചിന്താഗതി പുലര്‍ത്തുന്നവരുടെ മുന്നില്‍ ഹീറോ പരിവേഷം ലഭിക്കും. അവര്‍ നേതാക്കളായി ഉയര്‍ന്നേക്കാം. നാളെ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചാല്‍ അവര്‍ വിജയിച്ചേക്കാം. അങ്ങനെ എം പിയോ മന്ത്രിയോ ഭരണാധികാരിയോ ആകാം. പിന്നെ അത്തരക്കാര്‍ നമ്മെ ഭരിക്കും. വര്‍ത്തമാനകാലത്തെ ചില കോമാളികള്‍ക്കും പീറ കഥാപാത്രങ്ങള്‍ക്കും ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് ന്യൂ ജെന്‍ ചെറുപ്പക്കാരില്‍ ലഭിക്കുന്ന സ്വീകാര്യതയും ഭ്രമവും കണ്ടപ്പോഴാണ് ഇങ്ങനെ ആലോചിക്കേണ്ടി വന്നത്. ബുദ്ധിയുള്ളവരേക്കാള്‍ കുബുദ്ധിയും കുരുട്ടുവിദ്യയും വിദഗ്ധമായി പ്രകടിപ്പിക്കുന്നവരെയാണ് ജനങ്ങള്‍ക്കിഷ്ടം. പൊതുബോധത്തെ ചോദ്യം ചെയ്യുന്നവരെയും ഒറ്റപ്പെട്ടതും വികൃതവുമായ ഭാവഹാവാദികള്‍ പ്രകടിപ്പിക്കുന്നവരെയും സമൂഹത്തിലെ ചില പ്രത്യേക മാനസികാവസ്ഥയുള്ളവര്‍ക്ക് ഇഷ്ടമാണ്. ഹരമാണ്. അത്തരം വൈകൃത്യങ്ങളുടെ അംശങ്ങള്‍ തങ്ങളുടെ അകതാരില്‍ ഉള്ളതുകൊണ്ടാകാമിത്. ഓരോരുത്തരുടെയും ഇഷ്ടത്തിന്റെ മാനദണ്ഡവും അതാണല്ലോ. ഇത്തരം മാനസിക വൈകൃത്യങ്ങള്‍ ഉള്ളവര്‍ക്ക് വളര്‍ന്ന് വരാനും വിലസി നടക്കാനും പറ്റിയ വ്യവസ്ഥിതിയാണ് നിലവിലുള്ളത്. വെസ്‌റ്റേണ്‍ ഡമോക്രസിയുടെ വലിയ ലൂപ് ഹോളും അതാണ്. ഏത് അണ്ടനും അടകോടനും ഇവിടെ ജയിക്കാം. ഭരിക്കാം. എതിരാളി വലിയ മാന്യനും ബുദ്ധിജീവിയുമാണെങ്കിലും വോട്ട് കിട്ടിയില്ലെങ്കില്‍ അയാള്‍ മൂലയിലിരിക്കും. ലിബറലിസം വലിയ അളവ് വരെ അപകടകരമായ വിതാനത്തിലേക്കാണ് സമൂഹത്തെ തള്ളിവിടുന്നത്. ആര്‍ക്കും എന്തുമാകാം. ചോദ്യം ചെയ്തു കൂടാ. ഗുണദോഷിച്ചു കൂടാ. ഓരോരുത്തര്‍ക്കും ശരിയെന്ന് തോന്നുന്നതാണ് അവരുടെ ശരി. തിരുനബി(സ) ഉയര്‍ത്തിക്കാട്ടിയ ഒരു കഥയുണ്ട്. വ്യക്തി താല്‍പ്പര്യങ്ങളേക്കാള്‍ പൊതുതാല്‍പ്പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയില്ലെങ്കില്‍ ഉണ്ടാകാവുന്ന വിനാശങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന കഥയാണത്. ഒരു കപ്പലില്‍ ചിലര്‍ യാത്ര പോകുന്നു. ചിലര്‍ കപ്പലിന്റെ മുകളിലെ തട്ടിലാണ്. മറ്റ് ചിലര്‍ താഴേ തട്ടിലും. എല്ലാവര്‍ക്കും ആവശ്യത്തിനുള്ള വെള്ളം മുകളിലെ തട്ടിലാണ്. ഓരോ തവണയും മുകളില്‍ കയറി വെള്ളവുമായി വരുമ്പോഴുള്ള പ്രയാസം മുന്നില്‍ കണ്ടു ചിലര്‍ ചിന്തിച്ചു. എന്തിന് മുകളില്‍ കയറണം? കപ്പലിന്റെ ഭിത്തിയില്‍ ഒരു ദ്വാരമുണ്ടാക്കിയാല്‍ വെള്ളം താഴെയുള്ളവര്‍ക്ക് ലഭിക്കുമല്ലോ. മുകളിലുള്ളവരെ ശല്യപ്പെടുത്തുകയും വേണ്ട. ഇവരുടെ വിചാരം കൊള്ളാം. പക്ഷെ, അത് ഫലപ്രദമോ പ്രായോഗികമോ അല്ല. മറിച്ച് അപകടകരവും സുരക്ഷയ്ക്ക് ഭീഷണിയുമാണ്. അവരെ അതില്‍നിന്ന് തടഞ്ഞാല്‍ അവരും മുകളിലുള്ളവരും രക്ഷപ്പെടും. അവരെ പാട്ടിന് വിട്ടാല്‍ കപ്പല്‍ മുങ്ങും. ഇരു കൂട്ടരും മുങ്ങി മരിക്കുകയും ചെയ്യും. ഇത് തന്നെയാണ് സമൂഹത്തിന്റെയും അവസ്ഥ. ഓരോരുത്തര്‍ക്കും തോന്നുന്ന ശരിക്കൊത്ത് കാര്യങ്ങള്‍ നടന്നാല്‍ ഇവിടെ അരാചകത്വവും തകര്‍ച്ചയുമാകും ഫലം. എല്ലാം തകര്‍ന്നടിഞ്ഞ ശേഷം വിലപിച്ചിട്ട് കാര്യമുണ്ടാകില്ല. ഉണരേണ്ടവര്‍ ഉണരേണ്ട സമയത്ത് ഉണരണം. ഇല്ലെങ്കില്‍ കൂട്ട നിലവിവിളിയാകും ഉയരുക. സമൂഹമാകുന്ന നൗകയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന ക്ഷുദ്ര ശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്.